മലയാളിയുടെ മികവിനു അംഗീകാരം: കേരള സെന്റർ അവാർഡ് അഭിമാനമായി

OCTOBER 23, 2024, 10:19 AM

ന്യൂയോർക്ക്: കേരള സെന്ററിന്റെ മുപ്പത്തിമൂന്നാമത് അവാർഡ് ദാന ചടങ്ങ് ഹൃദയഹാരിയായി. സ്വന്തമായി വലിയ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന് ഏറെ നന്മകൾ ചെയ്യുകയും ചെയ്ത എട്ടു പേരെ കണ്ടെത്തി അവാർഡുകൾ നൽകി ആദരിച്ചത് മലയാളി സമൂഹത്തിന് മാതൃകയും പ്രചോദനവുമായി. അവാർഡ് കമ്മിറ്റി ചെയർ ഡോ. തോമസ് ഏബ്രഹാമിന്റെ ആമുഖത്തോടെ ചടങ്ങുകൾ ആരംഭിച്ചു. എം.സി ഡെയ്‌സി സ്റ്റീഫനെ അദ്ദേഹം ക്ഷണിച്ചു.  1999 ലും, 2020ൽ കോവിഡ് കാലത്തും മാത്രമാണ് അവാർഡ് മുടങ്ങിയതെന്ന് ഡയ്‌സി സ്റ്റീഫൻ പറഞ്ഞു.

ഇതിനകം 185 പേർക്ക് അവാർഡുകൾ നൽകിയതായി ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. ശശി തരൂർ, കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ എന്നിവരൊക്കെ അതിൽപ്പെടും. അവാർഡ് ജേതാക്കൾ പിന്നീട് കൂടുതൽ ഉയർച്ചയിലെത്തുന്നതും നമ്മൾ കണ്ടു. റിയ അലക്‌സാണ്ടർ ദേശീയ ഗാനങ്ങൾ ആലപിച്ചു. കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്റെ സ്വാഗതത്തിനു ശേഷം നൂപുരയുടെ പൂജാ ഡാൻസ് അരങ്ങേറി. സുവനീർ കമ്മിറ്റി ചെയർ പി.റ്റി. പൗലോസ്, മേരി ഫിലിപ്പ്, ജി. മത്തായി, ഏബ്രഹാം തോമസ്, രാജു തോമസ് എന്നിവർ സുവനീറിന്റെ കോപ്പി ജമിനി തോമസിന് നൽകി പ്രകാശനം ചെയ്തു. അവാർഡ് നിർണയ രീതിയെപ്പറ്റി ഡോ. തോമസ് ഏബ്രഹാം നൽകിയ വിവരണത്തിനുശേഷം പബ്ലിക് സർവീസിനുള്ള അവാർഡ് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ന്യൂജേഴ്‌സി ഗവൺമെന്റ് ഇന്ത്യാ കമ്മീഷൻ ചെയർമാനും വിവിധ ബോർഡുകളിൽ അംഗവുമായ വെസ്ലി മാത്യൂസിന് സമ്മാനിച്ചു. വലിയ ഭാവിയുള്ള യുവാവാണ് വെസ്ലിയെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

ഒരു സ്റ്റേറ്റ് മഹത്തരമാകുന്നത് (ഗ്രേറ്റ്) അവിടെയുള്ള ജനങ്ങൾ എത്ര മഹത്തുക്കൾ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. വെസ്ലി മാത്യൂസിന് സെനറ്റർ കെവിൻ നൽകിയ ബഹുമതി പത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. മറുപടി പ്രസംഗത്തിൽ മറ്റുള്ളവരെ സഹായിക്കാത്ത ജീവിതം വ്യർത്ഥമാണെന്ന അടിക്കുറിപ്പോടെ മദർ തെരേസായുടെ ഒരു ചിത്രം തന്റെ ഡാളസിലെ വീട്ടിലുള്ളത് വെസ്ലി മാത്യൂസ് ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽ തന്റേയും സഹോദരിയുടേയും മനസിൽ അത് മായാത്ത ഓർമയായി. നമ്മുടെ മുൻ തലമുറയുടെ ത്യാഗത്തിലാണ് നമ്മുടെ ജീവിതം കെട്ടിപ്പെടുത്തിരിക്കുന്നത്. അവസരങ്ങൾ തേടി വന്നതിനാൽ  അവർ അത്രയൊന്നും സിവിക് മൈൻഡഡ് ആയിരുന്നില്ല.

ഡാളസിൽ ജനിച്ചുവളർന്ന താൻ ചെറുപ്പത്തിൽ റേസിസം അനുഭവിച്ചിട്ടുണ്ട്. സ്‌കൂൾ സിസ്റ്റത്തിൽ തെന്നെപ്പോലുള്ളവർ നാലു പേരെ അന്നുണ്ടായിരുന്നുള്ളൂ. അന്ന് എന്റെ പൈതൃകത്തെപ്പറ്റി അഭിമാനം തോന്നിയില്ല. എന്നാൽ പിതാവിന്റെ കൈയ്യിൽ നിന്ന് ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും പുസ്തകങ്ങൾ വാങ്ങി വായിച്ചതോടെ ആ ചിന്താഗതി മാറി. ഇന്ത്യൻ പതാക വാങ്ങി അമേരിക്കൻ പതാകയ്‌ക്കൊപ്പം ബെഡ്‌റൂമിൽ പ്രതിഷ്ഠിച്ചു. ഇന്നും അത് അവിടെയുണ്ട്. ഇന്ത്യൻ അമേരിക്കൻ ആണ് നാം. അതിൽ അഭിമാനം കൊള്ളുന്നവർ.


vachakam
vachakam
vachakam

താൻ ഇലക്ടഡ് അല്ല. സർക്കാർ ഉദ്യോഗസ്ഥനാണ്. സെനറ്റർ കെവിനും അസംബ്ലി വുമൺ മിക്കേൽ സൊളാജസും ഇലക്ടഡ് ആണ്. രണ്ടു വിഭാഗത്തിന്റെയും ലക്ഷ്യം സേവനം തന്നെ. തന്റെ സമപ്രായക്കാരനായ സെനറ്റർ കെവിനും വലിയ ഭാവിയുണ്ടെന്ന് വെസ്ലി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയ ജോൺസൺ സാമുവേലിന്റെ പ്രസംഗം ഏവരുടേയും ഹൃദയങ്ങളെ സ്പർശിക്കുന്നതായി. യൂത്ത് ഫോറം അംഗം ആനി അലസ്‌കാണ്ടർ അദ്ദേഹത്തെ പരിചയപ്പെടുത്തി. ജി. മത്തായി അവാർഡ് സമ്മാനിച്ചു. ജോണി സഖറിയ, വർഗീസ് ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.

പതിനേഴ് വയസിൽ അമേരിക്കയിലെത്തിയ താൻ 2011ൽ കേരളത്തിലെത്തിയപ്പോൾ കാലില്ലാത്ത ഒരാളെ കണ്ടത് ജോൺസൺ സാമുവേൽ അനുസ്മരിച്ചു. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. അമേരിക്കയിലെ കാലില്ലാത്തവർ കൃത്രിമ കാലിൽ നടക്കുന്നു. എന്തുകൊണ്ട് ഇന്ത്യയിൽ അത് പറ്റുന്നില്ല. അങ്ങനെ ഞങ്ങൾ അഞ്ച് കുടുംബാംങ്ങൾ ഓരോ വർഷവും പത്ത് കാലുകൾ നൽകാൻ തീരുമാനിച്ചു. 2014ൽ അത് തുടങ്ങി ആരെയും അറിയിച്ചില്ല. മൂന്നുവർഷം കഴിഞ്ഞപ്പോൾ പലരും അറിഞ്ഞു. അവരും സഹായിക്കാനെത്തി. ഇതുവരെ 204 പേർക്ക് കാൽ നൽകി. ഈവർഷം 100 പേർക്ക് കാൽ നൽകും.


vachakam
vachakam
vachakam

ജർമ്മൻ കമ്പനിയിൽ നിന്നു വാങ്ങുന്ന ഏറ്റവും മികച്ചതാണ് നൽകുന്നത്. അതിന് 2000 ഡോളർ വില വരും. കാലുകൾ നഷ്ടപ്പെടുന്നത് കൂടുതലും വാഹനാപകടത്തിലാണ്. അതോടെ അവർ ഡിപ്രഷനിലാകുന്നു. പിന്നെ ചിന്തിക്കുന്നത് ആത്മഹത്യയെപ്പറ്റിയാണ്. അതിനാൽ കാൽ നൽകുമ്പോൾ ജീവിതം ആണ് നൽകുന്നത്. കാലില്ലാത്തവരെ ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കണം. അവർക്ക് നാം കാൽ നൽകും. ഇത് തന്റെ സംഘടനയൊന്നുമല്ല. അതിനാൽ ആർക്കും സഹായിക്കാം. അലക്‌സ് എസ്തപ്പാൻ അപ്പോൾ തന്നെ 1000 ഡോളർ നൽകി. കേരള സെന്ററിന്റെ സഹായവും വാഗ്ദാനം ചെയ്തു.

ബാങ്കിംഗിലോ ഷൂ നിർമ്മാണത്തിലോ തനിക്ക് ഒരു പരിചയവുമില്ലായിരുന്നുവെന്ന് ബിസിനസ് ലീഡർഷിപ്പ് അവാർഡ് നേടിയ വർക്കി ഏബ്രഹാം പറഞ്ഞു. തന്റെ നേട്ടങ്ങളെല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്. ധാരാളം വിഷമതകൾ നേരിട്ടു. 2007-8 കാലത്ത് ഹാനോവർ ബാങ്ക് പ്രതിസന്ധിയിലായി. തുടർന്ന് സഹായത്തിനായി മുത്തൂറ്റ് ഫിനാൻസ്, ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, ഗീവർഗീസ് മത്തായി, മറ്റ് ചില സുഹൃത്തുക്കൾ എന്നിവരെ കൂടെ കൂട്ടി. അതോടെ സ്ഥിതി മാറി. ഇന്നിപ്പോൾ ബാങ്കിന്റെ ആസ്തി 3 ബില്യൻ ഡോളറാണ്. മൈനോരിറ്റി ഉടമയായ ചുരുക്കം ചില ബാങ്കുകളിലൊന്നാണ്. പത്ത് ഡോളറിന്റെ ഷെയർ ഇപ്പോൾ 18 ഡോളറിനാണ് വിൽക്കുന്നത്. അതുപോലെ സ്‌മോൾ ബിസിനസ് ലോൺ (എസ്.ബി.എ) നൽകാനുള്ള അനുമതിയും ലഭിച്ചു.


ലതർ ബിസിനസിലെ പ്രമുഖ കമ്പനിയാണ് തന്റെ ഉടമസ്ഥതയിലുള്ള വി.എ സ്മിത്ത്. ഏറ്റവും നല്ല ലതർ കിട്ടുന്നത് ദക്ഷിണേന്ത്യയിലാണെന്നത് രഹസ്യമാണ്. അത് കൂടുതലും ഇറ്റലിയിലേക്ക് കയറ്റി പോകുന്നു. ഇന്നിപ്പോൾ തന്റെ സ്ഥാപനങ്ങൾക്ക് ശക്തമായ പിൻബലമുണ്ട്. എല്ലാം ദൈവാനുഗ്രഹം കൊണ്ട് മാത്രം. എല്ലാ നേട്ടങ്ങളും 104 വയസുള്ള അമ്മയ്ക്കും ഭാര്യ സൂസിക്കും സമർപ്പിക്കുന്നു. അതുപോലെ ബന്ധുമിത്രാദികൾക്കും ജീവനക്കാർക്കും. ജീവിതം ഒരു യാത്രയാണ്. അതിനാൽ സുഖകരമായ ഷൂ ധരിക്കണം കൂട്ടച്ചിരിക്കിടയിൽ അദ്ദേഹം പറഞ്ഞു.

യൂത്ത് ഫോറം സെക്രട്ടറി സാമുവേൽ ജോസഫ് വർക്കി ഏബ്രഹാമിനെ പരിചയപ്പെടുത്തി. സെനറ്റർ കെവിൻ തോമസും അസംബ്ലി വുമൺ മിഷേൽ സൊലാജസും ചേർന്ന് അവാർഡ് സമ്മാനിച്ചു. ലിറ്റററി അവാർഡ് നേടിയ സാംസി കൊടുമണ്ണിനെ മനോഹർ തോമസ് പരിചയപ്പെടുത്തി. അമേരിക്കയിലെ അടിമ വ്യവസ്ഥിതിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നോവൽ ഇപ്പോൾ ഇമലയാളി ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നു. പി.റ്റി. പൗലോസ്, ഡോ. തെരേസ ആന്റണി, ഫിലിപ്പ് മഠത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഏബ്രഹാം ഫിലിപ്പ് അവാർഡ് സമ്മാനിച്ചു.

തനിക്ക് മുന്നേ 31 എഴുത്തുകാർക്ക് ഈ അവാർഡ് ലഭിച്ചെന്ന് മറുപടി പ്രസംഗത്തിൽ സാംസി ചൂണ്ടിക്കാട്ടി. ഇനിയും ധാരാളം പേർ വരാനുണ്ട്. അവർക്കായി വേദിയൊരുക്കുന്നത് മഹത്തായ കാര്യമാണ്. മലയാളി മറ്റൊരാളെ അംഗീകരിക്കാത്ത കാലത്ത് അവരെ അംഗീകരിക്കാനുള്ള കേരള സെന്ററിന്റെ നടപടി അഭിനന്ദനമർഹിക്കുന്നു. ഇതിലൂടെ നിങ്ങളും ആദരിക്കപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ പറഞ്ഞത് നിഷ്‌കാമ കർമം ചെയ്യാനാണ്. എപ്പോഴെങ്കിലും അംഗീകാരം വരും. 40 വർഷം മുമ്പ് താൻ എഴുതാൻ തുടങ്ങിയതാണ്. അംഗീകാരമൊന്നും പ്രതീക്ഷിച്ചല്ല അത്. മൂന്നാം തലമുറയിലെത്തി നിൽക്കുന്ന പ്രവാസി മലയാളി സമൂഹത്തെ സ്വയം വിലയിരുത്തേണ്ട കാലമായെന്നും സാംസി ചൂണ്ടിക്കാട്ടി.

പെർഫോമിംഗ് ആർട്‌സ് രംഗത്തുള്ള സംഭാവനയ്ക്ക് അവാർഡ് ലഭിച്ച ഡോ. സുനന്ദ നായരെ ഡോ. ബൻജി തോമസ് പരിചയപ്പെടുത്തി. ഡോ. ഉണ്ണി മൂപ്പനും, ആഷാ രമേഷും ചേർന്ന് അവാർഡ് സമ്മാനിച്ചു. ഡൽഹിയിൽ നിന്ന് താൻ രാവിലെ വന്നതേയുള്ളുവെന്ന് ഡോ. സുനന്ദ നായർ പറഞ്ഞു. അവിടെ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ്. അമേരിക്കയിൽ നിന്നു ക്ഷണിച്ച രണ്ടുപേരിൽ ഒരാളായിരുന്നു താൻ.
2005ൽ അമേരിക്കയിലേക്ക് വരുമ്പോൾ മുംബൈയിൽ ലക്ചററായിരുന്നു. ഇന്ത്യൻ കലകൾക്ക്, പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു, അമേരിക്കയിൽ പ്രസക്തിയോ ആരാധകരോ ഇല്ലെന്നായിരുന്നു ധാരണ. അതിനാൽ വരാൻ മടിയായിരുന്നു. എന്നാൽ താൻ താമസമുറപ്പിച്ച ന്യൂ ഓർലിയൻസിൽ നൃത്തം അവതരിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കാനും അവസരം കിട്ടിയപ്പോൾ സന്ദേഹമൊക്കെ മാറി. കത്രീന മൂലം ന്യൂ ഓർലിയൻസിൽ നിന്നു ഹൂസ്റ്റണിലേക്ക് മാറി.

അവിടെ പഠിക്കുന്ന കുട്ടികളുടെ മികവും അർപ്പണ ബോധവും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. നാട്ടിലുള്ളവർക്കൊപ്പമോ അതിലും മികച്ചവരോ ആണവർ. തന്റെ കലാപ്രവർത്തനത്തിന് കേരള സെന്റർ നൽകിയ ആദരവിനും അവർ നന്ദി പറഞ്ഞു. ലീഗൽ സർവീസിന് അവാർഡ് നേടിയ ഹാഷിം മൂപ്പനെ സാമന്ത ജോസഫ് പരിചയപ്പെടുത്തി. അറ്റോർണി അപ്പൻ മേനോൻ അവാർഡ് സമ്മാനിച്ച്. ഭാവിയിൽ ഒരു സുപ്രീംകോടതി ജഡ്ജിയാവാൻ അർഹനാണ് ഹാഷിം എന്ന് അദ്ദേഹം പറഞ്ഞു. ആദരവിന് നന്ദി പറഞ്ഞ ഹാഷിം മൂപ്പൻ, മാതാപിതാക്കൾ നൽകിയ പ്രചോദനവും ആത്മവിശ്വാസവും എടുത്തു പറഞ്ഞു. വീട്ടുകാരേയും നാട്ടുകാരേയും പിരിഞ്ഞ് അര നൂറ്റാണ്ട് മുമ്പ് തന്റെ മാതാപിതാക്കൾ ഇവിടെ വന്നതിനാലാണ് തനിക്ക് ഈ ഭാഗ്യങ്ങൾ ഉണ്ടായത്. അവാർഡിന് പ്രത്യേക നന്ദിയുണ്ട്. അറ്റോർണിമാരെ ആരും ആദരിക്കില്ല എന്നാണ് അമ്മ പറഞ്ഞത്.
അമേരിക്കയെ എന്തുകൊണ്ടാണ് റിപ്പബ്ലിക് എന്നു പറയുന്നതെന്നും, ഡമോക്രസി എന്നു പറയാത്തതെന്നും വിശദീകരിക്കണമെന്ന് അമ്മ  പറഞ്ഞു. എന്തായാലും അതിന് ഞാൻ മുതിരുന്നില്ല. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.

നഴ്‌സിംഗ് ലീഡർഷിപ്പിന് അവാർഡ് നേടിയ സുജ തോമസിനെ ഡോ. അന്ന ജോർജ് പരിചയപ്പെടുത്തി. മേരി ഫിലിപ്പിന്റെ സാന്നിധ്യത്തിൽ അസംബ്ലി വുമൺ സൊലാജസും ഡോ. ഉണ്ണി മൂപ്പനും ചേർന്ന് അവാർഡ് സമ്മാനിച്ചു. കേരള സെന്ററിന് നന്ദി പറഞ്ഞ സുജ തോമസ് നഴ്‌സിംഗ് എന്നാൽ ഒരു ജോലി മാത്രമല്ല ഒരു സമർപ്പണം കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. ഈ ജോലിയോടുള്ള താത്പര്യവും അർപ്പണബോധവും ആണ് നഴ്‌സുമാരെ വ്യത്യസ്തരാക്കുന്നത്. വലിയ ഉത്തരവാദിത്വവും ഏറെ അഭിമാനം പകരുന്നതുമാണ് ഈ ജോലി. 'നൈന'യുടെ പ്രസിഡന്റ് എന്ന നിലയിലും തികച്ചും അഭിമാനത്തോടെയാണ് താനിവിടെ നിൽക്കുന്നത്. തനിക്ക് വ്യക്തിപരമായി ലഭിച്ച ഒരു അവാർഡ് എന്നതിലുപരി ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ഒരു അംഗീകാരമായി ഇതിനെ താൻ കാണുന്നു. ഓരോ രോഗികൾക്കും മികച്ച സേവനം നൽകാനുള്ള ഉത്തരവാദിത്വമാണ് ഓരോ നഴ്‌സുമാർക്കുമുള്ളത് സുജ തോമസ് ചൂണ്ടിക്കാട്ടി.

ഈ മേഖലയിൽ സേവിക്കാൻ കഴിഞ്ഞത് ഒരു പദവിയാണ്. നാഷണൽ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആൽബനിയിൽ അടുത്തിടെ വിജയകരമായ ദ്വിവത്സര സമ്മേളനം സംഘടന നടത്തി. ടീമിന്റെ പരിശ്രമവും സംഭാവനയും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അതിനാൽ ഇത്  വ്യക്തിഗത പ്രയത്‌നത്തിന്റെ പ്രതിഫലനമല്ല, മറിച്ച് നഴ്‌സിംഗ് തൊഴിൽ നവീകരിക്കാൻ ശ്രമിക്കുന്ന നിരവധി വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ കഠിനാധ്വാനവും അഭിനിവേശവുമാണ്. കാര്യക്ഷമമായ പ്രൊഫഷണലുകൾ നൽകേണ്ട ഏറ്റവും ഉയർന്ന പരിചരണം ഓരോ രോഗിക്കും ആവശ്യമാണെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടയാളപ്പെടുത്തുന്നു.
ആരോഗ്യ സംരക്ഷണത്തിന്റെ വെല്ലുവിളികളെ നേരിടാൻ നമുക്ക് ഐക്യത്തോടെ നിലകൊള്ളാം. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള നമ്മുടെ വിദ്യാഭ്യാസവും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യപരിപാലന നയങ്ങൾ മെച്ചപ്പെടുത്താൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. നമ്മുടെ എല്ലാവരുടെയും  ആരോഗ്യകരമായ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പ്രവർത്തനം പ്രധാനമാണ്.

കമ്യൂണിറ്റി സർവീസ് അവാർഡ് നേടിയ സിബു നായരെ ജോയൽ തോമസ് പരിചയപ്പെടുത്തി. സെനറ്റർ കെവിൻ തോമസും അസംബ്ലിവുമൻ  മൈക്കേൽ സോളജാസും ചേർന്ന് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. കോശി തോമസ്, തോമസ് ജോയി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേരള സെന്ററിന്റെ മൂന്ന് പതിറ്റാണ്ടത്തെ സേവനം എടുത്തു പറഞ്ഞ സിബു നായർ നമ്മുടെ സമൂഹത്തിനു അതുവഴി ഉണ്ടായ നേട്ടങ്ങളും ചൂണ്ടിക്കാട്ടി.  ഗവർണറുടെ ഓഫീസിൽ തന്റെ പ്രവർത്തനങ്ങൾ ഏഷ്യൻ സമ്മോഹത്തെ ലക്ഷ്യമിട്ടാണ്. ആരോഗ്യം, വിദ്യാഭ്യാസം, ചെറുകിട ബിസിനസ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഏഷ്യൻ സമൂഹം മുന്നേറുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൂടുതലായും ശ്രദ്ധിക്കുന്നത് അദ്ദേഹം പറഞ്ഞു.

സെനറ്റർ കെവിൻ തോമസ്, അസംബ്ലിവുമൻ സോളജസ്, മുൻ സെനറ്റർ അന്നാ കപ്ലാൻ എന്നിവരെ കേരള സെനറ്റർ പ്രത്യേക അവാർഡ് നൽകി ആദരിച്ചു. കേരള സെന്റർ ഡയറക്റ്റർ ബോർഡ് ചെയർ ഡോ. മധു ഭാസ്‌കർ അവരുടെ സേവനങ്ങൾ വിവരിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ നന്ദി അറിയിക്കുന്നതിനാണ്  ഈ ആദരം. ഡോ. തോമസ് എബ്രഹാം, അലക്‌സ് എസ്തപ്പാൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ബിജു ചാക്കോ, അജിത് കൊച്ചൂസ് എന്നിവർ സന്നിഹിതരായിരുന്നു. നൂപുര ഡാൻസ് അക്കാദമിയുടെ നൃത്തത്തിന് ശേഷം കേരള സെന്റർ സെക്രട്ടറി രാജു തോമസ് നന്ദി പറഞ്ഞു. ഡിന്നറോടു കൂടി ചടങ്ങുകൾ സമാപിച്ചു.

ജോസ് കാടാപുറം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam