പുലിസ്റ്റർ ജേതാവ് - അധ്യായം 4 -ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

OCTOBER 29, 2025, 12:30 AM

സിറ്റി ചേംബേഴ്‌സ് തെരുവിലുള്ള ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തുവന്ന ഡാനിയേൽ ജോൺ എന്ന സെക്യൂരിറ്റി ഓഫീസർ, അരിച്ചിറങ്ങുന്ന തണുപ്പിൽ നിന്നും രക്ഷപെടാൻ തന്റെ കോട്ടിന്റെ കോളർ ഉയർത്തിവെച്ചു. സിറ്റി ഹാൾ പാർക്കിൽക്കൂടി ധൃതിയിൽ നടക്കുന്നവഴിക്ക് കാൽവഴുതി വീഴാൻ ഭാവിച്ചു. മേയറുടെ ഭവനത്തിന് ചേർന്നുകിടക്കുന്ന വഴി പോലും കുറ്റമറ്റതാക്കാൻ അയാൾക്ക് സാധിക്കുന്നില്ലല്ലോ എന്ന് തെല്ല് അമർഷത്തോടെതന്നെ ആ ഓഫീസർ ചിന്തിച്ചു.

സിറ്റിഹോളിന് മുന്നിൽ നിൽക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് കുശലം പറഞ്ഞുകൊണ്ട് ആ മനുഷ്യൻ അടുത്തുകണ്ട സൂസീസ് ഡൈനറി (ചെറുകിട റെസ്റ്റോറന്റ്) ലേക്ക് കയറി. സ്ഥിരമായി അയാൾ അവിടെനിന്നും രാവിലെ ഒരു കപ്പ്  കോഫി കുടിക്കാറുണ്ട്. കൗണ്ടറിലിരിക്കുന്ന ഇരുണ്ട സുന്ദരി ചുയിംഗം ചവയ്ക്കുന്നതിനിടയിൽ ആഗതനെ വശ്യമായി ഒന്നു നോക്കി. പിന്നെ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു. പ്രതിപക്ഷ ബഹുമാനത്തോടെ ഡാനിയേൽ തിരിച്ചും അഭിവാദ്യം അർപ്പിച്ചു.

അഡ്രിനാലിന്റെ പ്രവാഹത്താലാകണം താൻ ആ അമേരിക്കൻ സെക്യൂരിറ്റി ഓഫീസറിലേക്ക് അതിയായി ആകർഷിക്കപ്പെട്ടിരിക്കുന്നതായി അവൾ തിരച്ചറിഞ്ഞു. ഒരു കാന്തം എങ്ങനെ ഇരുമ്പിനെ ആകർഷിക്കുന്നുവോ അതുപോലെ അവനിലേക്ക് വലിച്ചടിപ്പിക്കുന്ന എന്തോ ഒന്ന് ..! സൗന്ദര്യവും പൗരുഷവും ഒന്നിനൊന്ന് മികവോടെ നിൽക്കുന്നു എന്നതിനേക്കാൾ, അയാൾക്ക് ആത്മാർത്ഥമായൊരു ഹൃദയം കൂടിയുണ്ട് എന്ന് ആ ഇരുണ്ട സുന്ദരി മനസിലാക്കിയിരിക്കുന്നു.
അയാൾ കോഫിയുടെ പണം അടച്ച് ബില്ലുവാങ്ങി ഒഴിഞ്ഞ ഒരു കോണിൽ പോയിരുന്നു. അന്നത്തെ പത്രം എടുത്ത് സുഷ്മതയോടെ വായിക്കാൻ തുടങ്ങി. പിന്നാലെ ആവി പറക്കുന്ന കോഫിയുമായി സപ്ലെയർ എത്തി.  

vachakam
vachakam
vachakam

കെന്നഡി ജുനിയർ നിയന്ത്രിക്കുന്ന റീച്ചിംഗ് അപ്പിന്റെ വൈസ് ചെയർമാൻ ജിം ഈസ്റ്റുമാന്റേയും കുടുംബത്തിന്റേയും കൊലപാതകത്തിന്റെ പിന്നിലും ക്യൂബൻ മാഫിയ ആയിരിക്കാൻ സാധ്യതയുണ്ടെന്ന ബിബിസിയുടെ റിപ്പോർട്ട് രണ്ടു പ്രാവശ്യം ഡാനിയൽ വായിച്ചു. ഇക്കാര്യത്തിൽ ബിബിസിക്കു തെറ്റുപറ്റിയെന്നു തന്നെയാണ് അദ്ദേഹത്തിന് തോന്നിയത്. അത് കൂട്ട ആത്മഹത്യ ആകാനാണ് ഏറെ സാധ്യത. സാഹചര്യതെളിവുകളും വേണ്ടുവോളമുണ്ട്. അന്നവിടെ സെക്യൂരിറ്റിയിൽ ഉണ്ടായിരുന്നവനും സുസീസ് ഡൈനറിയിലെ ആ ഇരുണ്ട സന്ദരിയുടെ സഹോദരിയും അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആ സ്ത്രീ അവിടെ പരിചാരികയായിരുന്നുവല്ലോ..!

അയാൾ കോഫി ഊതിയൂതി കുടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി. എത്ര ആലോചിച്ചിട്ടും തനിക്കു പിടി കിട്ടാത്ത ഒന്ന്..., കടുത്ത നൈരാശ്യത്തിൽ ജിം ഈസ്റ്റുമാൻ കുടുംബത്തെയാകെ കൊലപ്പെടുത്തിയ ശേഷം അയാൾ സ്വയം വെടിവയ്ക്കുകയായിരുന്നോ എന്ന കാര്യത്തിലാണ് സംശയം. എന്തായാലും കെന്നഡി ജൂനിയറിന്റെ മരണം അയാളെ വല്ലാതെ ഉലച്ചിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. അത്രയേറെ കടപ്പാടുണ്ടായിരുന്നു കെന്നഡി കുടുംബത്തോട് അയാൾക്ക്.

ഭാവിയിൽ കെന്നഡി ജൂനിയർ അമേരിക്കൻ പ്രസിഡന്റായാൽ..., തന്റെ കുടുംബം രക്ഷപെടുമെന്നും സാമ്പത്തീക ബാധ്യതകൾ തീരുമെന്നും ആത്മാത്ഥമായി വിശ്വസിച്ചവൻ..!
എന്തായാലും ഒരു കാര്യം അയാൾ തീരുമാനിച്ചു. ഈ വിവരങ്ങളത്രയും ദി വേൾഡ് ടൈംസിന്റെ ആ റിപ്പോർട്ടർ പയ്യനോട് പറയണം. അവൻ സമർത്ഥനാണ്. കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും. അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന സംഗതികൾ അന്വേഷിച്ചു കണ്ടെത്താനുള്ള വല്ലാത്തൊരു ത്വര അവനുണ്ട്. എന്തായാലും ഇന്ന് ഹോട്ടലിലെ ഡ്യൂട്ടി അവസാനിക്കും മുമ്പ് റോബിൻസ് അവന്റെ മുറിയിൽ വന്നാൽ തീർച്ചയായും അയാളോടിതു പറയണം. അയാൾ മനസിൽ കരുതി. 

vachakam
vachakam
vachakam

* * * *  

ദി വേൾഡ് ടൈംസിന്റെ ആ എക്‌സ്‌ക്ല്യൂസീവ് ക്രൈംസ്റ്റോറി ഏറെ കോളിളക്കം സൃഷ്ടിച്ചു. യു.എസ് ആഭ്യന്തര കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഉപമേധാവി മാർക്ക് അലൻ പത്രഉടമയായ സൂസൻ ക്ലാർക്കിന്റെ ക്യാബിനിൽ നേരിട്ടുവന്ന് അഭിനന്ദിക്കുകയും തുടർസഹായം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. 

ബ്യൂറോ ചീഫും ആ അന്വേഷണത്തിൽ പങ്കാളി ആയിരുന്നെങ്കിലും റോബിൻസ് ആണ് വാർത്ത ആദ്യം തെളിവുകളോടെ കൊണ്ടുവന്നത്. അവരെ ഇരുവരേയും അഭിനന്ദിക്കുന്നതിനായി ഒരു വിശേഷാൽ യോഗം ചേരുകയുണ്ടായി. മാത്രമല്ല റിപ്പോർട്ടർ തസ്തികയിലേക്ക് റോബിൻസിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. അതിനു മുന്നോടിയായി സൂസൻ ക്ലാർക്ക് റോബിൻസിനെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. ചെറുപ്പത്തിന്റെ ചുറുചുറുക്കും അന്വേഷണ ത്വരയുമുള്ള റോബിൻസിനോട് ഒരു ചോദ്യം ചോദിച്ചു:

vachakam
vachakam
vachakam

'ഇലക്ട്രിക് ടെലിഗ്രാഫ് കണ്ടുപിടിക്കുന്നതുവരെ ആഴ്ചകൾക്കു മുമ്പുള്ള റിപ്പോർട്ടുകളാണ് പത്രങ്ങളിൽ വന്നിരുന്നത്. അന്നത്തെ മന്ദഗതിയിലുള്ള ആശയവിനിമയം കൊണ്ടാണ് നമുക്ക് ഡേറ്റ്‌ലൈൻ ഉപയോഗിക്കേണ്ടിവന്നത്. ഇന്നിപ്പോൾ സ്ഥലത്തിനു മാത്രമേ പ്രസക്തിയുള്ളു. എന്റെ ചോദ്യം ഇതൊന്നുമല്ല. ഇലക്ട്രിക് ടെലിഗ്രാഫിന്റെ ഉപജ്ഞാതാവ്  ആരാണ് എന്ന് റോബിൻസിന് അറിയാമോ..?

'അറിയില്ല, മാഡം' എന്നായിരുന്നു റോബിൻസിന്റെ മറുപടി.

കണ്ടുപിടിക്കൂ..! ജിജ്ഞാസയാണ് പത്രപ്രവർത്തകന്റെ അടിസ്ഥാന കൗതുകം..!

'ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക..! റോബിൻസ്.' അല്പം കടുപ്പക്കാരിയായ പത്രമുടമ നിർബന്ധബുദ്ധിയോടെ ആവർത്തിച്ചു. 

'മര്യാദ, കൃത്യനിഷ്ഠ എന്നീ ഗുണങ്ങൾ പോലെ വലിയ പ്രാധാന്യമൊന്നും കണക്കാക്കാനില്ലാത്ത ഒന്നാണ് ജിജ്ഞാസ. എന്നാൽ, ശരിയായ വ്യക്തികളിലോ, ശരിയായ മനസ്സുകളിലോ കൗതുകം നാമ്പിടമ്പോൾ അത് ഏറ്റവും പ്രധാനപ്പെട്ടതായി മാറും. ഇതൊരു ഓർമ്മപ്പടുത്തലായി കരുതിയാൽ മതി.' 

ആ വാക്കുകൾ റോബിൻസിന്റെ ഞരമ്പുകളെ സ്പർശിക്കുന്നതായിരുന്നു. 

'ഞാൻ ഇയാളെ ഒരു ദൗത്യം ഏൽപ്പിക്കുകയാണ്.'

അതെന്താണെന്നറിയാൻ റോബിൻസ് അവരെതന്നെ ഉറ്റുനോക്കിയിരുന്നു.

'വിശദമായി എക്‌സിക്യൂട്ടീവ് എഡിറ്റർ മിസ്റ്റർ ജോർജ് ലൂക്കാസ് നിങ്ങളോട് പറയും. ഉടൻ തന്നെ അദ്ദേഹത്തെ കണ്ടോളൂ.'

അങ്ങനെ ആ കൂടിക്കാഴ്ച്ച അവിടെ അവസാനിച്ചു. 

റോബിൻസ് നേര പോയത് ജോർജ് ലൂക്കാസിന്റെ ക്യാബിനിലേക്കാണ്. 

വശ്യമായൊരു പുഞ്ചിരിയോടെയാണ് ജോർജ് ലൂക്കാസ് അവനെ സ്വീകരിച്ചത്. 

'രണ്ടുകാര്യങ്ങളാണ് നീ ചെയ്യേണ്ടത്. വിമാനത്തിൽ നിന്നും ചിതറി വീണ മനുഷ്യശരീരം ആരുടേതാണ് എന്നറിയണം. അതിനായി നീ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കണം. ക്യൂബൻ മാഫിയ കണ്ടെത്തിയ ആ അജ്ഞാത നീഗ്രോയ്ക്ക് പിന്നീട് എന്തുസംഭവിച്ചു? അതിനു പിന്നിൽ സംഭവിച്ചതെന്താണെന്നറിയണം. ദാരിദ്യം കൊണ്ട് ആ നാടുവിടാൻ തീരുമാനിക്കുന്നവരുടെ മനസ്സറിയണം. അത് ജീവിതസ്പർശിയായി എഴുതണം.വായിക്കുന്നവന്റെ ഉള്ള് പൊള്ളണം.

നിന്നിലൂടെ പത്രത്തിന് ഒരു പുരസ്‌ക്കാരം നേടിയെടുക്കാൻ കഴിയുമെന്നാണ് സൂസൻ ക്ലാർക്ക് പ്രതീക്ഷിക്കുന്നത്. അത്രയ്ക്ക് വിശ്വാസമാണ് അവർ നിന്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നത്.'
'അയ്യോ..! അവാർഡോ.. അതെന്നെക്കൊണ്ടാവുമെന്നു തോന്നുന്നില്ല. എങ്കിലും ഞാൻ അവിടെപ്പോയി നന്നായി ജോലി ചെയ്യാം.' 

റോബിൻസിന്റെ പുറത്തുതട്ടിയിട്ട് ജോർജ് ലൂക്കാസ് പറഞ്ഞു:  

'നിന്നേക്കൊണ്ടാകില്ലെന്നാരു പറഞ്ഞു. നിന്നേക്കൊണ്ടാകുമെന്ന് നിനക്കു തന്നെ തോന്നണം, അല്ലാതെ മറ്റാർക്കു തോന്നിയിട്ടും കാര്യമില്ല. 

ഈ നിമിഷം മുതൽ നീ പുലിറ്റ്‌സർ ജേതാവിനെപ്പോലെ ജീവിക്കാൻ തുടങ്ങുക. അങ്ങനെയായാൽ അതിനു പറ്റിയ വിഷയം നിന്റെ കൺമുന്നിൽ തെളിയാൻ തുടങ്ങും.

പൗലോ കൊയ്‌ലൊ പറഞ്ഞതുപോലെ ഈ പ്രപഞ്ചം അതിനായി ഒരു ഗൂഢാലോചന തുടങ്ങിയിരിക്കും. ഉറപ്പ്..!'

'നീ  ഓപ്ര വിൻഫ്രെ ഷോ ടിവിയിൽ കാണാറില്ലെ? 

അവതാരക എന്ന പദവിക്ക് ആഗോളതലത്തിൽ കൃത്യമായ നിർവചനം നൽകിയ 'സെൽഫ് മെയ്ഡ് വുമൺ'. 

ഓപ്രയുടെ വിജയത്തിനുപിന്നിൽ ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമല്ലാതെ മറ്റെന്തുണ്ടായിരുന്നു...?

റോബിൻസ് അത് ശരിവയ്ക്കും മട്ടിൽ തലയാട്ടി.

'നിങ്ങൾ വിശ്വസിക്കുന്നതെന്തോ അതാണ് നിങ്ങൾ. അല്ലാതെ നിങ്ങൾ ആഗ്രഹിക്കുന്നതോ മോഹിക്കുന്നതോ അല്ല എന്നോർക്കണം.

ഓരോ നിമിഷത്തിലും ജീവിക്കുക, ആ നിമിഷത്തിൽ നിങ്ങളെ പൂർണമായും സമർപ്പിക്കുക, താനൊരിക്കലും തന്റെ ഭൂതകാലത്തിലല്ല ജീവിക്കുന്നത്, അതിനെ കൂടെക്കൊണ്ടുനടക്കാറുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങളെ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്.' ഇത് ഓപ്ര വിൻഫ്രെയുടെ വാക്കുകളാണ്.

മോനേ..., ആ വാക്കുകൾ നീ, ഇന്നുമുതൽ നിന്റെ വേദവാക്യമാക്കി മാറ്റുക.'

'ഹോ...അവർ ഒരു അത്ഭുതം തന്നെയാണേ..!, 

അവൻ അറിയാതെ പറഞ്ഞുപോയി.

'എന്താ സംശയം..!' അയാൾ തുടർന്നു.

'ഓപ്രക്ക് ആറു വയസ്സുള്ളപ്പോൾ, അവളുടെ അർദ്ധ സഹോദരന്മാരും അമ്മാവനും അമ്മാവന്റെ കൊള്ളരുതാത്ത ചങ്ങാതിമാരും അവളെ ആവർത്തിച്ചാവർത്തിച്ച് ബലാൽസംഗം ചെയ്തു.  ആ കുട്ടിയുടെ ദുരനുഭവം നീ ഒന്നാലോചിച്ചു നോക്കൂ.'

അത്ഭൂതത്തോടെ റോബിൻസ് ജോർജ് ലൂക്കാസിനെ നോക്കി. അയാൾ നെടുവീർപ്പിട്ടുകൊണ്ട് തുടർന്നു. 

'അവൾ വീടുവിട്ടിറങ്ങി, പണം മോഷ്ടിച്ചു, 14-ാം വയസ്സിൽ ഗർഭിണിയുമായി, പക്ഷെ അത് പോലും അവൾക്കു ആരോടും തുറന്നു പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്നോർക്കണം..!

ഗർഭിണിയായ അവളെ നിഷ്‌ക്കരുണം സ്വന്തംഅമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് ഒരു അറുതിയുമില്ലാതായപ്പോൾ ഒരുവേള, ആത്മഹത്യ ചെയ്യുവാൻ വരെ അവൾ ആലോചിച്ചു. അതിനിടക്ക് മാസം തികയാതെ പ്രസവിച്ചത് ചാപിള്ളയായി...!

ഏറെ അനുതാപത്തോടെ 'അയ്യോ... കഷ്ടം..!' എന്നവൻ പറഞ്ഞുപോയി..!

'ബലാൽസംഗം ചെയ്യപ്പെട്ട്, അപമാനിക്കപ്പെട്ട്, അരക്ഷിതയായി, അവൾക്ക് അവൾതന്നെ കയ്പായിത്തീർന്നിട്ടും ആ പെൺകുട്ടി കീഴടങ്ങിയില്ല.

പൂർവ്വാധികം ശക്തിയോടെ, ക്ഷമയോടെ അവൾ നാടകങ്ങളിലും ചർച്ചകളിലും പങ്കാളിയായി. ടെന്നിസെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവൾ സ്‌കോളർഷിപ്പു നേടിയെടുത്തു. തൊട്ടടുത്ത അടുത്ത വർഷം യുവജനങ്ങളുടെ വൈറ്റ്ഹൗസ് കോൺഫറൻസിൽ അവൾക്കും ഇടം കിട്ടി.
അതോടെ അവൾക്ക് നാട്ടിൽ അല്പം വിലയൊക്കെയായി. റേഡിയോയിൽ വാർത്താ വായനക്കാരിയായി ഒരു ജോലിയും കിട്ടികെട്ടോ..!

അങ്ങിനെയിരിക്കെയാണ് സ്പിൻബർഗ് 'കളർ പർപ്പിൾ' എന്നൊരു നോവൽ സിനിമയാക്കാൻ പോകുന്നു എന്നറിഞ്ഞത്.

അവൾ ആ നോവൽ പല വട്ടം വായിച്ചിട്ടുണ്ട്.. അതിലെ പ്രധാന കഥാപാത്രം താൻതന്നെയല്ലേ എന്നവൾ ശങ്കിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാനാകും എന്നവൾ ആത്മാർത്ഥമായി, തീവ്രയായി ആഗ്രഹിച്ചു.'

ഇടയ്ക്കു കയറി റോബിൻസ് ചോദിച്ചു:

'ഒടുവിലത് സാധ്യമായില്ലേ..! അതിന്റെ പേരിലല്ലേ ഓസ്‌ക്കാർ നോമിനേഷൻ ലഭിച്ചത്..?' 

ചെറു പുഞ്ചിരിയോടെ ജോർജ് ലൂക്കാസ് പറഞ്ഞു തുടങ്ങി. 

'അതേയതേ. എന്നാൽ വീണ്ടും സിനിമകളിലേക്ക് ക്ഷണം ഉണ്ടായപ്പോൾ സിനിമാ മേഖലയിലേക്കു പോകാതെ ബുദ്ധിമതിയായ ഓപ്ര വിൻഫ്രെ ടെലിവിഷനിൽ തന്നെ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കഠിനാധ്വാനവും അർപ്പണ ബോധവും, കഴിവും അവളെ മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്തത്ര ഉന്നതിയിലെത്തിച്ചു. 

എന്തായാലും ആ ഓപ്ര വിൻഫ്രെയെക്കാൾ മെച്ചമായ അവസ്ഥയിലല്ലേ നീ ജീവിക്കുന്നത്.' ജോർജ് ലൂക്കാസ് അയാളോട് ചോദിച്ചു: 

'തീർച്ചയായും.'

റോബിൻസ് തലകുലുക്കി സമ്മതിച്ചു.

ആ നിമിഷം തന്നെ റോബിൻസ് തന്റെ  ഉപബോധ മനസ്സിൽ ഒരു നടപ്പാലം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..! 

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam