ന്യൂയോർക്ക്: യുഎസ് ഫെഡറൽ റിസർവിന്റെ വാർഷിക 'സ്ട്രെസ് ടെസ്റ്റ്' വിജയകരമായി മറികടന്നതിന് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രമുഖ യുഎസ് ബാങ്കുകൾ. ആസ്തിയുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപിമോർഗൻ ചേസ് 50 ബില്യൺ ഡോളറിന്റെ പുതിയ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു. ഇതോടൊപ്പം പാദവർഷ ഡിവിഡന്റ് 10 ശതമാനം വർദ്ധിപ്പിച്ച് പ്രതിഓഹരി 1.65 ഡോളറാക്കി ഉയർത്തുകയും ചെയ്തു. ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടായാൽ പോലും രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് അതിനെ പ്രതിരോധിക്കാൻ ആവശ്യമായ മൂലധന ശേഷിയുണ്ടെന്ന് ഫെഡറൽ റിസർവ് നടത്തിയ വാർഷിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകൾ നിക്ഷേപകർക്കുള്ള വിഹിതം വർദ്ധിപ്പിച്ചത്.
ബാങ്കിന്റെ ശക്തമായ സാമ്പത്തിക പ്രകടനവും ബിസിനസിലെ സ്ഥിരതയാർന്ന നിക്ഷേപങ്ങളുമാണ് ഡിവിഡന്റ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. 2026-ലെ ഏറ്റവും കഠിനമായ സാമ്പത്തിക പ്രതിസന്ധികളെപ്പോലും നേരിടാൻ ഞങ്ങൾ സജ്ജരാണെന്ന് ജെപിമോർഗൻ സിഇഒ ജാമി ഡിമോൻ പ്രസ്താവനയിൽ പറഞ്ഞു.
ജെപിമോർഗന് പുറമെ മറ്റ് പ്രമുഖ യുഎസ് ബാങ്കുകളും ഡിവിഡന്റ് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോൾഡ്മാൻ സാക്സ് പാദവർഷ ഡിവിഡന്റ് 11 ശതമാനം വർദ്ധിപ്പിച്ച് പ്രതിഓഹരി 5 ഡോളറാക്കി.മോർഗൻ സ്റ്റാൻലി ഡിവിഡന്റ് 15 ശതമാനം വർദ്ധിപ്പിച്ച് 1.15 ഡോളറാക്കി. ഒപ്പം 20 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങലിനും അനുമതി നൽകി.
വെൽസ് ഫാർഗോ ഡിവിഡന്റ് 11 ശതമാനം വർദ്ധിപ്പിച്ച് 50 സെന്റാക്കിയും,ബാങ്ക് ഓഫ് അമേരിക്ക ഡിവിഡന്റ് സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്ന് സിഇഒ ബ്രയാൻ മൊയ്നിഹാൻ അറിയിച്ചു. സാമ്പത്തിക മാന്ദ്യം വഴി ബാങ്കിംഗ് മേഖലയ്ക്ക് ആകെ 708 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചാൽ പോലും, രാജ്യത്തെ 32 വൻകിട ബാങ്കുകൾക്കും തങ്ങളുടെ മിനിമം മൂലധന ആവശ്യകത നിലനിർത്താൻ കഴിയുമെന്ന് ഫെഡ് റിസർവ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
