വാഷിംഗ്ടണ്‍: 30 വയസ്സും അതിനുമുകളിലുമുള്ള എല്ലാ സജീവ സൈനികര്‍ക്കും റിസര്‍വ് ഉദ്യോഗസ്ഥര്‍ക്കും പ്രതിവര്‍ഷം ടെസ്റ്റോസ്റ്റിറോണ്‍ കുറവുണ്ടോ എന്ന് അറിയാനുള്ള പരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പുതിയ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. സൈന്യത്തിന്റെ പോരാട്ട വീര്യവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് പെന്റഗണിന്റെ അവകാശവാദം.
പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന ഡെല്‍റ്റാ ഫോഴ്‌സ്, നേവി സീല്‍സ് തുടങ്ങിയ കമാന്‍ഡോകളില്‍ കാണപ്പെടുന്ന ഓപ്പറേറ്റര്‍ സിന്‍ഡ്രോം (തലച്ചോറിനേല്‍ക്കുന്ന ആഘാതങ്ങള്‍, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥ) പരിഹരിക്കാന്‍ ഈ പരിശോധന സഹായിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ആവശ്യമായ ശാസ്ത്രീയ അടിത്തറയില്ലാതെ നടപ്പിലാക്കുന്ന ഈ കൂട്ടപരിശോധന സൈനികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് മുന്‍നിര ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലൈംഗിക താല്പര്യക്കുറവ്, കടുത്ത ക്ഷീണം, പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം തുടങ്ങിയ വ്യക്തമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ മാത്രമാണ് ടെസ്റ്റോസ്റ്റിറോണ്‍ പരിശോധനയും ചികിത്സയും നടത്തേണ്ടതെന്നാണ് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്റെയും എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെയും നിര്‍ദ്ദേശം. ലക്ഷണങ്ങളില്ലാത്തവരില്‍ ഇത്തരം ഹോര്‍മോണ്‍ ചികിത്സകള്‍ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ടെസ്റ്റോസ്റ്റിറോണ്‍ തെറാപ്പി നല്‍കുന്നത് പുരുഷന്മാരില്‍ വന്ധ്യതയ്ക്കും വൃഷണങ്ങള്‍ ചുരുങ്ങുന്നതിനും കാരണമായേക്കാം. കുടുംബം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പ്രായം കുറഞ്ഞ സൈനികരെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുക. കൂടാതെ രക്തം കട്ടപിടിക്കല്‍, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍, അസ്ഥി ഒടിവുകള്‍, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയ്ക്കും ഈ ചികിത്സ കാരണമായേക്കാം.
ഭൂരിഭാഗം വരുന്ന സാധാരണ സൈനികരിലും കൃത്യമായ ഉറക്കം, വിശ്രമം, ശരിയായ ആഹാരക്രമം എന്നിവയിലൂടെ ഹോര്‍മോണ്‍ നില സ്വാഭാവികമായി ക്രമീകരിക്കാന്‍ സാധിക്കുമെന്നും, അതിനുപകരം കൃത്രിമ ഹോര്‍മോണ്‍ ചികിത്സകള്‍ അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അസാധാരണമായ പരിശോധനാ ഫലങ്ങള്‍ വരുന്നവരില്‍ എങ്ങനെയുള്ള തുടര്‍നടപടികളാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ചോ, വനിതാ സൈനികരില്‍ ഈ പരിശോധന എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചോ പെന്റഗണ്‍ ഇതുവരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
