കനകക്കുന്നിൽ കലയുടെ ആഗോളവിരുന്ന്

OCTOBER 20, 2023, 8:58 PM

കേരളീയം കളറാക്കി വിദേശ വിദ്യാർത്ഥികൾ. കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർത്ഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി. 41 രാജ്യങ്ങളിൽ നിന്നുള്ള 162 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രൗഢമായ സംഗമത്തിൽ വിദേശ വിദ്യാർത്ഥികൾ അവതരിപ്പിച്ച തനത് കലാപ്രകടനങ്ങൾ സദസ്സിന് അപൂർവ അനുഭവമായി. വിയറ്റ്‌നാം മുതൽ സാംബിയ വരെയുള്ള രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളാണ് വേദിയിൽ അരങ്ങേറിയത്.

കനകക്കുന്ന് കൊട്ടാരത്തിൽ വ്യാഴാഴ്ച വൈകിട്ട് 5ന് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള വിദേശ വിദ്യാർത്ഥി സംഗമത്തിൽ കേരള സർവകലാശാലയിൽ വിവിധ കോഴ്‌സുകൾ പഠിക്കുന്ന 41 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സംബന്ധിച്ചത്. പരമ്പരാഗത വേഷമായ സെഷോഷു അണിഞ്ഞെത്തിയ ദക്ഷിണ ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിലെ വിദ്യാർത്ഥികൾ മുതൽ പഷ്തൂൺ വേഷം ധരിച്ച അഫ്ഗാനികൾ വരെ പരിപാടിയെ വർണാഭമാക്കി. യെമനി സ്വദേശി ഹുസൈൻ ഒമർ അലി ഹുസൈൻ അജീദ്, കൊളംബിയക്കാരി അന ലിലിയാന എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദ്യാർത്ഥി സംഘം പുഷ്പങ്ങൾ നൽകിയാണ് സംഗമത്തിനെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

കനകക്കുന്നിലെ മൈതാനത്ത് ഫോട്ടോസെഷനുള്ള സൗകര്യവും സെൽഫി പോയന്റും ലഘുഭക്ഷണത്തിന് തനി നാടൻതട്ടുകടയുമൊക്കെ വിദേശ വിദ്യാർത്ഥികൾക്കായി കേരളീയം സംഘാടകർ ഒരുക്കിയിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നടന്ന വിദേശ വിദ്യാർത്ഥികളുടെ കലാവിരുന്നിന് അഫ്ഗാനിസ്ഥാൻ സ്വദേശിയായ മുസ്തഫ സലീമിയും യെമനി വിദ്യാർത്ഥിനിയായ ഷെയ്മ സാലെയും അവതാരകരായി. സാംബിയ സ്വദേശിയായ മൊആമി മിലിമോയുടെ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

vachakam
vachakam
vachakam

ആഫ്രിക്കൻ സംഗീതത്തിന്റെ കരുത്തും സൗന്ദര്യവും വ്യക്തമാക്കുന്ന ഗാനത്തെ വലിയ ആരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. തുടർന്ന് തജികിസ്താനി വിദ്യാർത്ഥി ഫിർദൗസ് മൗല്യനോവിന്റെ നേതൃത്വത്തിൽ താജിക്കിസ്ഥാനെക്കുറിച്ചുള്ള അവതരണം അരങ്ങേറി. വിയറ്റ്‌നാം ഗായകൻ ഫാക്വിൻ ആനിന്റെ ഗാനത്തിനൊത്ത് മനോഹരമായി ചുവടുവെച്ചെത്തിയ വിയറ്റ്‌നാമീ വിദ്യാർത്ഥിനി ട്രാങ്ങും നോയയും ആ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതി. ദക്ഷിണ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയുടെ ഗ്രാമീണ കലാപൈതൃകം വ്യക്തമാക്കുന്ന നൃത്തവുമായാണ് ജൊഹാൻസ് മൊലാത്വയും സംഘവും തുടർന്നെത്തിയത്. രാജ്യത്തിന്റെ പതാക കയ്യിലേന്തി വേദിയിലെത്തിയ ഏഴംഗ സംഘം അവതരിപ്പിച്ച നൃത്തം ആഫ്രിക്കൻ നൃത്തത്തിന്റെ ലാളിത്യവും ചടുതലതയും വ്യക്തമാക്കുന്നതായിരുന്നു.

ഇറാഖിന്റെ സമ്പന്നമായ ചരിത്രപൈതൃകം വ്യക്തമാക്കുന്ന വീഡിയോയുമായി പരമ്പരാഗത വേഷത്തിലാണ് ഇറാഖി വിദ്യാർത്ഥി അലി സാദി അൽബേറെത്തിയത്. അഫ്ഗാനിസ്ഥാൻ സ്വദേശി ഫസീനിന്റെ അവതരണം, യെമനി വിദ്യാർത്ഥി നവാർ അബ്ദുൽ ഖൈർ സെയ്ഫ് അൽ ഷമേരിയുടെ വീഡിയോ പ്രദർശനവും എന്നിവയും നടന്നു.

ജോസ് കാടാപുറം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam