ഷിക്കാഗോ: അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ ഷിക്കാഗോയില്‍ ലാന്‍ഡിംഗിനൊരുങ്ങിയ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ പടക്കം ഇടിച്ചതായി റിപ്പോര്‍ട്ട്. അറ്റ്‌ലാന്റയില്‍ നിന്നും 52 യാത്രക്കാരും 6 ജീവനക്കാരുമായി ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഡെല്‍റ്റ ഫ്‌ലൈറ്റ് 1076 എന്ന എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ജൂലൈ നാലിന് രാത്രി പ്രാദേശിക സമയം എട്ടരയോടെ വിമാനം റണ്‍വേയ്ക്ക് തൊട്ടടുത്ത്, ഏകദേശം 200 അടി മാത്രം ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു സംഭവം. റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നുപറക്കുന്നതിനിടെ വിമാനത്തിന്റെ അടിഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ശക്തമായ കുലുക്കം അനുഭവപ്പെടുകയും ചെയ്തതായി പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. വിമാനത്തിന് താഴെ വെടിക്കെട്ടിന് ഉപയോഗിക്കുന്ന മോര്‍ട്ടാര്‍ പടക്കം പൊട്ടിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
വന്‍ ശബ്ദം കേട്ടെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം മിഡ്വേ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് റണ്‍വേയില്‍ നിന്നും സാധാരണ നിലയില്‍ തന്നെ വിമാനം ഗേറ്റിലേക്ക് മാറ്റാന്‍ കഴിഞ്ഞതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലകളില്‍ വ്യാപകമായി വെടിക്കെട്ട് നടക്കുന്നുണ്ടായിരുന്നുവെന്നും, ഇത്തരത്തില്‍ മറ്റ് ചില വിമാനങ്ങള്‍ക്കും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വ്യക്തമാക്കി. പടക്കം വിമാനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ പെയിന്റിന് നേരിയ കേടുപാടുകള്‍ സംഭവിച്ചതായി ഷിക്കാഗോ പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും പരിശോധനയില്‍ മറ്റ് സാങ്കേതിക തകരാറുകളോ വലിയ കേടുപാടുകളോ കണ്ടെത്താനായിട്ടില്ലെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
