ലോകത്തെ രണ്ട് വന്‍ശക്തികളുടെ ഒത്തുചേരല്‍; ട്രംപിന്റെ ചൈന സന്ദര്‍ശനം ആഗോളതലത്തില്‍ എങ്ങനെ പ്രതിഫലിക്കും ?

MAY 13, 2026, 9:31 PM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ചൈന സന്ദര്‍ശനമാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും ആശങ്ക വര്‍ധിപ്പിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ട്രംപിന്റെ ചൈന സന്ദര്‍ശനം വളരെയധികം ആകാംഷയോടെയാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

2026 മെയ് 13 മുതല്‍ 15 വരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ബീജിംഗിലെത്തിയത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആഗോള സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ പല വിഷയങ്ങളിലും ചര്‍ച്ച നടന്നു.

ബീജിംഗില്‍ നടക്കുന്ന നിര്‍ണ്ണായക ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും 30 ബില്യണ്‍ ഡോളറിന്റെ വ്യാപാരത്തിന് താരിഫ് ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കും. വ്യാപാര തര്‍ക്കങ്ങള്‍ ലഘൂകരിക്കുന്നതിനായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് ട്രേഡ്' എന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ചര്‍ച്ചയിലെ നിര്‍ണായക വിവരങ്ങള്‍:

ഇരുപക്ഷത്തിനും ലാഭം: ഓരോ രാജ്യവും ഏകദേശം 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വിപണിയില്‍ കൂടുതല്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു.

ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന: സെമി കണ്ടക്ടറുകള്‍ അല്ലെങ്കില്‍ സുരക്ഷാ പ്രാധാന്യമുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ഇളവുകള്‍ ഉണ്ടാകില്ല. പകരം, സുരക്ഷാ ഭീഷണിയില്ലാത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം, സാധാരണ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലായിരിക്കും ശ്രദ്ധ.

മാറിയ തന്ത്രം: ചൈനയുടെ സാമ്പത്തിക നയം മാറ്റാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം, നിശ്ചിത അളവ് വ്യാപാരം ഉറപ്പാക്കുന്ന 'മാനേജ്ഡ് ട്രേഡ്' രീതിയിലേക്കാണ് ട്രംപ് ഭരണകൂടം മാറുന്നത്.

വമ്പന്‍ വ്യവസായികളുടെ സാന്നിധ്യം: ട്രംപിന്റെ ചൈന സന്ദര്‍ശനത്തില്‍ ഇലോണ്‍ മസ്‌ക്, ജെന്‍സണ്‍ ഹുവാങ്, ടിം കുക്ക് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കൂടിക്കാഴ്ചയില്‍ പ്രധാനമായും മൂന്ന് വിഷയങ്ങള്‍


1. വ്യാപാരം: രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള ധാരണകള്‍ ആഗോള ഓഹരി വിപണികളിലും വിതരണ ശൃംഖലകളിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കും. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിനും, ഇറക്കുമതി തീരുവകളില്‍ ഇളവ് വരുത്തുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണന. 'അമേരിക്ക ഫസ്റ്റ്' നയവും ചൈനയുടെ ആഗോള വ്യാപാര താല്പര്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് ലക്ഷ്യം.

മുന്‍പ് നിലനിന്നിരുന്ന കടുത്ത വ്യാപാര നിയന്ത്രണങ്ങളും അവ നീക്കം ചെയ്യുന്നതിനായി ഒരു 'ബോര്‍ഡ് ഓഫ് ട്രേഡ്' രൂപീകരിക്കുന്നതും ചര്‍ച്ചകളില്‍ ഇടംപിടിക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക ഇറക്കുമതി തീരുവകളും, തിരിച്ച് ചൈന സ്വീകരിക്കുന്ന നടപടികളും ചര്‍ച്ചയാകും. വാഹനങ്ങള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന നികുതികള്‍ ഇതില്‍ പ്രധാനമാണ്.

ബോയിങ് വിമാനങ്ങള്‍, അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (ബീഫ്, സോയബീന്‍ തുടങ്ങിയവ) എന്നിവ ചൈന വാങ്ങുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

2. തായ്‌വാന്‍ വിഷയം: ഈ ഉച്ചകോടിയിലെ ഏറ്റവും സങ്കീര്‍ണ്ണമായ വിഷയമാണിത്. തായ്‌വാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ ചൈന രംഗത്തുണ്ട്. ഈ വിഷയത്തിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയാകാനും സാധ്യതയുണ്ട്. തായ്‌വാന്‍ കടലിടുക്കിലെ തര്‍ക്കങ്ങള്‍, ദക്ഷിണ ചൈനാ കടലിലെ സൈനിക വിന്യാസം തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കാം.

തായ്‌വാന്റെ സ്വയംഭരണാധികാരവും അതില്‍ അമേരിക്ക നല്‍കുന്ന പിന്തുണയും ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. 'ഏക ചൈന' നയത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഷി ജിന്‍പിംഗ് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, മേഖലയിലെ സുരക്ഷാ ഉറപ്പുകളാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്.

3. ഇറാന്‍ ബന്ധം: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ചൈനയുടെ വ്യാപാര ബന്ധങ്ങളും എണ്ണ ഇറക്കുമതിയും നിയന്ത്രിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടേക്കാം. ഇറാന്റെ മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൈനയുടെ സഹകരണം ട്രംപ് തേടും. ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. അതുകൊണ്ട് തന്നെ ഇറാന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ചൈനയുടെ സഹായം ട്രംപ് തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ യുദ്ധം കാരണം ചൈനയിലേക്കുള്ള ഊര്‍ജ്ജ ഇറക്കുമതിയിലും ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ മേഖലയിലെ സമാധാനം ചൈനയുടെയും ആവശ്യമാണ്. എങ്കിലും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം ചൈന പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഈ കൂടിക്കാഴ്ചയിലൂടെ യുദ്ധത്തിന് ഒരു വിരാമമിടാന്‍ ട്രംപിന് സാധിക്കുമോ എന്നത് ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. ഇറാനുമായുള്ള സംഘര്‍ഷം പരിഹരിക്കുക എന്നത് ട്രംപിനെ സംബന്ധിച്ച് തന്റെ രാഷ്ട്രീയ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അത്യാവശ്യമായ ഒരു നീക്കവുമാണ്.

ഉച്ചകോടിയുടെ പ്രാധാന്യം

ഭൂരാഷ്ട്രതന്ത്രം: റഷ്യ-ഉക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യന്‍ പ്രതിസന്ധി എന്നിവയില്‍ ചൈനയുടെ നിലപാട് മാറ്റാന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചേക്കാം.

സാങ്കേതികവിദ്യയും എഐയും: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ചിപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിലനില്‍ക്കുന്ന മത്സരവും നിയന്ത്രണങ്ങളും ചര്‍ച്ചാവിഷയമാകും.

പുതിയ വ്യാപാര പാതകള്‍: യൂറോപ്പിലേക്കും ഏഷ്യയിലേക്കും നീളുന്ന പുതിയ വ്യാപാര ഇടനാഴികളെക്കുറിച്ചും അവ രാജ്യങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ആശയവിനിമയം ഉണ്ടായേക്കാം.

മുന്‍പ് ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ട്രംപ്, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അനുനയത്തിന്റെ പാത സ്വീകരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം, വിലക്കയറ്റം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള ഈ കൂടിക്കാഴ്ചയെ അതീവ ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam