ഗീതാമണ്ഡലത്തിൽ കർണികാരപ്പൂക്കളുടെ സ്വർണ്ണപ്രഭ സാക്ഷിയായി മഹാവിഷു ആഘോഷങ്ങൾ

APRIL 12, 2026, 10:20 PM

കൊന്നപ്പൂക്കളുടെ നിറശോഭയിൽ പൂത്തുനിന്ന ഗീതാമണ്ഡലം സെന്ററിൽ ഷിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്, ഒരിക്കലും മറക്കാനാവാത്ത മഹാവിഷു ഉത്സവംആണ്. ഈ വർഷത്തെ മഹാവിഷു ഏപ്രിൽ11, ശനിയാഴ്ച രാവിലെ മേൽശാന്തി കൃഷ്ണൻ സ്വാമികളുടെ കാർമ്മികത്വത്തിൽ മഹാഗണപതി പൂജകളോടെയാണ് ഈ വർഷത്തെ മഹാവിഷു പൂജകൾ ആരംഭിച്ചത്.

തുടർന്ന് സിദ്ധാർഥ് വിനോദ്, നിഥിൻ ശ്രീനിവാസൻ, അനിരുദ്ധ് തരൂർ എന്നി പ്രതിഭകളുടെ നേതൃത്വത്തിൽ വളർന്നു വരുന്ന രാഗ ഹൂക് ബാൻഡിന്റെ ഭക്തി സംഗീതത്തോടെയാണ് നടതുറന്നത്. അതിനുശേഷം കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ  വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓർമ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സർവ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാൽക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കൺമഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും, ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ഈ വർഷം ഷിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.


vachakam
vachakam
vachakam

ഉണ്ണിക്കണ്ണനായി മാറിയ കുമാരി 'ഇള ഈശ്വരി പ്രവീൺ', ഭക്തമനസ്സിനെ ആനന്ദത്തിൽ ആറാടിച്ചു. വിഷുദിനത്തിൽ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വർഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുട്ടികൾക്കും മുതിർന്നവർക്കും മാതൃവാത്സല്യത്തിന്റെ നിറദീപമായ കമലാക്ഷിയമ്മ വിഷു കൈനീട്ടം നൽകി. തുടർന്ന് ശ്രീകൃഷ്ണ ലീലകൾ കോർത്തിണക്കി ഭഗവാന് സമർപ്പിച്ച  നൃത്തങ്ങൾ ഭക്തമനസ്സുകളെ ആഹ്‌ളാദത്തിൽ ആറാടിച്ചു.

തുടർന്ന് ഗീതാമണ്ഡലം അങ്കണത്തിൽ ഒരുക്കിയ പ്രതേക വേദിയിൽ കുടുംബങ്ങളുടെ കലാമേളകൾ ഈ വർഷത്തെ വിഷുവിന് മാറ്റ് കൂട്ടി. വിവിധക്കറിക്കൂട്ടുമായി കുത്തരിച്ചോറും പായസവുമായി ഒരുക്കിയ വിഷുസദ്യയും സത് ജനങ്ങൾക്ക് പ്രത്യേക അനുഭൂതി നൽകി.


vachakam
vachakam
vachakam

ഈ വർഷത്തെ ഷിക്കാഗോയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗീതാമണ്ഡലം അംഗീകാരം ഏഷ്യാനെറ്റിലെ അലൻ ജോർജിന്, പ്രസിഡന്റ് അപ്പുക്കുട്ടൻ നൽകി. ഇത് പോലുള്ള ആത്മീയമായ ഒത്തു ചേരലുകളിലൂടെ മാത്രമേ അവയുടെ പിന്നിലെ സനാതന സത്യം അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുവാൻ കഴിയുകയുള്ളൂ എന്നും അതിനാലാണ് നമ്മുടെ സംസ്‌കൃതി അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുന്ന തരത്തിൽ വിശേഷ ദിനങ്ങൾ കേരളത്തനിമയിൽ തന്നെ ആഘോഷിക്കുവാൻ ശ്രമിക്കുന്നത് എന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ ശേഖരനും വിഷു ദീപം തെളിയുമ്പോൾ, അത് പുറത്തെ പ്രകാശം മാത്രമല്ല നമ്മുടെ ഉള്ളിലെ അജ്ഞാനത്തിന്റെ ഇരുട്ടിനെയും നീക്കുന്ന ജ്ഞാനദീപമാണ് എന്നും. ഈ പുതുവർഷത്തിൽ, സത്യവും ധർമ്മവും നമുക്ക് എല്ലാവർക്കും വഴികാട്ടിയായി മാറട്ടെ എന്ന് ഡോക്ടർ വിശ്വനാഥനും തദവസരത്തിൽ പറഞ്ഞു.  

ഈ വർഷത്തെ വിഷു ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ രവി നായർക്കും പൂജകൾക്ക്  നേതൃത്വം നൽകിയ രവീന്ദ്രൻ ദിവാകരനും മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾക്കും, വിഷു കൈനീട്ടം സ്‌പോൺസർ ചെയ്ത അശോകൻ കൃഷ്ണനും, ഈ വർഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാൻ സഹകരിച്ച എല്ലാ ബോർഡ് അംഗങ്ങൾക്കും, ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും, വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു.

വൈകുന്നേരം ഗീതാമണ്ഡലം തറവാട്ടിൽ കുട്ടികൾ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2026 ലെ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam