1990-കളിലെ പ്രശസ്ത ഡ്രാമ സീരീസായ “ഡോസൺസ് ക്രീക്ക്” ലൂടെ ശ്രദ്ധേയനായ നടൻ ജെയിംസ് വാൻ ഡെർ ബീക്ക്, കാൻസറിനെതിരായ പോരാട്ടത്തിനൊടുവിൽ ബുധനാഴ്ച അന്തരിച്ചു. തന്റെ 48-ാം വയസിൽ ആണ് താരം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ സോഷ്യൽ മീഡിയ വഴി ആണ് മരണ വിവരം ആരാധകരെ അറിയിച്ചത്.
“ഞങ്ങളുടെ പ്രിയപ്പെട്ട ജെയിംസ് ഡേവിഡ് വാൻ ഡെർ ബീക്ക് ഇന്ന് രാവിലെ വിടപറഞ്ഞു. അവസാന ദിവസങ്ങളെ അദ്ദേഹം ധൈര്യത്തോടെയും വിശ്വാസത്തോടെയും നേരിട്ടു,” എന്നാണ് ഭാര്യ കിംബർലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നിരവധി ആരാധകരും സഹനടന്മാരും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. “ജെയിംസിന്റെ പൈതൃകം എന്നും ജീവിക്കും. ഇത് കുടുംബത്തിനും ലോകത്തിനും വലിയ നഷ്ടമാണ്” എന്നാണ് നടി സാറ മിഷേൽ ഗെല്ലർ കുറിച്ചത്.
ഭാര്യയ്ക്കും ആറു മക്കൾക്കും സഹായമായി 5 ലക്ഷം ഡോളർ സമാഹരിക്കാൻ ഒരു GoFundMe ക്യാമ്പയിൻ ആരംഭിച്ചിരുന്നു. അത് ആരംഭിച്ച ഒരു മണിക്കൂറിനുള്ളിൽ തന്നെ 2 ലക്ഷം ഡോളറിലധികം സമാഹരിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2024-ൽ പതിവ് കോളനോസ്കോപ്പി പരിശോധനയ്ക്കിടെ കണ്ടെത്തിയ കൊളോറെക്ടൽ കാൻസർ രോഗം തനിക്കുണ്ടെന്ന് വാൻ ഡെർ ബീക്ക് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ചികിത്സയും ആരോഗ്യപരിപാലനവും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. തന്റെ ചികിത്സാപ്രക്രിയയെക്കുറിച്ച് അദ്ദേഹം മരണം വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കണക്റ്റിക്കട്ട് സ്വദേശിയായ വാൻ ഡെർ ബീക്കിന്റെ കരിയർ ഉയർന്നത് 1990-കളിൽ ഡോസൺസ് ക്രീക്ക് സീരീസിലൂടെയാണ്. ഡോസൺ ലീരി എന്ന കഥാപാത്രമായി ആണ് അദ്ദേഹം അഭിനയിച്ചത്. യുവജനങ്ങളുടെ ബന്ധങ്ങൾ, സ്വപ്നങ്ങൾ, ജീവിത ആശങ്കകൾ എന്നിവ പ്രമേയമാക്കിയ സീരീസ് വലിയ ജനപ്രീതി നേടി. 2003-ൽ പരമ്പര അവസാനിക്കുന്നതുവരെ അദ്ദേഹം അതിൽ അഭിനയിച്ചു. ഈ സീരീസിനുപുറമെ 60-ലധികം സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അദ്ദേഹം അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
