വോട്ടിനു നേരെ കണ്ണു പൂട്ടി യുവ തലമുറ

JANUARY 8, 2025, 11:58 PM

ഭാസുരമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെന്ന് ജനനേതാക്കൾ ആവർത്തിച്ചു പറയുമ്പോഴും വോട്ടെടുപ്പിനോട് പുതുതലമുറ കാണിക്കുന്നത് തികഞ്ഞ നിസംഗതയും വിമുഖതയും. ആശങ്കാകുലരാണിക്കാര്യത്തിൽ കേരളത്തിലേതുൾപ്പെടെ സാമൂഹിക നിരീക്ഷകർ. ജനാധിപത്യ വിശ്വാസികളുടെ ശുഭാപ്തി വിശ്വാസത്തിൽ വലിയ വിള്ളൽ വീഴ്ത്തുന്നതാണ് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി തയാറാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ തിരുവനന്തപുരത്ത് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ.

പ്രായപൂർത്തിയെത്തുന്ന ഏതൊരു പൗരന്റെയും ഭരണഘടനാദത്തമായ അവകാശമാണ് വോട്ട്. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുൾപ്പെടെ ഏതു പ്രായക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കി ആ അവകാശം യഥാവിധി വിനിയോഗിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മുതൽ പാർലമെന്റിലേക്കു വരെ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ജനാഭിലാഷം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദികൾ തന്നെ. പക്ഷേ, കേരളത്തിലെ യുവതലമുറ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടുവരാതെ ഒഴിഞ്ഞു മാറുമ്പോൾ ഒട്ടും ശുഭകരമല്ല ആ പ്രവണതയുടെ സൂചന. വോട്ടിംഗ് പ്രായമെത്തിയ യുവതീയുവാക്കളിൽ എഴുപതു ശതമാനം പേരും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ല.

സംസ്ഥാനത്തു പ്രായക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാർ 40-49 വിഭാഗത്തിൽ ആണുള്ളത് 59.24 ലക്ഷം പേർ. പത്തുലക്ഷത്തോളം പേർ 18നും 19നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 18 വയസു തികയുന്നവർക്ക് വോട്ടവകാശമുണ്ട്. പക്ഷേ, ഇവരിൽ 2.98 ലക്ഷം പേർ മാത്രമേ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടുവന്നുള്ളൂ. ഏഴുലക്ഷത്തോളം പേർക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലെന്നാണ് ബഹുഭൂരിപക്ഷം യുവതീ യുവാക്കളും തിരഞ്ഞെടുപ്പിനോട് മുഖം തിരിഞ്ഞു നിൽക്കുന്നതിൽ നിന്ന് മനസിലക്കേണ്ടത്. യുവാക്കളെല്ലാം നാടുവിടുന്നുവെന്ന വിലാപത്തിന്റെ അനുബന്ധമായി ലഘൂകരിച്ചു കാണാനാകാത്ത കണക്കാണിത്. ഭൂരിഭാഗം പേരും പട്ടികയിൽ പേരു ചേർക്കുന്നില്ലെന്നും ചേർക്കുന്നവരിൽ പലരും വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നും പഠനങ്ങളിലൂടെ വ്യക്തമായതായി അധികൃതർ പറയുന്നു.

vachakam
vachakam
vachakam

പഠനത്തിനായും മറ്റും വിദേശത്തു കുടിയേറുന്നവരുടെ എണ്ണം വർധിച്ചതാണ് ഒരു കാരണമെന്നാണു നിഗമനം. മറ്റു കാരണങ്ങൾ എന്താണെന്നു പഠിക്കാൻ ഏജൻസിയെ നിയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. കൂടുതൽ യുവാക്കളെ പട്ടികയുടെ ഭാഗമാക്കാൻ സ്‌കൂളുകളിലും കോളേജുകളിലും എത്തിയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുമത്രേ. ബംഗാളിലോ ബിഹാറിലോ അല്ല സാക്ഷരതയുടെ കാര്യത്തിലും സമൂഹമാധ്യമ ഉപയോഗത്തിലും മുമ്പന്തിയിൽ നിൽക്കുന്നതും അമിത രാഷ്ട്രീയ പ്രസരത്തിന്റെ പഴി ഏറെ കേൾക്കുന്നതുമായ കേരളത്തിലിനി ഇക്കാര്യത്തിനായുള്ള ബോധവൽക്കരണത്തിലൂടെയും ഖജനാവിൽ നിന്നു പണം ചോരുമെന്നു ചുരുക്കം.

നിലവിലെ കണക്കു പ്രകാരം മുപ്പതിനും അറുപതിനും ഇടയ്ക്ക് പ്രായക്കാരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ 58 ശതമാനവും. 18നും 19നുമിടയ്ക്ക് വരുന്നത് വെറും 1.07 ശതമാനം. തിരഞ്ഞെടുപ്പിനോടും വോട്ടെടുപ്പിനോടുമുള്ള യുവതയുടെ ഈ വിമുഖത രാഷ്ട്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു നിരീക്ഷകർ. നാടിന്റെ വികസന പ്രശ്‌നങ്ങളുൾപ്പെടെ പല കാര്യങ്ങളിലും ഇടപെടേണ്ട യുവ തലമുറയാണ് ഇപ്രകാരം മാറിനിൽക്കുന്നത്. നാട്ടു കാര്യങ്ങൾ രാഷ്ട്രീയക്കാർ നോക്കട്ടെ എന്ന ചിന്താഗതി വളരുന്നു. ഈ സ്ഥിതിവിശേഷത്തിന് പ്രധാന കാരണക്കാർ രാഷ്ട്രീയക്കാർ തന്നെയാണെന്നതാണു യാഥാർത്ഥ്യം. രാഷ്ട്രീയത്തെ ഗ്രസിച്ച പല വിധ ദുഷ്പ്രവണതകൾ സാധാരണ വോട്ടർമാരെ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നു.

ഏറ്റവുമധികം ഉദ്യോഗസ്ഥന്മാരും വിദ്യാസമ്പന്നരുമുള്ള മണ്ഡലങ്ങളാണ് വോട്ടിംഗ് ശതമാനത്തിൽ പ്രയേണ പിന്നിലായതെന്ന്് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ഡാറ്റ പരിശോധിച്ചാൽ ബോദ്ധ്യമാകും. മറ്റു വിഭാഗം വോട്ടർമാർക്കും പണ്ടത്തെപ്പോലെ തിരഞ്ഞെടുപ്പിനോട് താത്പര്യം കുറഞ്ഞുവരുന്നതിന്റെ സൂചനകളാണുള്ളത്. മണി പവറും മസിൽ പവറും കൊലപാതകങ്ങളും രാഷ്ട്രീയത്തെ വിഴുങ്ങിയതിനോടു ജനങ്ങൾക്കു പ്രതികരിക്കാൻ വേറെ വഴിയില്ലാത്തതാകാം ഇതിനു കാരണമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ പറയുന്നുണ്ട്. നാടിന്റെ പൊതുവായ പല കാര്യങ്ങളിലും യുവ തലമുറ ക്രിയാത്മകമായി ഇടപെടാറുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ചിന്താശക്തി വേണ്ടിടത്ത് പങ്കാളിത്തം ശുഷ്‌കം.

vachakam
vachakam
vachakam

വളർന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെ നാനാതരത്തിലുള്ള ഭരണപരാജയങ്ങൾ ഏതു പൗരന്റെയും ഉത്കണ്ഠ വളർത്തുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചുവരുന്നവർക്ക് നാടിനെ ഒന്നായി കാണാനും വികസനത്തിന്റെ സദ്ഫലങ്ങൾ പക്ഷപാത രഹിതമായി പങ്കിടാനും കഴിയുന്നില്ലെങ്കിൽ സാധാരണക്കാർ ജനാധിപത്യ സംവിധാനങ്ങളിൽ നിന്ന് അകലുന്നതിന്റെ ആകുലത അവശേഷിക്കും. രാഷ്ട്രീയത്തിലെ കാപട്യമാണ് യുവജനങ്ങളെ വെറുപ്പിക്കുന്നതെന്ന കാര്യം അംഗീകരിച്ച് ഈ പ്രവണത മാറ്റിയെടുക്കാൻ രാഷ്ട്രീയക്കാർക്കു കഴിയാതെവന്നാൽ ഗുരുതരമാകും പ്രത്യാഘാതം. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിൽ ഈ ബോധ്യം വരില്ലെന്നു ചിന്തിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് അവർ ആവർത്തിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത്.

സ്തുതിയും പുകഴ്ചയും കൊലപാതകികൾക്ക്

കൊലപാതകികൾക്കു സി.പി.എം സ്വീകരണമൊരുക്കി വീരപരിവേഷം ചാർത്തിയത് അതീവ വിസ്മയത്തോടെയാണ് ഈയിടെ നാടു കണ്ടത്. പാർട്ടിയേതായാലും കൊലപാതകം ഏറ്റവും വലിയ കുറ്റം തന്നെ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണവർ കണ്ണൂർ സെൻട്രൽ ജയിലിലായത്. ഈ വിധിക്കെതിരെ മേൽക്കോടതിയിൽ പോകാൻ അവർക്ക് അവകാശമുണ്ട്. അതാണു നിയമപരമായ വഴി. ആ വഴി സ്വീകരിക്കുന്നതിനു പകരം, കുറ്റക്കാർ തങ്ങളുടെ ആളുകളായതിനാൽ പാർട്ടി സ്വയം അവരെ കുറ്റ വിമുക്തരായി കാണുകയും വീരൻമാരായി വാഴ്ത്തുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെത്തന്നെ പരിഹസിക്കന്നതിനു തുല്യം. ഇത്തരം ചെയ്തികൾ സമൂഹത്തിലേ്ക്കു പ്രസരിപ്പിക്കുന്ന സന്ദേശമെന്തെന്നത് സി.പി.എമ്മിനു വിഷയമേയല്ല.

vachakam
vachakam
vachakam

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും അണികളുമാണ് കൊലക്കുറ്റവാളികൾക്കു സ്വീകരണമൊരുക്കിയത്. അതിനെതിരെ ഭരണകക്ഷിയോ അതിന്റെ മുതിർന്ന നേതാക്കളോ പ്രതികരിക്കാൻ പോലും തയ്യാറായില്ല. തങ്ങളുടെ കാര്യം തങ്ങൾതന്നെ തീരുമാനിക്കുമെന്നും പാർട്ടിക്കു മേലേ ഒന്നുമില്ലെന്നും ഉണ്ടാവാൻ അനുവദിക്കില്ലെന്നുമുള്ള ധാർഷ്ട്യം പ്രകടം. സ്വീകരിക്കാൻ ഇറങ്ങിയവർക്കിടയിലും സ്വീകരിക്കപ്പെട്ടവർക്കിടയിലും മുൻ എം.എൽ.എമാരുമുണ്ടായിരുന്നു. ജനങ്ങളെ നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ നിയമത്തെ വെല്ലുവിളിക്കുന്ന വിചിത്രമായ കാഴ്ച. ജയിൽ കാണിച്ചു തങ്ങളെ വിരട്ടേണ്ടെന്നാണ്, ഈ പരിപാടിക്കു നേതൃത്വം കൊടുത്ത പാർട്ടി നേതാവ് പി.ജയരാജൻ പറഞ്ഞത്.

ഇനി ഇവർതന്നെ ജനനായകരായി വോട്ടു ചോദിക്കാൻ ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കുകയും ചെയ്യും. പ്രതികളെ സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും ജയിലിലെത്തി സന്ദർശിച്ചതും ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായി. ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും സെൻട്രൽ ജയിലിലെത്തിയത്. അരാജകത്വത്തെ അലങ്കാരമായി കൊണ്ടുനടക്കുന്ന പാർട്ടിയാണ് സി.പി.എം എന്നാണരോപണം. കൊലക്കുറ്റത്തിനു ശിക്ഷകഴിഞ്ഞിറങ്ങിയവരെ മാലയിട്ടു സ്വീകരിച്ച് എഴുന്നള്ളിച്ച ചരിത്രം ആ പാർട്ടിക്കു നേരത്തേയുമുണ്ട്.

വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷനിലും ബോംബു നിർമിക്കുമെന്നു പ്രഖ്യാപിച്ച നേതാവ് പാർട്ടിക്കുണ്ടായിരുന്നു. അദ്ദേഹം പിന്നീടു ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു. പാർട്ടിക്കുതന്നെ പൊലീസും കോടതിയുമൊക്കെയുണ്ടെന്നു പ്രഖ്യാപിക്കുകയും ആ കോടതിയുടെ വിധി നടപ്പാക്കിക്കാണിക്കുകയും ചെയ്ത പാർട്ടി ഒരാളെ പരസ്യമായി വിചാരണ ചെയ്ത് കുറ്റക്കാരനായി പ്രഖ്യാപിച്ചു. ശിക്ഷവിധിച്ച് അതു പരസ്യമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. സഹപാഠിയെ വീട്ടിൽ നിന്നു വിളിച്ചുവരുത്തി, കുത്തിക്കൊല്ലാൻ ജിഹാദികൾക്ക് ഇട്ടുകൊടുത്ത കുട്ടിസഖാക്കളുടെ പാർട്ടിയെന്ന ആക്ഷേപവുമുണ്ട്.

പരുമലയിൽ കൊലയാളിക്കൂട്ടത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ പുഴയിൽ ചാടിയ സഹപാഠികളെ കരയ്ക്കടുപ്പിക്കാതെ എറിഞ്ഞു മുക്കിത്താഴ്ത്തിക്കൊന്നവരുടെ പാരമ്പര്യവും സ്വന്തമാണ് സി.പി.എമ്മിന്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതും അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ മുൻസഹചാരിയായിരുന്ന ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിക്കൊന്നതും പാർട്ടി അലങ്കാരമായി തലയിൽ അണിയുന്നു. അധ്യാപികയ്ക്കു കുഴിമാടം തീർക്കുകയും ഗുരുനാഥനെ രണ്ടുകാലിൽ കോളജിൽ വരാത്ത പരുവത്തിലാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു അവരുടെ വിദ്യാർത്ഥി സംഘടനയിലുള്ളവർ. അതിനെയൊക്കെ കൊണ്ടാടുന്ന മുതിർന്നവരുടെ നിരയുമുണ്ട് പാർട്ടിയിൽ.

രണ്ടു ദശാബ്ദം മുമ്പ് നടന്ന കൊലപാതകത്തിൽ ഒമ്പത് ആർ.എസ്.എസ് ബി.ജെ.പി. പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതും ഇതിനിടെ കേരളം വിസ്മയത്തോടെ കണ്ടു. കണ്ണപുരം ചുണ്ടയിൽ സി.പി.എം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി റൂബി കെ. ജോസ്് വിധി പറഞ്ഞത്. കേസിലെ മൂന്നാം പ്രതിയായിരുന്ന കെ.ടി. അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികൾ കൊലപാതകം, വധശ്രമം എന്നിവയിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി.

2005 ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ കണ്ണപുരത്തെ സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ റിജിത്തിനെ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മൂന്ന് സി.പി.എം പ്രവർത്തകരായ നികേഷ്, വിമൽ, വികാസ് എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ അഴിമതിക്കേസിൽ കോൺഗ്രസ് പ്രതിരോധത്തിലാകുന്നതിനും നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. വയനാട് ജില്ലാ കോൺഗ്രസ് ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെ നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ബാങ്ക് നിയമനത്തിൽ കോഴ വാങ്ങിയെന്നത് ഉൾപ്പെടെയാണ് ആരോപണങ്ങൾ. വിഷം കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയ വിജയനെയും ശാരീരിക പ്രയാസം നേരിടുന്ന മകനെയും ആശുപത്രിയിലാക്കുകയും ചികിത്സയ്ക്കിടെ വിജയൻ മരിക്കുകയുമായിരുന്നു.

ആത്മഹത്യ പരപ്രേരണയാലാണെന്നും കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷത്തുനിന്നു മാത്രമല്ല കോൺഗ്രസിനകത്തുനിന്നും പരാതി ഉയർന്നു. അവയെല്ലാം കേവലം രാഷ്ട്രീയ ആരോപണങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു എം.എൽ.എ ഉൾപ്പെടെയുള്ളവർ. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചില കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിജയൻ എഴുതി വീട്ടുകാരെ ഏല്പിച്ച കത്ത് വെളിപ്പെടുത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, സ്ഥലം എം.പി പ്രിയങ്ക ഗാന്ധി, മുൻ വയനാട് പ്രതിനിധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവർക്കും തനിക്കുമായുള്ള കത്തുകൾ മകൻ വിജേഷ് പുറത്തുവിട്ടു.

ബത്തേരി അർബൻ ബാങ്കിലെ നിയമനത്തട്ടിപ്പിൽ പല നേതാക്കളും പണം വാങ്ങി, ബാങ്ക് ഭരണം പിടിക്കാൻ നിയമനക്കോഴയിലൂടെ പണം സമാഹരിച്ചു, നിയമനം റദ്ദാക്കപ്പെട്ടപ്പോൾ പണം തിരിച്ചുകൊടുത്തില്ല, എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകി എന്നിങ്ങനെ പല വിവരങ്ങളാണ് കത്തിലുള്ളത്. കത്തിന് കടലാസ് വില പോലും കല്പിക്കാത്ത കോൺഗ്രസ് നേതാക്കളുടെ മനുഷ്യത്വരഹിതമായ സമീപനത്തെക്കുറിച്ചും മകൻ പരസ്യമായി പരാതി പറയുന്നുണ്ട്. മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസാരിക്കുന്ന തെളിവുകളാണ് വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു സി.പി.എം.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam