ഷിക്കാഗോയിൽ 1,200 പാർക്കിങ് ജീവനക്കാരുടെ പണിമുടക്ക്; ഓഹെയർ, മിഡ്‌വേ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിച്ചേക്കും

NOVEMBER 3, 2026, 8:19 PM

ഷിക്കാഗോ: ഷിക്കാഗോ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന ഏദേശം 1,200 പാർക്കിങ് ജീവനക്കാർ നവംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ പണിമുടക്ക് ആരംഭിച്ചു. Teamsters Local 727 തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള സമരം ഓഹെയർ, മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ ബാധിക്കാനിടയുണ്ട്.

വിമാനത്താവളങ്ങൾക്ക് പുറമേ ചിക്കാഗോയിലെ പ്രധാന ആശുപത്രികൾ, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്റർ, കായിവേദികൾ എന്നിവിടങ്ങളിലെ പാർക്കിങ് സേവനങ്ങളെയും സമരം ബാധിച്ചേക്കും.

ഒക്ടോബർ 31ന് നിലവിലെ തൊഴിൽ കരാർ അവസാനിച്ചതിനെ തുടർന്ന് പുതിയ കരാറിനെച്ചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്. തൊഴിലുടമകൾ മുന്നോട്ടുവച്ച കരാർ നിർദേശം തൊഴിലാളികൾ തള്ളിക്കളഞ്ഞിരുന്നു. പണിമുടക്കിനുള്ള വോട്ടെടുപ്പിൽ 98 ശതമാനത്തിലധികം ജീവനക്കാർ അനുകൂലിച്ചതായി യൂണിയൻ അറിയിച്ചു. SP Plus/Mteropolis, LAZ Parking, Interpark, ABM തുടങ്ങിയ പ്രമുഖ പാർക്കിങ് കമ്പനികളിലെ ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

vachakam
vachakam
vachakam

ന്യായമായ തൊഴിൽ വ്യവസ്ഥകളും തൊഴിൽ നിയമങ്ങളുടെ പാലനവുമാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ അഞ്ചുവർഷത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും ചേർത്ത് 27 ശതമാനം വർധന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് തൊഴിലുടമകളുടെ സംഘടനയായ Chicago Parking Association വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഓഹെയർ വിമാനത്താവളത്തിലെ പാർക്കിങ് പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായി Chicago Department of Aviation അറിയിച്ചു. മിഡ്‌വേ വിമാനത്താവളത്തിലും കാര്യമായ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനസർവീസുകളെ സമരം നേരിട്ട് ബാധിച്ചതായും സ്ഥിരീകരണമില്ല. എന്നാൽ സമരം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ പാർക്കിങ് ഗാരേജുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള നടപടികളിലും കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

വിമാനയാത്രക്കാർ യാത്രയ്ക്ക് മുമ്പ് പാർക്കിങ് സൗകര്യങ്ങളുടെ പ്രവർത്തനസ്ഥിതി പരിശോധിക്കുകയും അധിക സമയം അനുവദിക്കുകയും ചെയ്യുന്നത് ഉചിതമാണ്. ഓഹെയറിലേക്ക് CTA ബ്ലൂ ലൈനും മിഡ്‌വേയിലേക്ക് ഓറഞ്ച് ലൈനും ബദൽ യാത്രാമാർഗങ്ങളായി ഉപയോഗിക്കാം.
സമരം എത്ര ദിവസം നീളുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തൊഴിലാളികളും പാർക്കിങ് കമ്പനികളും തമ്മിലുള്ള കരാർ ചർച്ചകളുടെ പുരോഗതിയനുസരിച്ചായിരിക്കും തുടർനടപടികൾ.

vachakam
vachakam
vachakam

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam