വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്‍ ശ്രേണിയിലെ ഐതിഹാസിക ബോയിങ് 747-200 -ാം വിമാനം ചരിത്രത്തിലേക്ക്. കഴിഞ്ഞ 35 വര്‍ഷമായി ആറ് യുഎസ് പ്രസിഡന്റുമാര്‍ക്ക് സുരക്ഷിത ആകാശയാത്രയൊരുക്കിയ ഈ വിമാനം അതിന്റെ അവസാന ഔദ്യോഗിക സര്‍വീസ് പൂര്‍ത്തിയാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമുള്ള മടക്കയാത്രയോടെയായിരുന്നു വിമാനത്തിന്റെ വിടപറച്ചില്‍.
'സാം 29000' (SAM 29000) എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ വിമാനത്തിന്റെ അവസാന യാത്ര വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ള ആറ് യുഎസ് പ്രസിഡന്റുമാരുടെ ചരിത്രപ്രധാനമായ യാത്രകള്‍ക്ക് സാക്ഷ്യം വഹിച്ച വിമാനം, വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ചിത്രങ്ങളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.
'സാങ്കേതികവിദ്യകളില്‍ ഇന്നത്തെ അപേക്ഷിച്ച് അത്ര അത്യാധുനികമല്ലായിരുന്നെങ്കിലും ഏറ്റവും സുഖകരമായ യാത്രാനുഭവമായിരുന്നു ഈ വിമാനം നല്‍കിയിരുന്നത്. പ്രസിഡന്റ് ട്രംപിനൊപ്പമുള്ള ഇതിലെ ഓരോ യാത്രയും ഏറെ സവിശേഷമായിരുന്നു.'- മോണിക്ക ക്രോളി (യുഎസ് ചീഫ് ഓഫ് പ്രോട്ടോക്കോള്‍) വ്യക്തമാക്കി.
പകരക്കാരനായി ഖത്തര്‍ നല്‍കിയ അത്യാധുനിക വിമാനം
വിരമിച്ച വിമാനത്തിന് പകരമായി ഖത്തര്‍ ഭരണകൂടം പ്രസിഡന്റ് ട്രംപിന് സമ്മാനിച്ച അത്യാധുനിക ബോയിങ് 747 വിമാനം യുഎസ് വ്യോമസേനയുടെ പക്കലേക്ക് ഉടന്‍ എത്തും. ഈ വിമാനത്തിന്റെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷണ പറക്കലുകളും കഴിഞ്ഞ മാസം വിജയകരമായി പൂര്‍ത്തിയായിരുന്നു. യുഎസ് വ്യോമസേനയില്‍ 'വിസി-25ബി' (VC-25B) എന്ന കോഡിലായിരിക്കും ഈ താത്കാലിക വിമാനം അറിയപ്പെടുക.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മാസം സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്‌മോറിലേക്ക് പ്രസിഡന്റ് ട്രംപ് നടത്തുന്ന യാത്രയിലായിരിക്കും ഈ പുതിയ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക പറക്കലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുന്‍പ് ജാക്കി കെന്നഡിയുടെ നിര്‍ദേശപ്രകാരം രൂപകല്‍പ്പന ചെയ്തിരുന്ന വെള്ളയും റോബിന്‍ എഗ്ഗ് ബ്ലൂവും കലര്‍ന്ന പരമ്പരാഗത നിറത്തിന് പകരം, ട്രംപിന്റെ താല്പര്യപ്രകാരം ചുവപ്പ്, വെള്ള, കടുംനീല നിറങ്ങള്‍ ചേര്‍ന്ന പുതിയ പെയിന്റിങ് ശൈലിയാണ് ഈ വിമാനത്തിന് നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഈ വിമാനം മാറ്റിയെടുക്കുന്നതിനായി 400 മില്യണ്‍ യുഎസ് ഡോളറില്‍ താഴെ മാത്രമാണ് ചെലവായതെന്ന് പെന്റഗണ്‍ അധികൃതര്‍ യുഎസ് ജനപ്രതിനിധി സഭയെ അറിയിച്ചു.
യുഎസ് വ്യോമസേന ഇതിനകം 5.6 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ നിര്‍മ്മാണ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള മറ്റ് രണ്ട് പുതിയ പ്രധാന വിമാനങ്ങള്‍ എത്തിച്ചേരുന്നതുവരെയുള്ള ഒരു താത്കാലിക സംവിധാനമായിട്ടായിരിക്കും ഖത്തര്‍ നല്‍കിയ ഈ വിമാനം പ്രവര്‍ത്തിക്കുക. നിലവില്‍ യുഎസ് പ്രസിഡന്റ് യാത്ര ചെയ്യുന്ന ഏത് വ്യോമസേനാ വിമാനത്തെയും 'എയര്‍ ഫോഴ്സ് വണ്‍' എന്ന കോഡ് നാമത്തിലാണ് വിളിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
