ലോക രാഷ്ട്രങ്ങൾക്കെതിരെയും വിശിഷ്യ ഇന്ത്യക്കെതിരെയും അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന
താരിഫ് യുദ്ധത്തെക്കുറിച്ചും റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതിനെക്കുറിച്ചും പ്രസിഡന്റ് ട്രംപിന്റെ സീനിയർ വാണിജ്യകാര്യ ഉപദേഷ്ടാവ് പീറ്റർ നവറോ നടത്തിയ ഇന്ത്യ വിരുദ്ധ വംശീയ പരാമർശം തിരുത്തപ്പെടേണ്ടതും പ്രതിഷേധാർഹവുമാണെന്ന് കെ.എച്ച്.എൻ.എ. ഔദ്യോധിക നേതൃത്വം സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
പീറ്റർ നവറോ ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ റഷ്യയിൽ നിന്നും ഇന്ത്യ കുറഞ്ഞ വിലയിൽ അസംസ്‌കൃത ഇന്ധനം വാങ്ങുന്നതിലൂടെ ബ്രാഹ്മണ സമുദായം ജനങ്ങളുടെ ദുരിതത്തിൽ വൻ ലാഭം നേടുന്നു (Brahmins are profiteering at the expense of the Indian people) എന്ന ദുരൂപധിഷ്ടവും വസ്തുതാവിരുദ്ധവുമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പ്രധാന മന്ത്രി മോദിയോ പ്രസിഡന്റ് ദ്രൗപതി മുർമുവോ ഇന്ധന വ്യാപാരം നടത്തുന്ന കമ്പനി മേധാവികളോ ബ്രാഹ്മണ സമുദായത്തെ ഒരു വിധത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നുള്ളതും, ഇന്ത്യൻ രാഷ്ട്രീയ അധികാര ശ്രേണിയിൽ ഒരു തരത്തിലുള്ള ജാതി മേധാവിത്വവും നിലനിൽക്കുന്നില്ല എന്നുള്ളതുമായ യാഥാർത്ഥ്യം തിരിച്ചറിയാതെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം ഇന്ത്യൻ ജനതയിൽ വിദ്വേഷവും വംശീയതയും വിഭാഗീയതയും വളർത്താൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണെന്നും കെ.എച്ച്.എൻ.എ. കരുതുന്നു.
കോളനി വാഴ്ചക്കാലത്തു അധികാരികൾ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വിഭാഗീയ വിഭജന തന്ത്രം അമേരിക്കയിലിരുന്നു ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അഭിപ്രായ പ്രകടനത്തിൽ പറ്റിയ വീഴ്ച്ച തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും പ്രസ്താവനയിൽ നേതാക്കൾ ആവശ്യപ്പെടുന്നു. ജാതി മതങ്ങൾക്കതീതമായി ഇന്ത്യൻ ജനത ഒത്തൊരുമയോടെ മുന്നേറുമ്പോൾ അതിനെ പിന്നോട്ട് വലിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾക്കു കഴിയുകയുള്ളു.
കെ.എച്ച്.എൻ.എ പ്രസ്താവനയിലെ തെറ്റ് ഇമെയിലിലൂടെ ഗവൺമെന്റിനെ അറിയിച്ചതിലോടൊപ്പം മറ്റു ഇന്ത്യൻ സംഘടനകളോടും പ്രതിഷേധം അറിയിക്കുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
സാമൂഹ്യ സാമ്പത്തിക നയതന്ത്ര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ തികഞ്ഞ സൗഹൃദം ആഗ്രഹിക്കുന്ന ഇൻഡോ അമേരിക്കൻ സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഇത്തരം അഭിപ്രായങ്ങൾ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ അഭ്യർത്ഥിച്ചു.
സുരേന്ദ്രൻ നായർ, കെ.എച്ച്.എൻ.എ ഒഫീഷ്യൽ മീഡിയ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്