ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വേദികളില്‍ ഭീകരവാദത്തിന്റെ ഇരവാദം ഉയര്‍ത്തുന്ന പാകിസ്ഥാന്റെ മുഖംമൂടി യുണൈറ്റഡ് നേഷന്‍സില്‍ വലിച്ചുകീറി ഇന്ത്യ. ഭീകരതയെ തങ്ങളുടെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്ഥാന്‍, സ്വന്തം ലാബില്‍ നിര്‍മ്മിച്ച ആ 'ഭൂതം' തങ്ങളെത്തന്നെ തിരിഞ്ഞു കടിക്കുമ്പോള്‍ ഞെട്ടിയിട്ട് കാര്യമില്ലെന്ന് ഇന്ത്യ പരിഹസിച്ചു. പാകിസ്ഥാന്‍ ഇന്ന് ഒരു 'ഫ്രാങ്കന്‍സ്‌റ്റൈന്‍ രാഷ്ട്രമായി' മാറിയിരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പാകിസ്ഥാനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനും ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചപ്പോഴാണ് ഇന്ത്യ 'റൈറ്റ് ഓഫ് റിപ്ലൈ' അധികാരത്തിലൂടെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്. യുഎന്നിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് ആണ് പാകിസ്ഥാന് കടുത്ത മറുപടി നല്‍കിയത്. ഭീകരവാദികളെ വളര്‍ത്തുന്നതും വിന്യസിക്കുന്നതും തങ്ങളുടെ നയമാണെന്ന് പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി തന്നെ മുന്‍പ് പരസ്യമായി സമ്മതിച്ചിട്ടുള്ള കാര്യമാണെന്ന് അനുപമ സിംഗ് ഓര്‍മ്മിപ്പിച്ചു.
'ഭീകരര്‍ക്ക് പരിശീലനവും അഭയവും നല്‍കുന്നത് ഭരണകൂട നയമാക്കിയ ഒരു രാജ്യം, ലോകത്തിന് മുന്നില്‍ തങ്ങള്‍ ഭീകരതയുടെ ഇരകളാണെന്ന് വിലപിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. സ്വന്തം ലബോറട്ടറിയില്‍ നിര്‍മ്മിച്ച രാക്ഷസന്‍ സ്രഷ്ടാവിനെത്തന്നെ ആക്രമിക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു 'ഫ്രാങ്കന്‍സ്‌റ്റൈന്‍ സംവിധാനത്തിന്റെ' ജീവിക്കുന്ന ഉദാഹരണമാണ് പാകിസ്ഥാന്‍.' അനുപമ സിംഗ് വ്യക്തമാക്കി.
പാകിസ്ഥാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞ ഇന്ത്യ, ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ചു. അവിടെ ഇനി പരിഹരിക്കപ്പെടാനുള്ള ഒരേയൊരു പ്രശ്‌നം പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ തിരികെ നല്‍കുക എന്നത് മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി.
പിഒകെയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടി ഇന്ത്യ
പാകിസ്ഥാന്‍ അധീന കശ്മീരിലെ രാവലകോട്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും ഇന്ത്യ യുഎന്നില്‍ ഉന്നയിച്ചു. അവിടെ അടിസ്ഥാന അവകാശങ്ങള്‍ക്കും ഭക്ഷണത്തിനും വൈദ്യുതിക്കും വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ വെടിയുണ്ടകളും ക്രൂരതയും ഉപയോഗിച്ചാണ് പാക് സൈന്യം അടിച്ചമര്‍ത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
സിന്ധു നദീജല കരാര്‍ ഇനി പഴയതുപോലെ ആകി
ഭീകരവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യത്തിന്, സദ്ഭാവനയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന സിന്ധു നദീജല കരാറിന്റെ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ 2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
1960 ല്‍ ഒപ്പുവെച്ച ഈ കരാര്‍ പൂര്‍ണ്ണമായും കാലഹരണപ്പെട്ടതാണെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ലോകത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടും സാങ്കേതിക ക്രമീകരണങ്ങള്‍ പഴയപടി തന്നെ നിലനിര്‍ത്താനാകില്ല. ഉത്തരവാദിത്തമില്ലാത്ത ഒരു രാജ്യത്തിന് എക്കാലവും അനുഭവിക്കാനുള്ള ഒരു സ്ഥിര അവകാശമല്ല ഈ കരാറെന്നും ഇന്ത്യ തുറന്നടിച്ചു. അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ നടത്തുന്ന ഇത്തരം നാടകങ്ങളുടെ പുതുമ പണ്ടേ നഷ്ടപ്പെട്ടതാണെന്നും, ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കണ്ണുവെയ്ക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കുന്നതാണ് പാക് ജനതയ്ക്ക് നല്ലതെന്നും പരിഹസിച്ചുകൊണ്ടാണ് ഇന്ത്യ പ്രസംഗം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
