മുംബൈയ് തകർത്ത് ചെന്നൈ

APRIL 15, 2024, 10:45 AM

പേസർ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായപ്പോൾ ഐ.പി.എൽ 2024 സീസണിലെ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 റൺസിന്റെ ആവേശജയം. സി.എസ്.കെ മുന്നോട്ടുവെച്ച 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി (63 ബോളിൽ 105*) പാഴായി. സ്‌കോർ: ചെന്നൈ സൂപ്പർ കിംഗ്‌സ് 206/4 (20), മുംബൈ ഇന്ത്യൻസ് 186/6 (20). 11-ാം ഓവറിൽ നൂറ് കടന്നിട്ടും ചെന്നൈ ബൗളർമാരുടെ തിരിച്ചുവരവിൽ മുംബൈ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. മുംബൈ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യക്ക് ബാറ്റിംഗിൽ തിളങ്ങാനായില്ല.

മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് മുംബൈ ഇന്ത്യൻസിന് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് ചേർത്തു. പവർപ്ലേ കഴിഞ്ഞുള്ള രണ്ടാം ഓവറിൽ പേസർ മതീഷ പതിരാനയെ പന്തേൽപിച്ച സി.എസ്.കെ നായകൻ റുതുരാജ് ഗെയ്ക്‌വാദിന്റെ തന്ത്രം വിജയിച്ചു. ആദ്യ പന്തിൽ ഫ്‌ളിക്കിന് ശ്രമിച്ച ഇഷാൻ കിഷൻ മിഡ് വിക്കറ്റിൽ ഷർദുൽ താക്കൂറിന്റെ ക്യാച്ചിൽ വീണു. 15 പന്തിൽ 23 റൺസാണ് ഇഷാൻ നേടിയത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ സൂര്യകുമാർ യാദവിനെ ഒരു പന്തിന്റെ ഇടവേളയിലും പതിരാന പറഞ്ഞയച്ചു. അപ്പർകട്ട് കളിച്ച് തേഡ്മാനിൽ മുസ്താഫിസൂറിന്റെ തകർപ്പൻ ക്യാച്ചിൽ സ്‌കൈ മടങ്ങുമ്പോൾ അക്കൗണ്ട് തുറന്നിരുന്നില്ല.

മൂന്നാം വിക്കറ്റിൽ തിലക് വർമ്മയ്‌ക്കൊപ്പം തകർത്തടിച്ച് രോഹിത് ശർമ്മ 11-ാം ഓവറിൽ മുംബൈയെ 100 കടത്തി. ടീം സ്‌കോർ 130ൽ നിൽക്കേ തിലകിനെ (20 പന്തിൽ 31) ഷർദുലിന്റെ കൈകളിൽ സമ്മാനിച്ച് പതിരാന വീണ്ടും വഴിത്തിരിവുണ്ടാക്കി. പതിരാനയ്ക്ക് പിന്നാലെ ഷർദുലും തകർത്ത് എറിഞ്ഞതോടെ മുംബൈ ഇന്ത്യൻസ് 15 ഓവറിൽ 132-3. 16-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ ഹാർദിക് പാണ്ഡ്യക്ക് പണി കൊടുത്തു. പാണ്ഡ്യ 6 ബോളിൽ 2 റൺസ് മാത്രമായി ഔട്ടായി. രണ്ട് സിക്‌സടിച്ച് ആവേശം കൂട്ടിയ ബിഗ് മാൻ ടിം ഡേവിഡിനെ (5 പന്തിൽ 13) 17-ാം ഓവറിൽ മുസ്താഫിസൂർ പുറത്താക്കി. 18-ാം ഓവറിൽ റൊമാരിയോ ഷെപ്പേഡിനെ (2 പന്തിൽ 1) ബൗൾഡാക്കി പതിരാന നാല് വിക്കറ്റ് തികച്ചു.

vachakam
vachakam
vachakam

അവസാന രണ്ട് ഓവറിൽ 47 റൺസാണ് മുംബൈ ഇന്ത്യൻസിന് ജയിക്കാനായി വേണ്ടിയിരുന്നത്. ഇതിലേക്ക് എത്താൻ മുംബൈക്ക് കഴിയാതെ വന്നപ്പോൾ രോഹിത് 61 പന്തിൽ തികച്ച സെഞ്ചുറി മാത്രമായി ഹോംഗ്രൗണ്ടിലെ കാണികൾക്ക് ആശ്വാസം. രോഹിത് ശർമ്മ 63 പന്തിൽ 105* ഉം, മുഹമ്മദ് നബി ഏഴ് പന്തിൽ 4*ഉം റൺസുമായി പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 206 റൺസ് എന്ന പടുകൂറ്റൻ സ്‌കോർ എഴുതിച്ചേർക്കുകയായിരുന്നു. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ ഹാട്രിക് സിക്‌സറിന് പറത്തിയാണ് സിഎസ്‌കെയെ 200 കടത്തിയത്. ധോണിയുടെ ഈ പ്രകടനമാണ് സി.എസ്.കെയുടെ ജയത്തിൽ നിർണായകമായ ഒരു ഘടകം. എം.എസ്. ധോണി 4 പന്തിൽ 20* ഉം, ശിവം ദുബെ 38 പന്തിൽ 66* ഉം റൺസുമായി പുറത്താവാതെ നിന്നപ്പോൾ ക്യാപ്ടൻ റുതുരാജ് ഗെയ്ക്‌വാദിന്റെ ഇന്നിംഗ്‌സും (40 പന്തിൽ 69) ചെന്നൈക്ക് നിർണായകമായി.

അജിങ്ക്യ രഹാനെ (8 പന്തിൽ 5), രചിൻ രവീന്ദ്ര (16 പന്തിൽ 21), ഡാരിൽ മിച്ചൽ (14 പന്തിൽ 17) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ. മുംബൈക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും 43 റൺസ് വഴങ്ങി ബൗളിംഗിലും നിരാശനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam