ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പ് ഓഹരികളില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി നടത്തിയ 3.9 ബില്യന്‍ ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ) നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'രക്ഷാപദ്ധതി'യെന്ന് ആരോപിച്ച് വാഷിങ്ടണ്‍ പോസ്റ്റ്. യുഎസ് ഏജന്‍സികള്‍ കൈക്കൂലിക്കേസ് ആരോപിക്കുകയും യുഎസ്, യൂറോപ്യന്‍ ബാങ്കുകള്‍ അദാനിയുടെ വായ്പാ അപേക്ഷ നിരസിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു എല്‍ഐസി മുഖേന കേന്ദ്രസര്‍ക്കാരിന്റെ ഈ നിക്ഷേപ സഹായമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
അതേസമയം എല്‍ഐസിയുടെ ഫണ്ട് ദുരുപയോഗമാണ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് 15 വര്‍ഷക്കാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ (എന്‍സിഡി) പുറത്തിറക്കിയപ്പോള്‍ വാങ്ങിയത് എല്‍ഐസി മാത്രമായിരുന്നു. 7.75% നേട്ടം (റിട്ടേണ്‍) ഉറപ്പുനല്‍കുന്ന കടപ്പത്രങ്ങളായിരുന്നു അത്. അദാനിക്ക് ഡോളറില്‍ തീര്‍ക്കേണ്ട കടബാധ്യതകള്‍ക്കായി പണം ആവശ്യമായിരുന്ന സമയത്തായിരുന്നു എല്‍ഐസി നിക്ഷേപമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
എല്‍ഐസി, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിഎഫ്എസ്) തുടങ്ങിയവയില്‍ നിന്നുള്ള രേഖകള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ കടപ്പത്രങ്ങളിലെ എല്‍ഐസി നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ധനമന്ത്രാലയം പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് എല്‍ഐസി എക്‌സിലൂടെ പ്രതികരിച്ചു. അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരു നിക്ഷേപ പദ്ധതിയും തയാറാക്കിയിട്ടില്ല. നിക്ഷേപ തീരുമാനങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതിയോടെ എല്‍ഐസി സ്വതന്ത്രമായാണ് എടുക്കുന്നത്. അത് നിയമപ്രകാരവുമാണ്. കേന്ദ്രസര്‍ക്കാരോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസോ അതില്‍ ഇടപെടാറില്ല. എല്‍ഐസിയെയും ഇന്ത്യയുടെ ശക്തമായ ധനകാര്യ മേഖലയെയും താറടിക്കാനുദ്ദേശിച്ചുള്ളതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടെന്നും എല്‍ഐസി പ്രതികരിച്ചു.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. എല്‍ഐസിയുടെ തീരുമാനങ്ങളില്‍ അദാനി ഗ്രൂപ്പ് ഇടപെട്ടിട്ടില്ല. എല്‍ഐസി പല കോര്‍പറേറ്റ് സ്ഥാപനങ്ങളിലും നിക്ഷേപിക്കുന്ന സ്ഥാപനമാണ്. അദാനിക്ക് എന്തെങ്കിലും മുന്‍ഗണന എല്‍ഐസി നല്‍കിയെന്ന തരത്തിലെ റിപ്പോര്‍ട്ട് അവാസ്തവവുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
