യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസും കേരളാ സർവകലാശാലയുമായി സംയുക്ത സംരംഭത്തിന് ഫോമാ ടീം പ്രോമീസ്

JUNE 5, 2026, 12:09 PM

ഫ്‌ളോറിഡ: 'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതിയുടെയും 'ആർദ്രം' കാൻസർ കെയർ പ്രോജക്ടിന്റെയും തുടർച്ചയായി 'ഫോമാ ടീം പ്രോമീസ് ' യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാള വിഭാഗവും കേരളാ യൂണിവേഴ്‌സിറ്റിയുമായി മലയാള ഭാഷാ പഠനം സംബന്ധിച്ച ഒരു സംയുക്ത സംരംഭവുമായി ഫോമാ ടീം പ്രോമീസ് മുന്നോട്ട് വരുന്നു.''വേരുകൾ സംരക്ഷിക്കാം... വരുംതലമുറയെ ശക്തിപ്പെടുത്താം...'' എന്ന മുദ്രാവാക്യവുമായാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസും കേരള സർവകലാശാലയും തമ്മിൽ 'കേരള പഠന സംരംഭ'ത്തിന് ഒരു ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിടാൻ ടീം പ്രോമിസ് ലക്ഷ്യമിടുന്നത്.

ടെക്‌സസ് സർവകലാശാലയിലെ ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന് കീഴിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളം പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയിൽ മലയാള ഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്ന അപൂർവ്വം സർവ്വകലാശാലകളിൽ ഒന്നായ ഈ യൂണിവേഴ്‌സിറ്റിയുമായി ചേർന്നൊരുക്കുന്ന പ്രസ്തുത സംരംഭം ഭാഷാപ്രേമികൾക്ക് ഏറെ ആവേശം നൽകുന്ന ഒന്നാണ്. കേരളത്തിന്റെ പച്ചപ്പിലേക്കും അക്ഷരമുറ്റങ്ങളിലേക്കും നീളുന്ന ഒരു സാംസ്‌കാരിക പാലമായി ഇത് പ്രവർത്തിക്കുമെന്ന് ഫോമാ ടീം പ്രോമീസിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയും ഫോമായുടെ സ്ഥാപക നേതാവുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

വിദ്യാഭ്യാസം എന്നത് അക്കാദമിക് നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും വരുംതലമുറകൾക്ക് കൈമാറേണ്ട വലിയ ഉത്തരവാദിത്വമാണെന്നുമുള്ള കാഴ്ചപ്പാടുമായാണ് ടീം പ്രോമീസ്, കേരളത്തിന് ഏക്കാലവും ചൂണ്ടിക്കാണിക്കാനും ഫോമായ്ക്ക് അഭിമാനിക്കാനും പറ്റുന്ന ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഔപചാരികമായ സംയുക്ത സംരംഭത്തിന് തുടക്കമിടുന്നത്. അമേരിക്കയിലെ മലയാള ഭാഷയും കേരള പഠനവും സംബന്ധിച്ച അക്കാദമിക് അവസരങ്ങൾ ഭാവിയിൽ വികസിപ്പിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മലയാള ഭാഷ, കേരള ചരിത്രം, സാഹിത്യം, സംസ്‌കാരം, ഗവേഷണം എന്നിവയിൽ ബിരുദബിരുദാനന്തര പഠന സാധ്യതകൾക്ക് വഴിതുറക്കാനും ഈ മുന്നേറ്റത്തിന് സാധിക്കുമെന്ന് ഫോമാ ടീം പ്രോമീസ് വിശ്വസിക്കുന്നു.

vachakam
vachakam
vachakam

മാത്രമല്ല, നോർത്ത് അമേരിക്കയും കേരളവും തമ്മിലുള്ള വിദ്യാഭ്യാസസാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും, ഭാവി തലമുറകൾക്ക് അവരുടെ മാതൃ ഭാഷയും വേരുകളും സാംസ്‌കാരിക പൈതൃകവും അഭിമാനത്തോടെ പഠിക്കാനും സംരക്ഷിക്കാനും അവസരമൊരുക്കുകയും ചെയ്യും. ഈ പദ്ധതിക്ക് വിദ്യാഭ്യാസസാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മാർഗനിർദേശവും പിന്തുണയും ലഭ്യമാക്കും. പ്രത്യേകിച്ച് അന്താരാഷ്ട്ര പ്രശസ്തനായ ഓങ്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. എം.വി പിള്ളയെ പോലുള്ള വ്യക്തികളുടെ പിന്തുണ ഈ സംരംഭത്തിന് ശക്തി പകരും.

മലയാള ഭാഷയും കേരള പൈതൃകവും വരുംതലമുറകളിലേക്ക് കൈമാറുക, വടക്കേ അമേരിക്കയിലെയും കേരളത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, മലയാള ഭാഷയിലും കേരള പഠനത്തിലും ബിരുദബിരുദാനന്തര പഠന അവസരങ്ങൾ വികസിപ്പിക്കുക, സാംസ്‌കാരിക കൈമാറ്റം, ഗവേഷണ സഹകരണം, വിദ്യാഭ്യാസ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുക, വടക്കേ അമേരിക്കൻ മലയാളി സമൂഹത്തിന് ദീർഘകാല പ്രയോജനം നൽകുന്ന ഒരു അക്കാദമിക് പൈതൃകം സൃഷ്ടിക്കുക, നമ്മുടെ മക്കളും കൊച്ചുമക്കളും അവരുടെ ഭാഷയോടും സംസ്‌കാരത്തോടും വേരുകളോടും ചേർന്ന് വളരുകയും, കേരളവും വടക്കേ അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇതു സംബന്ധിച്ച് ഫോമാ ടീം പ്രോമീസിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.

ഒരു ജനതയുടെ സംസ്‌കാരവും തനിമയും നിലനിൽക്കുന്നത് അവരുടെ മാതൃഭാഷയിലാണ്. അമേരിക്കയിലെ പുതുതലമുറയ്ക്ക് മലയാള ഭാഷയുടെ മനോഹാരിതയും പൈതൃകവും പകർന്നുനൽകുക എന്നത് നമ്മുടെ കടമയാണ്. അത് നിറവേറ്റുന്നതിനായാണ്  ടീം പ്രോമിസ് ഒരു പുതിയ ചരിത്രദൗത്യം ഏറ്റെടുക്കാനോരുങ്ങുന്നത്. പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാളം വിഭാഗവും, ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലകളിലൊന്നായ കേരള സർവ്വകലാശാലയും തമ്മിൽ അതിരുകളില്ലാത്ത സാംസ്‌കാരിക കൂട്ടായ്മയാണ് വിഭാവനം ചെയ്യുന്നതെന്ന് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam