മൊബൈൽ ഫോണുകളിലേക്ക് വരുന്ന സ്പാം, തട്ടിപ്പ് കോളുകൾ എന്നിവ തടയാൻ സഹായിക്കുന്ന പുതിയ സംവിധാനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അംഗീകാരം നൽകി. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ ഫീച്ചർ നിലവിൽ വരുന്നതോടെ, ഒരു കോൾ വരുമ്പോൾ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് കൂടി സ്വീകർത്താവിൻ്റെ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇൻകമിംഗ് കോളുകളിൽ സുതാര്യത ഉറപ്പുവരുത്താനും രാജ്യത്ത് ഡിജിറ്റൽ ആശയവിനിമയത്തിലുള്ള വിശ്വാസം വർധിപ്പിക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് ടെലികോം വകുപ്പിൻ്റെ (DoT) പ്രതീക്ഷ.
ഈ സംവിധാനത്തിൽ, ഉപയോക്താവ് മൊബൈൽ സിം എടുക്കുമ്പോൾ നൽകിയ ഐഡി പ്രൂഫിലെ പേരാണ് കോളർ ഐഡിയായി സ്ക്രീനിൽ തെളിയുക. സിം വെരിഫിക്കേഷൻ സമയത്ത് ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക സബ്സ്ക്രൈബർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പേര് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് സിഎൻഎപി തയ്യാറാക്കുന്നത്.
ഈ വിവരങ്ങൾ ആധികാരികവും പരിശോധിച്ചുറപ്പിച്ചതുമായിരിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാക്കുമെന്ന് ട്രായ് അറിയിച്ചു. അതേസമയം, ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് തങ്ങളുടെ സേവനദാതാവിനെ ബന്ധപ്പെട്ട് അത് ഡിസേബിൾ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
നിലവിൽ, ഇന്ത്യൻ ടെലികോം കമ്പനികൾ ഇൻകമിംഗ് കോളുകളിൽ കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ വഴി നമ്പർ മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. അതിനാൽ, വിളിക്കുന്നയാളെ തിരിച്ചറിയാൻ ഉപയോക്താക്കൾ ‘ട്രൂകോളർ’ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ CNAP വരുന്നതോടെ ഇനി ട്രൂകോളറിൻ്റെ ആവശ്യമില്ലാതാകും. സ്‌മാർട്ട്‌ഫോണുകളിലും സാധാരണ ഫീച്ചർ ഫോണുകളിലും ഒരുപോലെ പ്രവർത്തിക്കുന്ന സർക്കാർ പിന്തുണയുള്ള ഒരു കോളർ ഐഡി സംവിധാനമായി CNAP ഭാവിയിൽ മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
