ലോകകപ്പ് ആവേശത്തിലേക്ക് മെക്‌സിക്കോ; 500 മില്യണ്‍ ഡോളറിന്റെ വിമാനത്താവള നവീകരണം അവസാന ഘട്ടത്തില്‍

MAY 20, 2026, 8:19 PM

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അന്താരാഷ്ട്ര ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാന്‍ മെക്‌സിക്കോ സിറ്റിയിലെ ബെനിറ്റോ ജുവാരസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു. കനത്ത വെല്ലുവിളികള്‍ക്കിടയിലും 500 മില്യണ്‍ ഡോളറിന്റെ (ഏകദേശം 4,100 കോടിയിലധികം രൂപ) ബൃഹത്തായ നവീകരണ പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്കായി എത്തുന്ന പതിനായിരക്കണക്കിന് യാത്രക്കാരെ വരവേല്‍ക്കാന്‍ വിമാനത്താവളം ഒരുങ്ങുമ്പോഴും, നിലവില്‍ നിര്‍മ്മാണ സാമഗ്രികളും മെഷീനുകളും നിറഞ്ഞ തിരക്കേറിയ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. എന്നാല്‍ ഈ താല്‍ക്കാലിക അസൗകര്യങ്ങള്‍ മറികടക്കാന്‍ ലോകകപ്പിനെ വരവേല്‍ക്കുന്ന നൂറുകണക്കിന് പോസ്റ്ററുകളും കൂറ്റന്‍ സോക്കര്‍ ബോളുകളുടെയും ട്രോഫികളുടെയും മാതൃകകളും ടെര്‍മിനലുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി വെള്ളപ്പൊക്കം, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍, കടുത്ത തിരക്ക് എന്നിവയാല്‍ ബുദ്ധിമുട്ടിയിരുന്ന വിമാനത്താവളത്തിന് ഈ നവീകരണം ഒരു പുതിയ ജീവന്‍ നല്‍കുമെന്നാണ് യാത്രക്കാരുടെയും അധികൃതരുടെയും പ്രതീക്ഷ. വര്‍ഷങ്ങളായി ഈ വിമാനത്താവളം നേരിട്ട അവഗണനയും നിക്ഷേപക്കുറവും പ്രതിദിനം 1.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ടെര്‍മിനലുകളെ സാരമായി ബാധിച്ചിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും, പഴയ ചില ഭാഗങ്ങളുടെ കൃത്യമായ പ്ലാനുകളുടെ ലഭ്യതക്കുറവും തങ്ങള്‍ വിചാരിച്ചതിലും വലിയ വെല്ലുവിളികളാണ് ഉയര്‍ത്തിയതെന്ന് ബെനിറ്റോ ജുവാരസ് വിമാനത്താവളം ജനറല്‍ ഡയറക്ടര്‍ അഡ്മിറല്‍ ജുവാന്‍ ജോസ് പാഡില്ല പറഞ്ഞു.

2023 മുതല്‍ മെക്‌സിക്കന്‍ നാവികസേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ഈ വന്‍ പദ്ധതി നടപ്പിലാക്കുന്നത്. 2025 മെയ് മാസത്തില്‍ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം നിലവില്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂവായിരത്തിലധികം തൊഴിലാളികളാണ് ദിവസവും 20 മണിക്കൂറോളം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നത്.

അത്യാധുനിക ടെര്‍മിനല്‍ മുന്‍ഭാഗങ്ങള്‍, ആധുനികവല്‍ക്കരിച്ച വിശ്രമമുറികള്‍, പുതിയ ബാഗേജ് കറൗസലുകള്‍ എന്നിവ സജ്ജമാക്കും. ആന്തരിക പുനര്‍രൂപകല്‍പ്പനയിലൂടെ യാത്രക്കാര്‍ക്കായി 30,000 ചതുരശ്ര മീറ്റര്‍ കാത്തിരിപ്പ് സ്ഥലം പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 100,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ തറയും ലൈറ്റിംഗ് സംവിധാനങ്ങളും പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കും. സംശയാസ്പദമായ നീക്കങ്ങളും ലഗേജുകളും കണ്ടെത്തുന്നതിനായി എഐ സാങ്കേതിക വിദ്യയുള്ള സുരക്ഷാ ക്യാമറകളുടെ എണ്ണം 2,200 ല്‍ നിന്ന് 4,000 ആയി ഉയര്‍ത്തി. ഒപ്പം ഡ്രോണ്‍ വിരുദ്ധ സംവിധാനവും ഉടന്‍ സജ്ജമാക്കും.

രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ ആരംഭിച്ച് ഡിസംബറോടെ പൂര്‍ത്തിയാകും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗതാഗത വകുപ്പുമായി മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രാലയം ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം വിമാനങ്ങളുടെ സര്‍വീസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുന്‍ ഭരണകാലത്ത് മണിക്കൂറില്‍ ലഭ്യമായിരുന്ന സ്ലോട്ടുകളുടെ (ടേക്ക് ഓഫ്/ലാന്‍ഡിംഗ് വിന്‍ഡോകള്‍) എണ്ണം 61-ല്‍ നിന്ന് 43 ആയി കുറച്ചിരുന്നു. എന്നാല്‍ ലോകകപ്പ് തിരക്ക് പരിഗണിച്ച് ലഭ്യമായ സ്ലോട്ടുകളുടെ എണ്ണം ഉടന്‍ 46 ആയി ഉയര്‍ത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ കാലത്ത് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ കീഴിലുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. നിലവിലെ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണം നടപ്പിലാക്കുന്നത്.

എല്ലാ പ്രതിസന്ധികളും പരിഹരിച്ച് ലോകകപ്പിന് എത്തുന്ന കായികപ്രേമികള്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam