ഐറിഷ് വംശജരായ ഒരു കത്തോലിക്കാ കുടുംബത്തിലെ കടിഞ്ഞൂൽ പുത്രനാണ് ജോ ബൈഡൻ. കടുത്ത ഈശ്വര വിശ്വാസി. എങ്കിലും സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ നീലിനയെ പ്രേമിച്ചു വിവാഹം കഴിച്ചു. കത്തോലിക്കാപ്പെണ്ണിനെ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന മാതാപിതാക്കളുടെ മർക്കടമുഷ്ടിയെ മറികടക്കാനുള്ള മനക്കരുത്തൊക്കെ മൂപ്പർക്കുണ്ടായിരുന്നു.
ആ ദാമ്പത്യത്തിൽ മൂന്ന് മക്കൾ. ജോസഫ് ആർ. 'ബ്യൂ' ബൈഡൻ, റോബർട്ട് ഹണ്ടർ ബൈഡൻ, നവോമി ക്രിസ്റ്റീന 'ആമി' ബൈഡൻ. ഇതിൽ തോക്ക് ആരോപണത്തിൽ ശിക്ഷിക്കപ്പെടുകയും ഫെഡറൽ നികുതി വെട്ടിപ്പിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്ന കുരുത്തം കെട്ട ഒരുമകനുണ്ട് അത് മറ്റാരുമല്ല, ഹണ്ടർ ബൈഡൻ തന്നെ. കക്ഷിക്ക് അധികാരത്തിലെ അവസാന ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് എന്ന നിലക്ക് ജോ ബൈഡൻ മനം നൊന്തൊരു മാപ്പ് കൊടുത്തു.
രണ്ട് വ്യത്യസ്ത
ക്രിമിനൽ കേസുകളിൽ ഈ മാസം അവസാനം ശിക്ഷിക്കപ്പെടാനിരുന്ന ഹണ്ടറിന് താൻ
മാപ്പ് നൽകിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയാനും
മടിച്ചില്ല.
ഇങ്ങനെയൊരു ക്രിസ്മസ് വേളയിൽ ധൂർത്തുപുത്രനായ ഹണ്ടറിനെ
മറ്റെന്തിനേയും വിട്ടേച്ച് സ്വീകരിക്കുക എന്നത് കേവലം ഒരുക്രിസ്ത്യൻ
പിതാവിന്റെ കടമയല്ലേ..? അതിനിപ്പോ, ഇങ്ങനെ കിടന്ന് മുക്രയിടേണ്ട
കാര്യമെന്തിരിക്കുന്നു..! എന്തുതന്നെ ആയാലും നിയുക്ത പ്രസിഡന്റ് ട്രംപിന്
ദയാവധത്തിന്റെ ഔദ്യോഗിക ഗ്രാന്റ് റദ്ദാക്കാനൊന്നും ആവുകയുമില്ല.
ബൈഡൻ ആദ്യം പറഞ്ഞത് ഹണ്ടർ ബൈഡന് മാപ്പ് നൽകാൻ പദ്ധതിയില്ലെന്നാണ്. 81 കാരനായ ബൈഡനും വൈറ്റ് ഹൗസും നാഴികയ്്ക്ക് നാല്പ്പതുവട്ടമൊന്നും ഇതുപറഞ്ഞിരുന്നില്ലെങ്കിലും എല്ലാവരും അങ്ങിനെ കരുതിപ്പോയി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി കഴിഞ്ഞ മാസം ഇതൊന്നാവർത്തിച്ചു പോയി. പ്രസിഡന്റിന്റെ മാപ്പ് ലഭിക്കില്ലെന്നും മറ്റേതൊരു പൗരന്റെയും അതേ നിയമപരമായ ഉത്തരവാദിത്തം ഹണ്ടറിനും നേരിടേണ്ടിവരുമെന്നുമാണവർ ഗമയിൽ തട്ടിവിട്ടത്.
