വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ഏറ്റവും അത്യാധുനിക മോഡലായ ജിപിടി-5.6 സോള്‍ (GPT-5.6 Sol) വിപണിയിലിറക്കാന്‍ ഓപ്പണ്‍എഐ തീരുമാനിച്ചു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുഎസ് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയ വിശ്വസ്തരായ പങ്കാളികള്‍ക്ക് മാത്രമായി മോഡലിന്റെ ഉപയോഗം ആദ്യഘട്ടത്തില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
എഐയുടെ അതിവേഗ വളര്‍ച്ചയും അവ സൃഷ്ടിക്കുന്ന സൈബര്‍ സുരക്ഷാ ഭീഷണികളും നിയന്ത്രിക്കാന്‍ യുഎസ് സര്‍ക്കാര്‍ നടത്തുന്ന അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് ഈ നടപടി. തങ്ങളുടെ ജിപിടി -5.6 സീരീസില്‍ മൂന്ന് വ്യത്യസ്ത ശേഷിയുള്ള മോഡലുകളാണ് ഓപ്പണ്‍ എഐ അവതരിപ്പിച്ചിരിക്കുന്നത്. ദീര്‍ഘ നേരം ചിന്തിച്ച് തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക മാക്‌സ്, അള്‍ട്രാ മോഡുകള്‍ സോള്‍ മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ദീര്‍ഘകാല പ്രൊഫഷണല്‍ ടാസ്‌കുകളില്‍ 50 ശതമാനം വരെ വിജയശതമാനം കാണിക്കുന്ന സോള്‍, കോഡിങ് പരീക്ഷണങ്ങളില്‍ മുന്‍ മോഡലുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. എഐ രംഗത്തെ മറ്റൊരു പ്രമുഖരായ ആന്ത്രാപിക് (Anthropic) വികസിപ്പിച്ച മിത്തോസ്, ഓപ്പണ്‍എഐയുടെ തന്നെ ജിപിടി-സൈബര്‍ എന്നിവ പ്രദര്‍ശിപ്പിച്ച അസാധാരണമായ ഹാക്കിങ്-പ്രതിരോധ ശേഷികളാണ് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തിയത്.
ഈ സാങ്കേതിക വിദ്യ ശത്രുക്കളുടെ കൈകളില്‍ അകപ്പെട്ടാല്‍ അത് ആഗോള സുരക്ഷയെത്തന്നെ ബാധിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ ഭയപ്പെടുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിന് പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ഇത്തരം കരുത്തുറ്റ മോഡലുകള്‍ പുറത്തിറക്കുന്നതിന് 30 ദിവസം മുമ്പ് സര്‍ക്കാരിന് പരിശോധനയ്ക്കായി നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ നിയമപരമായ ചട്ടക്കൂട് നിലവില്‍ വരുന്നതേയുള്ളൂ എന്നതിനാല്‍, താല്‍ക്കാലികമായി ഒരു ലിമിറ്റഡ് പ്രിവ്യൂ വഴി ഉപയോക്താക്കളുടെ പേരുകള്‍ സര്‍ക്കാരുമായി പങ്കുവെച്ച് അംഗീകാരം വാങ്ങാനാണ് ഓപ്പണ്‍ എഐ തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
