ഗാസയില്‍ വീണ്ടും ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഗാസ മുനമ്പില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ നെതന്യാഹു ഉത്തരവിട്ടത്. തെക്കന്‍ ഗാസയില്‍ ഹമാസ് വെടിവയ്പ്പ് നടത്തിയെന്നും, മുമ്പ് തിരിച്ചുകിട്ടിയ ബന്ദിയുടെ അവശിഷ്ടങ്ങള്‍ വീണ്ടും കൈമാറിയെന്നുമുള്ള ആരോപണങ്ങളാണ് സംഘര്‍ഷം രൂക്ഷമാക്കിയത്.
പ്രശ്‌നം രൂക്ഷമായിരിക്കെ ഇസ്രായേല്‍ സുരക്ഷാ മന്ത്രിമാരുമായുള്ള അടിയന്തര സമ്മേളനത്തിന് ശേഷമാണ് നെതന്യാഹു ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. സുരക്ഷാ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി സൈനിക നേതൃത്വത്തിന് ഗാസ സ്ട്രിപ്പില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇനി 13 മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറാനുണ്ടെന്നാണ് വിവരം. തിരച്ചിലിനായി ആവശ്യമായ ഭാരം കൂടിയ യന്ത്രോപകരണങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വര്‍ഷം മുന്‍പ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന ഗുരുതരമായ ആരോപണമാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലുള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു. ഇതോടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഉത്തരവിട്ടത്.
എന്നാല്‍ ഇസ്രായേല്‍ നടത്തുന്ന അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാന രഹിതമാണെന്നാണ് ഹമാസ് പറയുന്നത്. ഇസ്രായേല്‍ ബോബംബിങ് മൃതദേഹങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ ദുര്‍ഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിചെന്നും ഹമാസ് വ്യക്തമാക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗാസയിലേക്കുള്ള മാനുഷിക സഹായം നിര്‍ത്തിവെക്കുക, പ്രദേശത്തെ സൈനിക നിയന്ത്രണം ശക്തമാക്കുക, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളാണ് പരിഗണനയിലുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10-ന് ഇരു കക്ഷികളും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. കരാര്‍ പ്രകാരം ഹമാസ് 28 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കണം, പകരമായി 100-ത്തിലധികം പലസ്തീന്‍ ബന്ദികളെ മോചിപ്പിക്കണം. ഗാസയില്‍ മാനുഷിക സഹായം അനുവദിക്കുകയും, ഹമാസിന്റെ അധികാരം പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും കരാറില്‍ പറയുന്നു.
ഗാസയിലേക്ക് പാകിസ്ഥാന്‍ സൈന്യം
ഇസ്രായേല്‍ സൈന്യം പിന്മാറിയ പലസ്തീനിലെ ഗാസയിലേക്ക് പുനര്‍ നിര്‍മാണത്തിനും മറ്റും ചുക്കാന്‍ പിടിക്കാന്‍ പാകിസ്ഥാന്‍ സൈനികരെ അയക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ സിഐഎ, ഇസ്രായേലിന്റെ മൊസാദ് എന്നീ ചാര സംഘടനകളുമായി പാകിസ്ഥാന്റെ സൈനിക മേധാവി അസീം മുനീര്‍ ഈജിപ്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
20000 സൈനികരെയാണ് പാകിസ്ഥാന്‍ ഗാസയിലേക്ക് അയക്കാന്‍ ഇരിക്കുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പാകിസ്താന്‍ സൈന്യം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടിലുണ്ട്. സമാധാന സേനയായി അസര്‍ബൈജാന്റെയും ഇന്തോനേഷ്യയുടെയും സംഘങ്ങള്‍ ഇവിടെ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇവരോടൊപ്പമാണ് പാകിസ്ഥാന്‍ സൈന്യം ചേരുക.
പാകിസ്ഥാന്‍ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരോക്ഷമായി പാകിസ്താന്‍ ഇസ്രായേലുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല, ഇസ്രായേലിനെതിരായ കടുത്ത നിലപാടില്‍ പാകിസ്ഥാന്‍ മയംവരുത്തുമെന്നും ധാരണയുണ്ടത്രെ. ഹമാസിനെതിരായ നീക്കങ്ങളുടെ ഭാഗമായി കൂടിയാണ് പാകിസ്ഥാന്‍ സൈന്യം എത്തുക എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഹമാസിനെ ഇതുവരെ വിമര്‍ശിക്കാത്ത രാജ്യമാണ് പാകിസ്ഥാന്‍. മാത്രമല്ല ഇസ്രായേലിനെതിരെ ഗാസയില്‍ നിന്നുള്ള ഒരു നീക്കത്തെയും പാകിസ്ഥാന്‍ എതിര്‍ത്തിട്ടില്ല. ഇസ്രായേലിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം നടക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എത്രത്തോളം ശരിയാണ് എന്നും വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
