ലോക ബാങ്ക് വായ്പ വീണ്ടും; ഭദ്രമാകട്ടെ ആരോഗ്യം

OCTOBER 29, 2025, 6:51 AM

വിവര സങ്കേതിക വിദ്യയുടെ പിന്നാലെ കൃത്രിമ ബുദ്ധിയുമെത്തി സാമ്പത്തിക മേഖലകളെ ഇളക്കി മറിക്കുന്നതിനിടെ മെഡിക്കൽ ഇക്കോണമിക്കു കേരളത്തിൽ പുതിയ സരണികളൊരുങ്ങുന്നു. മലയാളി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷ സമ്പൂർണമാക്കാൻ 28 കോടി ഡോളർ (ഏകദേശം 2,455 കോടി രൂപ) വായ്പ അനുവദിക്കുന്നതിന് ലോക ബാങ്ക് എടുത്ത തീരുമാനം ഈ പശ്ചാത്തലത്തിൽ ഗൗരവമേറിയ ചർച്ചയ്ക്കു വിഷയമായിക്കഴിഞ്ഞു. സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളിലെ കൂറ്റൻ ബില്ലുകൾ ഇ.എം.ഐ ആയി നൽകാൻ വായ്പ്പ നൽകുന്ന ധനകാര്യ ഏജൻസികളെ അനുകരിച്ചെത്തിയ ലോക ബാങ്കിനെ സാഷ്ടാംഗം നമിക്കുന്നു കേരളത്തിലെ ഇടതു മുന്നണി സർക്കാർ.

കേരളത്തിനു ലഭിക്കുന്ന വായ്പ്പത്തുക 25 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. അഞ്ച് വർഷത്തെ ഗ്രേസ് പീരിയഡ് ലഭിക്കുമെന്നതാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ഓഫറുകളിലൊന്ന്. ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വർധിപ്പിക്കുന്നതിന് ലോക ബാങ്കിന്റെ പിന്തുണയെന്ന് ഇടതു മുന്നണി നേതാക്കൾ ഉദ്‌ഘോഷിക്കുമ്പോൾ ഇത്തരം വായ്പ്പകളെ അടച്ചാക്ഷേപിച്ച കാലം അത്ര പഴകിയിട്ടില്ലെന്നത് അവർ മറക്കുന്നു. 2023ൽ ആരോഗ്യവകുപ്പ് നൽകിയ പദ്ധതിയാണ് ലോക ബാങ്ക് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

ആരോഗ്യ സംബന്ധമായ ഡാറ്റ പ്രകാരം പല മേഖലയിലും മെച്ചപ്പെട്ട നിലയിലാണെങ്കിലും പ്രമേഹം, രക്തസമ്മർദ്ദം, അർബുദം പോലെയുള്ള രോഗങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരികയാണെന്ന് ലോക ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്ത 'കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം' നടപ്പാക്കുന്നതിനാണ് വായ്പ. സംസ്ഥാനത്തെ ആരോഗ്യപരമായി ദുർബലരായവരുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. പണം മുൻകൂർ നൽകില്ല. ലോക ബാങ്ക് നിർദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്ന മുറയ്‌ക്കേ ലഭിക്കൂ.

vachakam
vachakam
vachakam

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വയോജന ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ലോകത്തിന് മാതൃകയാവുന്ന പ്രവർത്തനം നടത്താൻ ആരോഗ്യവകുപ്പ് നിർബന്ധിതമായിരിക്കുകയാണ് ലോക ബാങ്ക് വായ്പ വഴി. മെഡിക്കൽ ഇക്കോണമിയുടെ പുതിയ മാതൃകകൾക്ക് അരങ്ങൊരുങ്ങുമെന്നു വ്യക്തം. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 90 ശതമാനത്തോളം രോഗികൾക്ക് ഇലക്ട്രോണിക്‌സ് ട്രാക്കിംഗ് സംവിധാനത്തിലൂടെ ചികിത്സയും പിന്തുണയും ഒരുക്കുന്നതിനായാണ് വായ്പ്പത്തുക മുഖ്യമായും ചെലവഴിക്കുക.

