തിരുവനന്തപുരം: എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാര്‍ട്ടി പാര്‍ട്ടിയുടെ അന്വേഷണവുമായി മുന്നോട്ട് പോകും. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കും. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എഫ്.ഐ.ആര്‍ എടുത്തതിനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി അന്വേഷണം പൊലീസ് അന്വേഷണത്തെ ബാധിക്കില്ല. പാര്‍ട്ടിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണം. സി.പി.എമ്മിനെ പോലെ പാര്‍ട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ല. സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സി.പി.എമ്മില്‍ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല, പാര്‍ട്ടി അന്വേഷണം മാത്രമെ നടക്കാറുള്ളൂ.
രണ്ടു ദിവസം മുന്‍പാണ് എന്റെ മുന്നില്‍ പരാതി വരുന്നത്. എന്‍.എം വിജയനെ വ്യക്തിപരമായി അറിയാമായിരുന്നെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. കെ.പി.സി.സി പ്രസിഡന്റിനും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടുമായിരുന്നു. കുടുംബത്തിന് പാര്‍ട്ടി നേതാക്കള്‍ വഴി സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ, അതാണോ ആത്മഹത്യയ്ക്ക് കാരണം എന്നൊക്കെ അന്വേഷിക്കണം.
വ്യക്തികളാണെങ്കിലും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരാണ് ചെയ്തതെങ്കില്‍ പാര്‍ട്ടിക്ക് കുടുംബത്തോട് ഉത്തരവാദിത്തമുണ്ട്. കേസ് ഒതുക്കി തീര്‍ക്കാനല്ല, കുടുംബത്തെ എങ്ങനെ സഹായിക്കാം എന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്.
പാര്‍ട്ടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതില്‍ തീരുമാനം എടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നതിനിടയില്‍ അതേക്കുറിച്ച് പറയുന്നത് ഉചിതമല്ല. സത്യസന്ധവും നീതിപൂര്‍വകവുമായ നടപടിയെ സ്വീകരിക്കൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്