അമേരിക്കയിലെ ടെക്സസിൽ പഴയ വസ്തുക്കളുടെ വിൽപ്പനയിൽ നിന്ന് വാങ്ങിയ പെട്ടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ആറ് ഗ്രനേഡുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഓസ്റ്റിനിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രനേഡുകൾ കണ്ടെത്തിയതിനെത്തുടർന്ന് വാങ്ങിയയാൾ പൊലീസിനെ വിവരമറിയിച്ചു.
വൈകിട്ട് നാലുമണിയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് ബോംബ് നിർവീര്യമാക്കൽ സംഘമെത്തി പരിശോധന നടത്തി. ഗ്രനേഡുകൾ സജീവമാണെന്ന് സംഘം സ്ഥിരീകരിച്ചതായി ഓസ്റ്റിൻ പൊലീസ് അസോസിയേഷൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
എക്സ്-റേ പരിശോധനയിലൂടെയാണ് ഗ്രനേഡുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ചത്. അവ പൊട്ടിത്തെറിക്കാൻ ശേഷിയുള്ളവയാണെങ്കിലും അന്നത്തെ സാഹചര്യത്തിൽ ഉടനടി അപകടഭീഷണിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് ഗ്രനേഡുകൾ സുരക്ഷിതമായി കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി. പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് സുരക്ഷാവലയം തീർത്ത് സമീപവാസികൾക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു.
ഏകദേശം 80 വർഷം പഴക്കമുള്ളതും അവയുടെ സുരക്ഷാ നില വ്യക്തമല്ലാത്തതുമായ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് ഏറെ അപകടകരവും സൂക്ഷ്മത ആവശ്യമുള്ളതുമായ ജോലിയാണെന്ന് പൊലീസ് അസോസിയേഷൻ പറഞ്ഞു. പ്രത്യേക പരിശീലനവും വൈദഗ്ധ്യവുമുള്ള ഉദ്യോഗസ്ഥരാണ് നടപടി പൂർത്തിയാക്കിയതെന്നും പോലീസ് അറിയിച്ചു.
വിൽപ്പന നടത്തിയവരുടെ കൈവശം ഗ്രനേഡുകൾ എങ്ങനെ എത്തിയെന്നോ അവ ഉൾപ്പെട്ട പെട്ടി വിൽക്കാനുണ്ടായ സാഹചര്യമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും നിലവിൽ അന്വേഷണം നടക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
പഴയ സൈനിക വസ്തുക്കളായ ഗ്രനേഡുകൾ, പീരങ്കിയുണ്ടകൾ, മോർട്ടാർ ഷെല്ലുകൾ എന്നിവ കണ്ടെത്തിയാൽ അവ തൊടാതെ ഉടൻ 911 എന്ന നമ്പറിൽ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
