ന്യൂയോര്‍ക്ക്: ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. സെര്‍ച്ച് റിസല്‍ട്ടുകളില്‍ മാധ്യമ വെബ്സൈറ്റുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങളെ തരംതാഴ്ത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. മാധ്യമ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളും അവയുടെ ഉള്ളടക്കങ്ങളും തരംതാഴ്ത്തുമ്പോള്‍ തന്നെ വാണിജ്യ പങ്കാളികളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.
മാധ്യമ ഉള്ളടക്കങ്ങള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ന്യായമായും വിവേചനരഹിതമായും പരിഗണിക്കാന്‍ ഗൂഗിളിന്റെ സ്പാം വിരുദ്ധ നയങ്ങള്‍ തടസമാകുന്നുണ്ടോ എന്ന ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് ചീഫ് തെരേസ റിബേര പറഞ്ഞു. വ്യവസായത്തിന് പ്രതിസന്ധി നേരിടുന്ന ഒരു സമയത്ത് വാര്‍ത്താ പ്രസാധകര്‍ക്ക് പ്രധാനപ്പെട്ട വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ അന്വേഷണം നടത്തുമെന്ന് റിബേര പറഞ്ഞു.
യുഎസ് ടെക്ക് കമ്പനികളെ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഈടാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് നിയമം അടിസ്ഥാനമാക്കി യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ അനന്തരഫലം എതിരാണെങ്കില്‍ അതിന്റെ പ്രത്യാഘാതം യൂറോപ്യന്‍ യൂണിയനിലെ 27 ഓളം രാജ്യങ്ങളില്‍ കമ്പനി അനുഭവിക്കേണ്ടി വരും.
എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, അന്വേഷണം അനാവശ്യമാണെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം. ഇത് തെറ്റായ ആളുകള്‍ക്കേ ഗുണം ചെയ്യൂവെന്നും സെര്‍ച്ച് റിസല്‍ട്ടിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുമെന്നും ഗൂഗിള്‍ ചീഫ് സൈന്റിസ്റ്റ് പാണ്ഡു നായക് ഒരു പോസ്റ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