കിടപ്പുരോഗികൾക്ക് വീടുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് ഉൾപ്പെടെ ദുർബലരായ വയോജനങ്ങൾക്ക് സമഗ്ര ആരോഗ്യ സേവനങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനാകുന്ന ആരോഗ്യ സംവിധാനം, പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ എല്ലാ തലങ്ങളിലും ചികിത്സയുടെ ഗുണനിലവാരം ഉയർത്തൽ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുക, ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങൾ (ഇഹെൽത്ത്) കൂടുതൽ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിക്ക് കീഴിൽ വിഭാവനം ചെയ്യുന്നത്.

പ്രളയാനന്തര പുനർനിർമാണം, നഗരങ്ങളിലെ മാലിന്യ സംസ്‌കരണം, റോഡുകളുടെ നിലവാരം ഉയർത്തൽ തുടങ്ങി പല പദ്ധതികൾക്കും നേരത്തേ കേരളം ലോക ബാങ്കിന്റെ വായ്പയും സങ്കേതിക സഹായവും തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക അടിത്തറയ്ക്ക് കടുത്ത വിള്ളൽ സൃഷ്ടിച്ച 2018 ലെ മഹാപ്രളയാനന്തരം നടപ്പാക്കിയ പുനർനിർമാണപുനരുദ്ധാരണ പദ്ധതിക്ക് ലോക ബാങ്ക് നൽകിയ 250 മില്യൺ ഡോളറിന്റെ വായ്പ വലിയ ആശ്വാസമായിരുന്നു. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ആധുനികവത്കരണവും പരിസ്ഥിതി സൗഹൃദ മാലിന്യ ശേഖരണവും പുനരുപയോഗ സംവിധാനവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച 2022ലെ 'ഖരമാലിന്യ സംസ്‌കരണ പദ്ധതി'ക്ക് 105 മില്യൺ ഡോളർ ലോക ബാങ്ക് വായ്പ ലഭിക്കുകയുണ്ടായി.

vachakam
vachakam
vachakam

വായ്പയെന്ന നിലയിൽ തിരിച്ചടവ് ബാധ്യതയുണ്ടെങ്കിലും കേന്ദ്ര സഹായം അടിക്കടി പരിമിതപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസം നൽകുകയും വികസന രംഗത്ത് മുതൽക്കൂട്ടാകുകയും ചെയ്തു. ആരോഗ്യരംഗത്ത് കേരളം പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വർഷങ്ങളായി ഏറെ മുന്നിലാണെന്നത് അനിഷേധ്യം. ക്രൈസ്തവ സഭാ വിഭാഗങ്ങൾ നടത്തുന്ന നിരവധി ആശുപത്രികൾ ഉൾപ്പെടുന്ന സ്വകാര്യ മേഖലയാണ് ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ചതെന്നതും വ്യക്തം. എങ്കിലും ക്യാൻസർ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളുള്ളത്. ദേശീയ ശരാശരി പുരുഷന്മാരിൽ ഒരു ലക്ഷത്തിൽ 105ഉം സ്ത്രീകളിൽ 103ഉം ആണ് ക്യാൻസർ രോഗികളുടെ എണ്ണമെങ്കിൽ കേരളത്തിൽ ഇത് 243 ഉം 219 ഉം ആണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഏറ്റവും ഒടുവിൽ നടത്തിയ പഠനത്തിൽ പറയുന്നത് ആറ് പുരുഷന്മാരിൽ ഒരാൾക്ക് വീതവും എട്ട് വനിതകളിൽ ഒരാൾക്ക് വീതവും 75 വയസിന് മുമ്പ് ക്യാൻസർ ബാധിക്കാനുള്ള സാദ്ധ്യത ഉണ്ടെന്നാണ്. ഭക്ഷണം ഉൾപ്പെടെ ജീവിതശൈലിയിൽ വന്ന അനാരോഗ്യകരമായ പ്രവണതകളാണ് ക്യാൻസർ രോഗം വർദ്ധിക്കാനുള്ള പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ക്യാൻസർ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ശ്രദ്ധ ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾക്കും പ്രതിരോധ നടപടികൾക്കും നൽകേണ്ടത് അനിവാര്യം. സാമ്പത്തിക വൈഷമ്യം മൂലം ഇക്കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സർക്കാരിനു കഴിയുന്നില്ലെന്ന നിരീക്ഷണം തള്ളാനുമാകില്ല.

'കാരുണ്യം' മങ്ങി

vachakam
vachakam
vachakam

കാരുണ്യ പദ്ധതി പ്രകാരം ആശുപത്രികൾക്ക് നൽകേണ്ട കുടിശിക 40 കോടിയിലേറെ ആയിക്കഴിഞ്ഞു. ഇതു മൂലം പല ആശുപത്രികളും കാരുണ്യ സേവനം നിറുത്തിവച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ആശയ വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പിനാകുന്നില്ല. ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്ന പണം ഇതുപോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനായും വിനിയോഗിക്കേണ്ടിയിരിക്കുന്നു. ദേശീയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം മലയാളികൾക്കു നിഷേധിക്കപ്പെടുന്ന ദുരവസ്ഥയ്ക്കു വിരാമമിടാൻ ഇടതു മുന്നണി സർക്കാർ എന്നു സന്നദ്ധമാകുമെന്ന ചോദ്യവും തീവ്രമാകുന്നുണ്ട്. പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനേക്കാൾ ഈ പദ്ധതിയുടെ കാര്യത്തിലായിരുന്നു സർക്കാർ മനസിരുത്തേണ്ടതെന്ന അഭിപ്രായം വ്യാപകം. കേരളം പല കേന്ദ്ര പദ്ധതികളോടും മുഖം തിരിഞ്ഞ് നിൽക്കുന്നതിന്റെ നഷ്ടം സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്.

ആയുഷ്മാൻ ഭാരത് പദ്ധതി രാജ്യത്തുടനീളമുള്ള ആറു കോടി മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതാണെങ്കിലും കേരളത്തിൽ ഇതുവരെയും ആർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. എഴുപതു വയസും അതിനു മുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ആയുഷ്മാൻ ഭാരതിന് കീഴിലാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എഴുപതു ശതമാനം ചെലവും കേന്ദ്രമാണ് വഹിക്കുക. 30 ശതമാനം അതാത് സംസ്ഥാനങ്ങൾ വഹിക്കണം. ഇക്കാരണം പറഞ്ഞാണ് കേരളം ഇതുവരെ പദ്ധതിയുടെ ഭാഗമാകാതെ നിൽക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യയിലെ പ്രായവ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ, പുതിയ രോഗങ്ങളുടെ കടന്നുവരവ്, ജീവിതശൈലീ രോഗങ്ങളുടെ വർധന തുടങ്ങിയ വെല്ലുവിളികൾ കേരളം തീക്ഷ്ണമായി അഭിമുഖീകരിക്കുന്നു. ജീവിതശൈലീ രോഗങ്ങൾ ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രായം 40 പിന്നിട്ടാൽ മരുന്നിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണിന്ന് കേരളീയർ. അമ്പത് ശതമാനം വരും അമ്പത് വയസ്സിനു മുകളിലുള്ളവരിൽ പ്രമേഹ രോഗികളുടെ ശതമാനം. 30 വയസ്സിന് മുകളിലുള്ളവരിൽ പകുതിയോളം പേർക്ക് രക്തസമ്മർദ രോഗമുണ്ട്. അമിത വണ്ണവും കൊളസ്‌ട്രോളും നഗരവാസികളിലും ഗ്രാമവാസികളിലും ഒരു പോലെ വർധിച്ചു വരുന്നു. സംസ്ഥാനത്തെ ആകെ മരണങ്ങളിൽ 70-75 ശതമാനം ജീവിതശൈലീ രോഗങ്ങൾ മൂലമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

കോവിഡ് മഹാമാരിയും നിപ്പയും കേരളത്തിന് പാഠമായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സംവിധാനങ്ങൾ മികച്ചതായിട്ടും വൈറസ് പകർച്ചയുടെ വേഗവും, അത് ഉയർത്തിവിട്ട സാമൂഹിക ഭീതിയും മാനസിക പ്രത്യാഘാതങ്ങളും കേരളീയരെ വല്ലാതെ ആശങ്കയിലാഴ്ത്തി. കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റും ബാധിക്കുന്ന പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കും മുൻകരുതൽ സംവിധാനങ്ങൾ ആവശ്യമാണെന്ന ബോധ്യത്തിലേക്ക് അധികൃതരെ ഇതെത്തിച്ചു. ഈ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് 'കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം'.

മദ്യ വ്യാപാരം

അതേസമയം, ചികിത്സാ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം വായ്പയെടുത്ത് കേരളത്തിന്റെ പൊതുകടബാധ്യത അടിക്കടി ഉയർത്തുമ്പോൾ, മദ്യപ്പുഴ ഒഴുക്കി കേരളീയ സമൂഹത്തെ രോഗികളാക്കി മാറ്റുന്നതും സർക്കാരാണെന്ന വിരോധാഭാസം നിലനിൽക്കുന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിൽ മദ്യപാനികൾ. ബിവറേജസ് കോർപറേഷനാണ് അഥവാ സർക്കാർ തന്നെയാണ് മദ്യക്കച്ചവടം നടത്തുന്നത്. സംസ്ഥാനത്ത് ദിനംപ്രതി ശരാശരി ആറ് ലക്ഷം ലിറ്റർ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗം, കരളുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഓർമക്ഷയം, വിഷാദം, ആത്മഹത്യാചിന്ത, ക്യാൻസർ തുടങ്ങി മദ്യപാനത്തിലൂടെ സൃഷ്ടിക്കപ്പെടുകയോ തീവ്രമാവുകയോ ചെയ്യുന്ന രോഗങ്ങൾ നിരവധിയാണ്.

മനുഷ്യശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും ദീർഘ കാലം ബാധിക്കുന്ന നിശബ്ദ വിഷമാണ് മദ്യമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തെ മദ്യമുക്തമാക്കുകയാണ് ആരോഗ്യമുള്ള കേരളീയ സമൂഹത്തെ സൃഷ്ടിക്കാൻ പ്രഥമമായി വേണ്ടതെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത് മദ്യനിരോധന സമിതിക്കാർ മാത്രമല്ല. മദ്യലഭ്യത കുറച്ച് മദ്യനിർമാർജനം സാധ്യമാക്കുമെന്ന അവകാശവാദത്തോടെ അധികാരത്തിലേറിയ ശേഷം കൂടുതൽ മദ്യഷാപ്പുകളും ബാറുകളും തുറക്കാൻ അനുമതി നൽകി കൂടുതൽ മദ്യപാനികളെ സൃഷ്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിലാണ് സർക്കാരിന്റെ കണ്ണ്. എന്നാൽ മദ്യപാനം സൃഷ്ടിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ്, കുടുംബശൈഥില്യം, ആത്മഹത്യകൾ തുടങ്ങിയവ കൂട്ടിയാൽ മദ്യവിൽപ്പനയിൽ നിന്ന് നേടുന്ന വരുമാനത്തെ കവച്ചു വെക്കുന്ന നഷ്ടം സംസ്ഥാനത്തിന് സംഭവിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam