കാലിഫോര്‍ണിയ: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ എഐക്കും അതിന്റെ സിഇഒ സാം ആള്‍ട്ട്മാനുമെതിരെ ഇലോണ്‍ മസ്‌ക് നല്‍കിയ കേസ് കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ കമ്പനിയെ, വാണിജ്യ ലാഭം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനമാക്കി മാറ്റി എന്നായിരുന്നു മസ്‌കിന്റെ പ്രധാന പരാതി. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കേസ് പരിഗണിച്ച ഓക്ലാന്‍ഡ് ഫെഡറല്‍ കോടതി പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഓപ്പണ്‍ എഐയോ സാം ആള്‍ട്ട്മാനോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയമങ്ങളോ ചട്ടങ്ങളോ ലംഘിച്ചിട്ടില്ലെന്ന് ജൂറി കണ്ടെത്തി. നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ ഇലോണ്‍ മസ്‌ക് വളരെ വൈകിയാണ് കോടതിയെ സമീപിച്ചതെന്ന് ജഡ്ജി നിരീക്ഷിച്ചു. 2018 ല്‍ തന്നെ ഓപ്പണ്‍ എഐയുമായുള്ള ബന്ധം ഉപേക്ഷിച്ച മസ്‌ക്, 2024 ഫെബ്രുവരിയിലാണ് കമ്പനിക്കെതിരെ നിയമനടപടികളിലേക്ക് കടന്നത്. ഈ വലിയ കാലതാമസം കേസ് തള്ളാന്‍ പ്രധാന കാരണമായി.
ഓപ്പണ്‍ എഐയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളായിരുന്നു ടെസ്ല, എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌ക്. മനുഷ്യരാശിയുടെ നന്മയ്ക്കായി സൗജന്യമായി എഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചത്. എന്നാല്‍, പിന്നീട് ഓപ്പണ്‍ എഐ തങ്ങളുടെ ആദ്യകാല വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്നും, ചില വന്‍കിട നിക്ഷേപകരെ മാത്രം ലക്ഷ്യമിട്ട് ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ്സ് സ്ഥാപനമായി മാറിയെന്നുമാണ് മസ്‌ക് ആരോപിച്ചിരുന്നത്.
മസ്‌കും സാം ആള്‍ട്ട്മാനും നേരിട്ട് ഹാജരായ കോടതി നടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഓപ്പണ്‍ എഐക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. എഐ മേഖലയിലെ രണ്ട് പ്രമുഖര്‍ തമ്മിലുള്ള ഈ നിയമപോരാട്ടത്തിന്റെ വിധി സാങ്കേതിക ലോകം ഏറെ ഉറ്റുനോക്കിയ ഒന്നായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
