യുഎസിന്റെ മധ്യമേഖലകളില്‍ അതിശക്തമായ ചുഴലിക്കാറ്റ് ഭീഷണി; വന്‍ നാശനഷ്ടത്തിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

MAY 17, 2026, 8:04 PM

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മധ്യമേഖലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും വിനാശകരമായ ചുഴലിക്കാറ്റുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് മാസത്തിന്റെ തുടക്കം ശാന്തമായിരുന്നെങ്കിലും, നിലവിലെ അന്തരീക്ഷ വ്യതിയാനങ്ങള്‍ പ്ലെയിന്‍സ്, മിഡ്വെസ്റ്റ് മേഖലകളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന ഈ പ്രതിഭാസം, വസന്തകാലത്ത് ഈ പ്രദേശങ്ങളില്‍ ഉണ്ടാകാറുള്ളതില്‍ വെച്ച് ഏറ്റവും അപകടകരമായ കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇഎഫ്3 (EF3) അല്ലെങ്കില്‍ അതിലും ഉയര്‍ന്ന തീവ്രതയുള്ള ചുഴലിക്കാറ്റുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വന്‍ നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള വലിയ ആലിപ്പഴ വീഴ്ചയ്ക്കുെം സാധ്യത ഉണ്ട്. മണിക്കൂറില്‍ 80 മൈലിലധികം വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

കാലാവസ്ഥാ പ്രവചനം

ഞായറാഴ്ച: ആദ്യ ചുഴലിക്കാറ്റ് സ്ഥിരീകരിച്ചു

നെബ്രാസ്‌ക, തെക്ക് കിഴക്കന്‍ സൗത്ത് ഡക്കോട്ട എന്നീ മേഖലകളില്‍ ഞായറാഴ്ച ഉച്ചയോടെ തന്നെ കൊടുങ്കാറ്റ് ശക്തമായി. നെബ്രാസ്‌കയിലെ ഗ്രാന്‍ഡ് ഐലന്‍ഡിന് വടക്ക് ഒരു ടൊര്‍ണാഡോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാഹ, ലിങ്കണ്‍, സിയോക്‌സ് സിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഏകദേശം മൂന്ന് ദശലക്ഷത്തോളം ആളുകളാണ് നിലവില്‍ ടൊര്‍ണാഡോ നിരീക്ഷണ പരിധിയിലുള്ളത്. രാത്രിയോടെ കൊടുങ്കാറ്റ് കൂടുതല്‍ ശക്തമാകാനും മണിക്കൂറില്‍ 80 മൈലില്‍ കൂടുതല്‍ വേഗതയുള്ള കാറ്റായി മാറാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച: ഏറ്റവും അപകടകരമായ ദിവസം

തിങ്കളാഴ്ചയോടെ അന്തരീക്ഷത്തിലെ ഈര്‍പ്പവും ജെറ്റ് സ്ട്രീം ഊര്‍ജ്ജവും ഒത്തുചേരുന്നതിനാല്‍ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് വ്യാപകമാകും. ഉച്ചകഴിഞ്ഞ് രൂപപ്പെടുന്ന 'സൂപ്പര്‍സെല്ലുകള്‍' ഇഎഫ് 2 അല്ലെങ്കില്‍ അതിലും ശക്തമായ ചുഴലിക്കാറ്റുകളായി മാറാന്‍ സാധ്യതയുണ്ട്. മധ്യ-കിഴക്കന്‍ കന്‍സാസ്, തെക്കുകിഴക്കന്‍ നെബ്രാസ്‌ക, വടക്കുപടിഞ്ഞാറന്‍ മിസോറി എന്നിവിടങ്ങളാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍. രാത്രികാലങ്ങളിലും ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ചൊവ്വാഴ്ച: ഭീഷണി കിഴക്കോട്ട് നീങ്ങുന്നു

ചൊവ്വാഴ്ചയോടെ വടക്കന്‍ ടെക്‌സസ് മുതല്‍ മിഷിഗണ്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് ഇടിമിന്നല്‍ വ്യാപിക്കും. എന്നാല്‍, താപനില കുറയുന്നതോടെ ചൊവ്വാഴ്ച ചുഴലിക്കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. എങ്കിലും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും വലിയ ഭീഷണിയായി തുടരും.

തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ ഭീഷണി

മധ്യമേഖലകളില്‍ ചുഴലിക്കാറ്റിന് കാരണമാകുന്ന അതേ അന്തരീക്ഷാവസ്ഥ തന്നെയാണ് സതേണ്‍ ഹൈ പ്ലെയിന്‍സില്‍ കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുന്നത്.

തെക്കുപടിഞ്ഞാറന്‍ കന്‍സാസ്, ടെക്‌സസ് പാന്‍ഹാന്‍ഡില്‍, വടക്കുകിഴക്കന്‍ ന്യൂ മെക്‌സിക്കോ എന്നീ പ്രദേശങ്ങളില്‍ കാട്ടുതീ പടരാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂ മെക്‌സിക്കോയുടെ ഭൂരിഭാഗം പ്രദേശങ്ങളും ലെവല്‍ 2 ഭീഷണിയുടെ പരിധിയിലാണ്.

മണിക്കൂറില്‍ 25 മുതല്‍ 30 മൈല്‍ വരെ വേഗതയിലും, ചിലയിടങ്ങളില്‍ 50 മൈല്‍ വേഗതയിലും വീശുന്ന വരണ്ട കാറ്റും, 10 ശതമാനത്തില്‍ താഴെയുള്ള അന്തരീക്ഷ ആര്‍ദ്രതയും കാട്ടുതീ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതിവേഗം പടരാന്‍ കാരണമാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് നല്‍കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam