ന്യൂയോർക്ക്: റോയ് ജേക്കബ്, സാജൻ കുഴിപ്പറമ്പിൽ, ബിജു വലിയകല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള റോക്ക്‌ലാൻഡ് കൗണ്ടിയിലെ ന്യൂയോർക്ക് സോഷ്യൽ ക്ലബ്, ഇന്റർനാഷണൽ ഫോർമാറ്റിലുള്ള രണ്ടാമത് 56 ടൂർണമെന്റ് നവംബർ 22ന് ന്യൂയോർക്കിലെ ക്‌നാനായ സെന്ററിൽ സംഘടിപ്പിച്ചു.
അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽനിന്നുള്ള 20 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. നിശ്ശബ്ദമായ മനസ്സാന്നിധ്യവും അപ്രതീക്ഷിത നാടകീയതയും നിറഞ്ഞ വേദിയായി ക്‌നാനായ സെന്റർ മാറി. ധൈര്യത്തോടെ വിളികൾ ഉയർന്നു, കണക്കുകൂട്ടിയ സ്വരത്തിൽ തുറുപ്പുകൾ പ്രഖ്യാപിക്കപ്പെട്ടു;
ഒരു ഗുലാന്റെ പിഴച്ച നീക്കം മതിയായിരുന്നു ഒരു ഉച്ചനേരത്തെ മുഴുവൻ ശ്രദ്ധാപൂർവമായ അധ്വാനവും പാഴാക്കാൻ. അവസാന കൈയും കളിച്ചുതീർന്നപ്പോൾ, ചാമ്പ്യൻഷിപ്പ് പാരമ്പര്യമുള്ള കണക്റ്റിക്കട്ടിൽ നിന്നുള്ള മൂവർസംഘം പട്ടികയുടെ തലപ്പത്തെത്തി.
2023ലെ 56 ഇന്റർനാഷണൽ ചാമ്പ്യന്മാരായ കണക്റ്റിക്കട്ടിന്റെ മധു കുട്ടി, നിത്തിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവരടങ്ങിയ ടീമാണ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ ഇവർ എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച് ആദ്യ റൗണ്ട് റോബിൻ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അതേ മികവും ആത്മവിശ്വാസവും ഫൈനലിലേക്കും കൊണ്ടുപോയ ടീം കിരീടനേട്ടത്തോടെ മുന്നേറ്റം പൂർത്തിയാക്കി.
കഴിഞ്ഞ വർഷത്തെ ന്യൂയോർക്ക് സോഷ്യൽ ക്ലബ് അമ്പത്തിയാറ് ടൂർണമെന്റ് ജേതാക്കളായ ന്യൂജേഴ്‌സിയുടെ ജോസഫ് ചാമക്കാല, സന്തോഷ് ജോർജ്, ജോസ് വർക്കി എന്നിവരടങ്ങിയ ടീമായിരുന്നു ഫൈനലിലെ എതിരാളികൾ. പരിചയസമ്പന്നരായ രണ്ടു ടീമുകളുടെ ഏറ്റുമുട്ടൽ, വാശിയേറിയ മത്സരങ്ങൾ നിറഞ്ഞ ദിനത്തിന് ഉചിതമായ കലാശപ്പോരായി. ഒടുവിൽ കണക്റ്റിക്കട്ട് ടീം വിജയികളായി.
മൂന്നാം സ്ഥാനവും കണ്ര്രകിക്കട്ടിനായിരുന്നു. റെജി നെല്ലിക്ക, ജോ വെള്ളയിപറമ്പിൽ, ജോഷി ജോർജ് എന്നിവരടങ്ങിയ ടീമാണ് മൂന്നാം സമ്മാനം നേടിയത്. ഇതോടെ കണക്റ്റിക്കട്ടിലെ അമ്പത്തിയാറ്കളിക്കാർക്ക് അഭിമാനകരമായ നേട്ടങ്ങളുടെ ദിനമായി ടൂർണമെന്റ് മാറി.
വരാനിരിക്കുന്ന വലിയൊരു സംഗമത്തിന്റെ മുന്നൊരുക്കംകൂടിയായി ഈ മത്സരം. 2027 ഒക്ടോബറിൽ നടക്കുന്ന 28-ാമത് അന്താരാഷ്ട്ര അമ്പത്തിയാറ് ചാമ്പ്യൻഷിപ്പിന് ന്യൂയോർക്ക് സോഷ്യൽ ക്ലബ് ആതിഥ്യമരുളും.
അഭിമാനകരമായ ഈ വാർഷിക മത്സരത്തിനായി വിവിധ ദേശങ്ങളിലെ കളിക്കാരും അമ്പത്തിയാറ് പ്രേമികളും വീണ്ടും ഒത്തുചേരും.
നവംബറിലെ ടൂർണമെന്റ് വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സൂചനയാണെങ്കിൽ, തന്ത്രങ്ങളുടെ മാറ്റുരയ്ക്കലും ആവേശകരമായ പോരാട്ടങ്ങളും ചീട്ടുമേശയ്ക്കു ചുറ്റും പുതുക്കപ്പെടുന്ന സൗഹൃദങ്ങളും നിറഞ്ഞ ഒരു മഹാമേളയ്ക്കാണ് ന്യൂയോർക്ക് ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