ക്രിമിനൽ തോക്ക് ആരോപണത്തിൽ ജൂണിൽ ഹണ്ടർ ശിക്ഷിക്കപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയിൽ, തന്റെ മകനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും ജൂറിയുടെ വിധി അംഗീകരിക്കുന്നുവെന്നും കൈയ്യടിച്ച് ബൈഡൻ പറഞ്ഞു. ഞാൻ അവനോട് ഒരുകാരണവശാലും ക്ഷമിക്കുകയോ പൊറുക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ല. അതു വേണ്ടത്ര ഏശിയില്ലെന്നു കണ്ടപ്പോൾ അല്പം കൂടി കടത്തി ശക്തമായ ഭാഷയിൽ പറഞ്ഞു: മകന്റെ ശിക്ഷ ഇളവ് ചെയ്യുന്ന പ്രശ്‌നം പോലും ഉദിക്കുന്നില്ല.
പക്ഷേ അവസാനം മാനസാന്തരത്തിന്റെ മാസ്മര ലഹരിയിൽ മകനോട് മനസ്സലിവുതോന്നിപ്പോയി. ഒരു പിതാവിന്റെ സ്‌നേഹം ആത്യന്തികമായി വിജയിച്ചതിന്റെ ലഹരിയിലാണിപ്പോൾ ബൈഡൻ..! ഹണ്ടറിന്റെ ശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തന്റെ മകൻ തിരഞ്ഞെടുത്തതും അന്യായമായി പ്രോസിക്യൂട്ട് ചെയ്യപ്പെട്ടതും, സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റുള്ളവരിൽ നിന്ന് ഹണ്ടറിനെ തികച്ചും വ്യത്യസ്തനായി പരിഗണിച്ചു എന്നതിനാലുമാണ് കർതൃനാമത്തിൽ താൻ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചതെന്നും ബൈഡൻ ആനന്തക്കണ്ണീരോടെ ഏറ്റുപറഞ്ഞപ്പോൾ നല്ലവരിൽ നല്ലവരായവരെല്ലാം ആനന്തനൃത്തമാടിയെന്നാണ് വൈറ്റ് ഹൗസ് റിപ്പോർട്ട്.
''വേദവിപരീതികളുടെ കരങ്ങളിൽ അകപ്പെട്ട, അടിയന്തരമായ ആക്രമണങ്ങൾക്കും ചാട്ടാവാറടികൾക്കും തന്റെ മകന് നിന്നുകൊടുക്കേണ്ടതായി വന്നിട്ടുണ്ട്. സെലക്ടീവ് പ്രോസിക്യൂഷനിൽ പോലും നീണ്ട അഞ്ചര സംവത്സരക്കാലം തികച്ചും സംയമനം പാലിച്ചവനാണ് ഹണ്ടർ. പൈശാചിക ശക്തികൾ അവനെ തകർക്കാനുള്ള ഗൂഢ ലക്ഷ്യവുമായി കഴുകൻ കണ്ണുകളോടെ നടക്കുന്നു. അവർ ഹണ്ടറിനെ തകർക്കാൻ ശ്രമിക്കുമ്പോൾ, എന്നെത്തന്നെ തകർക്കാനല്ലേ ശ്രമിക്കുന്നത്..?
അത് ഇവിടെ
അവസാനിക്കുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ല. അതുകൊണ്ടുതന്നെ പൂർണ്ണ
ഹൃദയത്തോടെ താൻ യഹോവയ സ്തുതിക്കുകയാണ്. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും.
എന്റെ ശത്രുക്കൾ കാൽ ഇടറി വീഴുകയേയുള്ളു. അവർ നിന്റെ സന്നിധിയിൽ
നശിച്ചുപോകുകയേയുള്ളൂ. നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു.
യഹോവ പീഡിതന് ഒരഭയസ്ഥാനംതന്നെ. ആമേൻ. ഇതിൽ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ..?
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്