ഹൈടെക് തട്ടിപ്പുകൾ

OCTOBER 29, 2025, 6:27 AM

തട്ടിപ്പുകളുടെ പുതുതലമുറ വെർഷനുകൾ നമ്മുടെ പടിവാതിൽക്കലും എത്തുന്നു. വെർച്വൽ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകളുടെ പരമ്പരയാണ് സമീപ നാളുകളിൽ അരങ്ങേറിയത്. മലപ്പുറത്ത് ഒരു ചാർട്ടേഡ് അക്കൗണ്ടിന്റെ 42 ലക്ഷം രൂപയും കണ്ണൂരിലെ പ്രവാസിയുടെ 47.5 ലക്ഷംരൂപയും കോട്ടയത്തെ റിട്ടയേഡ് വ്യോമസേനാ ഉദ്യോഗസ്ഥന്റെ 49.5 ലക്ഷം രൂപയും നഷ്ടമായത് ഒരേ ദിവസം. ചങ്ങനാശേരിയിൽ വൃദ്ധ ദമ്പതികൾക്കു തലനാരിഴയ്ക്കാണ് അമ്പതു ലക്ഷം രൂപ നഷ്ടമാകാതിരുന്നത്. അവരും വെർച്വൽ അറസ്റ്റെന്ന ഉമ്മാക്കി കണ്ടാണ് ഓടിപിടിച്ച് ബാങ്കിലെത്തിയത്. പക്ഷേ ബാങ്ക് അധികൃതരുടെ ജാഗ്രത തട്ടിപ്പിൽനിന്ന് ഈ വൃദ്ധ ദമ്പതികളെ രക്ഷിച്ചു.

ഒന്നര വർഷത്തിനിടെ കേരളത്തിൽനിന്നു മാത്രം ആയിരം കോടി രൂപയിലേറെ സൈബർ തട്ടിപ്പുകാർ കൈക്കലാക്കി എന്നു പറയുമ്പോൾ ഈ തട്ടിപ്പിന്റെ വ്യാപ്തി ഏറക്കുറെ വ്യക്തമാകും. ഇതിലൊക്കെ പെട്ടുപോകുന്നവരിൽ കൂടുതലും വൃദ്ധജനങ്ങളാണ്. പലരും ആയ കാലത്ത് നല്ല ജോലിയിലിരുന്നവർ. ഇവർ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യമാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കുന്നത്.

ഇതിനിടെ ധനമന്ത്രി നിർമലാ സീതാരാമന്റെയും സെബി മേധാവിയുടെയും മുകേഷ് അംബാനിയുടെയുമൊക്കെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചും തട്ടിപ്പു വ്യാപകമാണ്. ചെറിയ പണം മുടക്കി വൻതുക മാസവരുമാനം ലഭിക്കുന്ന ചില പദ്ധതികളെക്കുറിച്ചുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ സുലഭമാണ്. ഇതിൽ പലതിന്റെയും ആധികാരികത പരിശോധിക്കാതെ ചിലരൊക്കെ എടുത്തു ചാടുന്നു. കൈയിലുള്ളതു മുഴുവൻ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് എത്തിക്കഴിയുമ്പോഴാണ് പലരും തങ്ങൾ തട്ടിപ്പിന് ഇരയായെന്നു തിരിച്ചറിയുന്നതുതന്നെ.

vachakam
vachakam
vachakam

പ്രായമായവരെ ഇത്തരം തട്ടിപ്പിൽ വീഴിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ചും തങ്ങളുടെ സമ്പാദ്യം ഭദ്രമായി ആരും അറിയാതെ സൂക്ഷിക്കാൻ തത്രപ്പെടുന്നവരെ. അവരുടെ മൊത്തം സമ്പാദ്യം തന്നെ ചില വെട്ടിപ്പുകാർ കൈക്കലാക്കും. മിടുക്കന്മാരാണ് സൈബർതട്ടിപ്പുകാർ. അവരുടെ സംഭാഷണവും ഇടപെടലും പലരെയും വെട്ടിലാക്കും. പേടിപ്പിച്ചു പണം പിടുങ്ങുന്നവരാണു കൂടുതലും. എന്തുകൊണ്ടാണ് പലരും അത്തരം ഭയപ്പെടുത്തലിൽ വീണുപോകുന്നതെന്നത് ദൂരൂഹമാണ്. തീവ്രവാദ സംഘം ഉപയോഗിച്ച സിം കാർഡാണ് ഉപയോഗിക്കുന്നതെന്നും ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് പാസ്‌പോർട്ട് കോപ്പി ലഭിച്ചുവെന്നുമൊക്കെ പറഞ്ഞ് വളരെ ആധികാരികമായാണ് അവർ ആരോപണങ്ങൾ നിരത്തുക.

നമ്മുടെ പണമിടപാടു രംഗത്തെ പല ചതിക്കുഴികളും കാണാതെ പോകരുത്. സാമ്പത്തിക വിനിയോഗത്തിലെ അശ്രദ്ധയും അമിത ശ്രദ്ധയും ഇത്തരം അപകടങ്ങൾക്കു വഴി തെളിക്കാം. വലിയ സാമ്പത്തികാസൂത്രണം നടത്തുന്നവരും സമ്പാദ്യം നിധി പോലെ കാക്കുന്നവരുമൊക്കെ ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകാറുണ്ട്.

വ്യക്തികളായാലും സ്ഥാപനങ്ങളായാലും സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും നൈയാമികതയും വളരെ പ്രധാനമാണ്. പല നിയമവിരുദ്ധ പണമിടപാടുകളും നമ്മുടെ നാട്ടിൽ ഇപ്പോഴും നടക്കുന്നുണ്ട്. അതു മറ്റു പല വിധ്വംസക പ്രവർത്തനങ്ങൾക്കും സാമ്പത്തിക സ്രോതസായും മാറിയേക്കാം. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കള്ളപ്പണം വ്യാപകമായിരുന്നു. നിയമപരമായി പണം കൈമാറാൻ പലർക്കും കഴിയുന്നില്ല. നമ്മുടെ നിയമസംവിധാനങ്ങളുടെയും നികുതി ഘടനയുടെയുമൊക്കെ പാകപ്പിഴകളും അതിനു കാരണമാകാം. ഡിജിറ്റൽ പണമിടപാടുകൾ വന്നതോടെ നികുതി വെട്ടിപ്പും സാമ്പത്തിക തട്ടിപ്പുമൊക്കെ ഇല്ലാതാകുമെന്നു കരുതിയവരുണ്ട്. എന്നാൽ കൂടുതൽ കരുത്തോടെ ഇതെല്ലാം നടക്കുന്നു.

vachakam
vachakam
vachakam

രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗരുതരമായ ഈ വിഷയത്തിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എ്ന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും പ്രതികരണം തേടിയിട്ടുണ്ട്. കോടതികളുടെ പേരിൽപോലും തട്ടിപ്പ് അരങ്ങേറുന്നു. ഹരിയാനാ സ്വദേശികളായ വൃദ്ധ ദമ്പതികളിൽനിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ ഇപ്രകാരം തട്ടിയെടുത്തിരുന്നു. ദമ്പതികളിൽ ഒരാൾ സുപ്രീംകോടതി ചിഫ് ജസ്റ്റീസിന് ഇതുസംബന്ധിച്ചൊരു പരാതിക്കത്ത് എഴുതി. അതു പരിഗണിച്ചപ്പോഴാണ് ഡിവിഷൻ ബെഞ്ച് സൈബർ തട്ടിപ്പിനെക്കുറിച്ചു വലിയ ആശങ്ക പങ്കുവച്ചത്.

സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയുമൊക്കെ ഒപ്പും സീലും പോലും വ്യാജമായി നിർമിച്ചാണ് ഇരകളെ കുടുക്കുന്നത്. ജഡ്ജിമാരുടെ വ്യാജ ഒപ്പിട്ട് ഉത്തരവുകൾ ഇറക്കുന്നു. അതു കാണിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു, പണം പിടുങ്ങുന്നു. എന്തുകൊണ്ടാണ് അറിവും വിദ്യാഭ്യാസവും ഉള്ളവർപോലും ഇത്തരം തട്ടിപ്പിന് ഇരയാകുന്നതെന്ന് മനസിലാവുന്നില്ല. പലരും നിയമപരമായിത്തന്നെ സമ്പാദിച്ച പണമാണ് നഷ്ടമാക്കുന്നത്.

വളരെ സംഘടിതമായും സമർഥമായും നടപ്പാക്കുന്ന തട്ടിപ്പാണ് ഡിജിറ്റൽ അറ്സ്റ്റ് അഥവാ വെർച്വൽ അറസ്റ്റ്. വിവിധ നിയമസംവിധാനങ്ങളെ വ്യാജമായി അവതരിപ്പിച്ചാണ് ഇതു നടപ്പാക്കുക. വ്യാജ രേഖകൾ, വ്യാജ അറസ്റ്റ് വാറണ്ടുകൾ എന്നുവേണ്ട വിശ്വസനീയമെന്നു തോന്നുന്ന വീഡിയോ കോളുകൾപോലും ഇതിനായി ഉപയോഗിക്കും. സിബിഐ, പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരിലായിരിക്കും ആദ്യം ഇടപെടൽ. ഫോണിലൂടെയും പിന്നീടു വീഡിയോ കോളായും അന്വേഷണം വരും. കെട്ടിച്ചമയ്ക്കപ്പെട്ട ചില കേസുകളിലൂടെ ഇരയെ വിശ്വസിപ്പിക്കാൻ ഇവർ കാട്ടുന്ന വിരുതാണ് ശ്രദ്ധേയം. ഉടനുണ്ടാകുന്ന അറസ്റ്റ്, ബാങ്ക് അക്കൗണ്ടുകളുടെ മരവിപ്പിക്കൽ, നിയമനടപടികളുടെ നൂലാമാലകൾ ഇവയൊക്കെ ഇവർ സമർഥമായി അവതരിപ്പിക്കും.

vachakam
vachakam
vachakam

അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ലഘുവായ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയവർപോലും ഇതിൽ ഭയചകിതരാകും. ഈ ഭയവും ഉത്കണ്ഠയും മുതലെടുത്താണ് തട്ടിപ്പിന്റെ തുടർക്കഥ രചിക്കുന്നത്. ഇരയുടെ പ്രതികരണ രീതി അവർ നന്നായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാവും തന്ത്രങ്ങൾ. പണമിടപാടുകളിലെ നിയമപ്രശ്‌നങ്ങൾ ഊരാക്കുടുക്കായി മാറുമെന്നു ധാരണ എല്ലാവരിലുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾ ബന്ധപ്പെടുന്ന വിവരം ആരെയും അറിയിക്കരുതെന്നു പ്രത്യേക നിർദേശമുണ്ടാകും.
തട്ടിപ്പുകാരുടെ ഫോൺ കോൾ വരുമ്പോൾ പരിഭ്രമിക്കാതിരിക്കുക എന്നതാണു പ്രധാനം.

'വെർച്വൽ അറസ്റ്റ' എന്ന് ഒന്നില്ല എന്ന കാര്യം പഠിപ്പുള്ളവർക്കുപോലും അറിയാൻ പാടില്ല. അതുപോലെതന്നെ ഒരു സർക്കാർ ഏജൻസിയും വീഡിയോ കോളിലൂടെയോ ഫോൺകോളിലൂടെയോ പണം ആവശ്യപ്പെടില്ല. അതിനായി പ്രത്യേക അക്കൗണ്ട് നമ്പരുകളും ഉണ്ടാവില്ല. വ്യാജനാണെന്നു തോന്നൽ ഉണ്ടായാൽ ഉടൻ ഫോൺ കട്ട് ചെയ്യുക. ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ തുടങ്ങി വ്യക്തിഗത വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറാതിരിക്കുക എന്നതു വളരെ പ്രധാനമാണ്.

സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ മലയാളികളും ഏറെ പെട്ടുപോകുന്നുണ്ട്. ഈ അടുത്ത ദിവസമാണ് ചങ്ങനാശേരിയിൽ വൃദ്ധ ദമ്പതികൾ ഇത്തരമൊരു തട്ടിപ്പിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വെർച്വൽ അറസ്റ്റ് തന്നെയായിരുന്നു ഇവിടെയും വിഷയം. എൺപതു വയസുകഴിഞ്ഞ വൃദ്ധ ദമ്പതികളായിരുന്നു ഇരകൾ. ബാങ്ക് അധികൃതരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഈ ദമ്പതികളുടെ അമ്പതു ലക്ഷം രൂപ നഷ്ടപ്പെട്ടില്ല.
മുംബൈയിൽനിന്നുള്ള സിബിഐ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഒരാൾ 84 വയസുള്ള ചങ്ങനാശേരിയിലെ വയോധികനെ കഴിഞ്ഞ മാസമാണ് ബന്ധപ്പെട്ടത്. വീഡിയോ കോളാണ് വയോധികന്റെ മൊബൈൽ ഫോണിലേക്കു വന്നത്. വേഷഭൂഷാദികളും സംഭാഷണവുമൊക്കെ പോലീസ് സ്‌റ്റൈലിൽ തന്നെ.

മുബൈയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ ഒരാളുമായി സാമ്പത്തിക ഇടപാടു നടത്തിയതിന്റെ പേരിൽ വൃദ്ധ ദമ്പതികൾ വെർച്വൽ അറസ്റ്റിലാണെന്ന് അവർ അങ്ങു പ്രഖ്യാപിച്ചു. കേസിൽ നിന്നു രക്ഷപെടുത്താൻ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ദമ്പതികൾ അടുത്ത ദിവസം രാവിലെതന്നെ ചങ്ങനാശേരിയിലെ ബാങ്കിലെത്തി. പണം പിൻവലിക്കാൻ ചെക്കും നൽകി. ഇത്രയും വലിയൊരു തുക കൈമാറുന്നതായതിനാൽ ബാങ്ക് മാനേജർ അല്പം വിശദാംശങ്ങൾ തേടി. വൃദ്ധ ദമ്പതികളുടെ ഇടപെടലുകളും പണം കൈമാറേണ്ട അക്കൗണ്ടിലെ വിവരങ്ങളും നിരീക്ഷിച്ച മാനേജർക്കു ചില സംശയങ്ങളുണ്ടായി. അവർ അതു പറഞ്ഞതോടെ ദമ്പതികൾ പണം കൈമാറാതെ പോയെങ്കിലും പിറ്റെ ദിവസവും അവർ എത്തി. പണം അത്യാവശ്യമാണെന്ന് അറിയിച്ച് വീണ്ടും തുക കൈമാറാൻ ശ്രമിച്ചു. അപ്പോഴെല്ലാം അവർ 48 മണിക്കൂർ വെർച്വൽ അറസ്റ്റിലാണെന്നായിരുന്നു തട്ടിപ്പുകാർ അവരെ വിശ്വസിപ്പിച്ചിരുന്നത്.

പണം കൈമാറാൻ ദമ്പതികൾ വീണ്ടും തയാറായതിനെത്തുടർന്ന് ബാങ്ക് അധികൃതർ കോട്ടയം സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ജില്ലാ പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ഇതിൽ ഇടപെടുകയുമുണ്ടായി. പോലീസ് സംഘം ബാങ്കിലെത്തി ദമ്പതികളുമായി സംസാരിക്കുകയും വിവരങ്ങൾ മനസിലാക്കുകയും ചെയ്തു. ദമ്പതികളുമായി തട്ടിപ്പുകാർ ബന്ധപ്പെട്ട ഫോണിൽ യഥാർഥ പോലീസ് വിളിച്ചതോടെ തട്ടിപ്പുകാർ വീഡിയോ കോളും ഓഫാക്കി മുങ്ങി.
ഇത്തരം തട്ടിപ്പുകാരെ പലപ്പോഴും കൈയോടെ പിടിക്കാനാവുന്നില്ല. ദേശീയ തലത്തിൽതന്നെ ഇതുപോലുള്ള സൈബർ തട്ടിപ്പു സംഘങ്ങൾ വിലസുമ്പോൾ സിബിഐ ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസികൾ കർശനമായ നിരീക്ഷണവും പരിശോധനകളും നടത്തേണ്ടിയിരിക്കുന്നു. അന്വേഷണ സംഘങ്ങളുടെ പരിമിതികളും അന്വേഷണത്തിലെ കാലതാമസവുമൊക്കെ തട്ടിപ്പുകാർക്ക് വിലസാൻ അവസരമൊരുക്കുന്നു.

ദേശീയ തലത്തിലും സൈബർ തട്ടിപ്പുകളുടെ പരമ്പരകൾ അരങ്ങേറുന്നുണ്ട്. ഏറെ വിശ്വാസ്യതയുണ്ടെന്നു കരുതുന്ന ബാങ്കുകളെപ്പോലും ചിലർ കബളിപ്പിക്കുന്നു. വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങുന്ന വിജയ് മല്യയെപ്പോലുള്ളവർ ശതകോടികളാണ് വെട്ടിച്ചത്. വിദേശത്തു സുഖവാസം നടത്തുന്ന ഇവരെ തിരിച്ചെത്തിക്കാൻപോലും കടമ്പകൾ ഏറെയാണ്.
കേരളത്തിലെ ഒരു പ്രമുഖ ഷെഡ്യൂൾഡ് ബാങ്കിൽനിന്ന 27 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ അസം സ്വദേശി സിറാജുൾ ഇസ്‌ലാമിനെ കഴിഞ്ഞ ദിവസം കേരള ക്രൈംബ്രാഞ്ച് അസമിലെത്തി അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ സഹോദരൻ ഷെറിഫുൾ ഒളിവിലാണ്. പാൻ കാർഡിലും ആധാർ കാർഡിലും കൃത്രിമം കാട്ടി ബാങ്കിന്റെ വെർച്വൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയാണ് ഇവർ കോടികൾ തട്ടിയത്. പാൻ കാർഡും  ആധാർ കാർഡും എടുത്തുകൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു ഇവർ.

സിബിൽ സ്‌കോർ കൂടുതലുള്ള ഇടപാടുകാരുടെ പാൻ കാർഡിലും ആധാർ കാർഡിലും സ്വന്തം ചിത്രം ഒട്ടിച്ചു വ്യാജ കാർഡുകൾ നിർമിച്ചായിരുന്നു തട്ടിപ്പ്. ബാങ്കുകൾ ഓൺലൈൻ ക്രെഡിറ്റ് കാർഡ് നൽകുന്ന പോർട്ടലിൽ കയറി ഈ രേഖകൾ ഉപയോഗിച്ച് ഇവർ വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കി. ഇതിലൂടെ ലഭിക്കാവുന്ന പണം മുഴുവൻ എടുത്ത് ഇവരുടെ പേരിലുള്ള ഡിജിറ്റൽ വാലറ്റിലേക്കു മാറ്റി. പിന്നീടിത് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു.

ഇത്തരം സങ്കീർണമായ നടപടിക്രമങ്ങളെല്ലാം നടത്തണമെങ്കിൽ ബാങ്കിംഗ് രീതകളെക്കുറിച്ചുള്ള നല്ല അറിവ് ഉണ്ടായിരിക്കണം. മാത്രമല്ല, ഏതെങ്കിലും ഒരു അവസരത്തിൽ പിടികൂടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും സമർഥമായി ഇതെല്ലാം ചെയ്യാനുള്ള സൗകര്യം ഇവർക്കു ലഭിക്കുന്നു. ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാതെതന്ന തപാലിൽ കാർഡ് എത്തിയതിനെത്തുടർന്ന് ഒരാൾ വിവരം ബാങ്കിനെ അറിയിച്ചു. തുടർന്നായിരുന്നു അന്വേഷണവും തട്ടിപ്പുകാരനെ പിടികൂടാനുള്ള വഴി ഒരുങ്ങിയതും.നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലും ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനുള്ള ഹെൽപ് ലൈൻ നമ്പറും ഒക്കെ നിലവിലുണ്ട്. ഔദ്യോഗിക സംവിധാനങ്ങളെ വെല്ലുന്ന ആധുനിക സാങ്കേതിക വിദ്യകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. 2024ൽ സൈബർ കുറ്റകൃത്യങ്ങൾ വിശിഷ്യ, സാമ്പത്തിക തട്ടിപ്പുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയതതെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നുണ്ട്. ഉന്നത പദവികളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇതിൽ ഇരകളാകുന്നു.

ഭയം, അനുകമ്പ, സമ്പത്തിനോടുള്ള ആർത്തി പോലുള്ള വികാരങ്ങളും തട്ടിപ്പുകാർ സമർഥമായി ഉപയോഗിക്കുന്നു. നിയമനടപടികളെക്കുറിച്ചുള്ള ഭീഷണി, വ്യാജ ലോട്ടറി അടിച്ചെന്നുള്ള അറിയിപ്പ്, അടിയന്തര ചികിത്സയ്ക്കാവശ്യമായ ധനസഹായം ഇവയൊക്കെ അവസരോചിതമായി അവതരിപ്പിക്കും. 'നിഷ്‌കളങ്ക മാനസർ' മാത്രമല്ല, പല 'മിടുക്കന്മാരും' ഇതിലൊക്കെ ചാടുകയും ചെയ്യും.

സൈബർ തട്ടിപ്പുകളും വെർച്വൽ അറസ്റ്റുമൊക്കെ ഇനിയും പുതിയ രൂപം ധരിച്ച് എത്തും. ആളുകൾ ജാഗ്രത പുലർത്തുക എന്നതാണു മാർഗം. അതോടൊപ്പം അധികൃതരുടെ ഭാഗത്തുനിന്നു കർശന നടപടികളും ഉണ്ടാവണം. ആശയവിനിയമം നടത്തിയതിന്റെ ഫോൺ രേഖകൾ, പണം കൈമാറ്റം ചെയ്തതിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാരെ കണ്ടെത്താൻ കഴിയും. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താനും പൂർണമായി ഇല്ലാതാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏകോപിത ശ്രമം ആവശ്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും അതുകൊണ്ടാണ്.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam