ടെക്സാസിലെ അതിർത്തി നഗരമായ എൽ പാസോ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ ഏഴ് മണിക്കൂറിലധികം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സൈന്യത്തിന്റെ രഹസ്യ ലേസർ അധിഷ്ഠിത ആന്റി-ഡ്രോൺ സംവിധാനം വാണിജ്യ വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണിയാകാമെന്ന ആശങ്കയെ തുടർന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഈ തീരുമാനം എടുത്തത്.
രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ എൽ പാസോ അന്താരാഷ്ട്ര വിമാനത്താവളം പെട്ടെന്ന് അടച്ചതോടെ നിരവധി യാത്രക്കാർ കുടുങ്ങുകയും മെഡിക്കൽ എവാക്വേഷൻ വിമാനങ്ങൾ പോലും തടസ്സപ്പെടുകയും ചെയ്തു. ആദ്യം “പ്രത്യേക സുരക്ഷാ കാരണങ്ങൾ” ചൂണ്ടിക്കാട്ടി 10 ദിവസത്തേക്ക് നിയന്ത്രണം തുടരുമെന്ന് FAA അറിയിച്ചെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.
സർക്കാർ-എയർലൈൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഫോർട്ട് ബ്ലിസിൽ സ്ഥാപിച്ച സൈനിക ആന്റി-ഡ്രോൺ സംവിധാനം വിമാന ഗതാഗതത്തിന് അപകടമാകാമെന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണം. FAA അനുമതി ലഭിക്കുന്നതിന് മുമ്പ് സൈന്യം സംവിധാനം പരീക്ഷിക്കാൻ മുന്നോട്ട് പോയതോടെയാണ് വിമാന ഗതാഗതം നിർത്തിവെച്ചത്.
കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്താൻ സൈന്യം സമ്മതിച്ചതോടെ FAA നിയന്ത്രണങ്ങൾ പിൻവലിക്കുകയും സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു. ഈ അടച്ചുപൂട്ടൽ വൈറ്റ് ഹൗസിനെയും അമ്പരപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
മെക്സിക്കൻ മയക്കുമരുന്ന് സംഘത്തിന്റെ ഡ്രോൺ കടന്നുകയറ്റമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞത്. എന്നാൽ സാധാരണ ഇത്തരത്തിലുള്ള സംഭവങ്ങളിൽ ചെറിയ ഇടവേള മാത്രമേ ഉണ്ടാകാറുള്ളുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സെനറ്റർമാർ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് രഹസ്യ ബ്രീഫിംഗ് ആവശ്യപ്പെട്ടു. എൽ പാസോ മേയർ റെനാർഡ് ജോൺസൺ FAA പ്രാദേശിക അധികാരികളെ മുൻകൂട്ടി അറിയിക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് വിമർശിച്ചു.
സൗത്ത്‌വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് എന്നിവയുടെ നിരവധി വിമാനങ്ങൾ ആണ് തടസ്സപ്പെട്ടത്. വർഷത്തിൽ ഏകദേശം 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളമാണിത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. അതേസമയം യുഎസ്–മെക്സിക്കോ അതിർത്തിയിൽ ഡ്രോൺ ഉപയോഗം വർധിച്ചുവരുന്നതായി സുരക്ഷാ വൃത്തങ്ങൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
