റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവ ചുമത്തുമെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
'റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍. ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു. അതാണ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധയന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍, പ്രസിഡന്റ് ട്രംപ് ആ രാജ്യങ്ങള്‍ക്കെല്ലാം മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ പോകുന്നു,' ഗ്രഹാം പറഞ്ഞു.
പുടിനെ സഹായിച്ചതിനുള്ള ശിക്ഷയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റിന് ആ ഉപരോധങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും റഷ്യന്‍ സൈനികരെ അവഗണിക്കാന്‍ കഴിയുമെന്നും ഗ്രഹാം പറഞ്ഞു. എന്നാല്‍ ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവ 'അമേരിക്കന്‍ സമ്പദ്വ്യവസ്ഥയോ പുടിനെ സഹായിക്കുകയോ' എന്നതില്‍ ഒരു തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അവര്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തിരഞ്ഞെടുക്കുമെന്നാണ് താന്‍ കരുതുന്നത് എന്നും യുഎസ് സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു. വ്‌ളാഡിമിര്‍ പുടിനെ രൂക്ഷമായി വിമര്‍ശിച്ച ഗ്രഹാം, തന്റേതല്ലാത്ത രാജ്യങ്ങളെ ആക്രമിച്ച് മുന്‍ സോവിയറ്റ് യൂണിയന്‍ പുനസൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. 90-കളുടെ മധ്യത്തില്‍, റഷ്യ അവരുടെ പരമാധികാരം ബഹുമാനിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉക്രെയ്ന്‍ 1,700 ആണവായുധങ്ങള്‍ ഉപേക്ഷിച്ചു.
എന്നാല്‍ പുടിന്‍ ആ വാഗ്ദാനം ലംഘിച്ചു എന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും യുദ്ധം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതുവരെ അദ്ദേഹം ഇത് അവസാനിപ്പിക്കാന്‍ പോകുന്നില്ല എന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു. അവിശ്വസനീയമാംവിധം അപകടകാരിയായ ഇറാനെ ട്രംപ് കൈകാര്യം ചെയ്തതിനുശേഷം ഇനി പുടിന്റെ ഊഴമാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപ് അമേരിക്കന്‍ രാഷ്ട്രീയത്തിലെയും വിദേശ നയതന്ത്രത്തിലെയും സ്‌കോട്ടി ഷെഫ്ലര്‍ ആണ് എന്നും ഗ്രഹാം പറഞ്ഞു.
റഷ്യയ്ക്ക് കൂടുതല്‍ കുരുക്കാകും
ഉക്രെയ്ന്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത നിലപാടുകള്‍ റഷ്യയ്ക്ക് കൂടുതല്‍ കുരുക്കാകും. 50 ദിവസത്തിനകം ഉക്രെയ്‌നുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലെങ്കില്‍ റഷ്യയ്‌ക്കെതിരായ ഉപരോധം കടുപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 50 ദിവസത്തിനകം റഷ്യയ്ക്ക് ഉക്രെയ്‌നുമായി ധാരണയിലെത്താനായില്ലെങ്കില്‍, കൂടുതല്‍ തിരിച്ചടി നേരിടുക റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായിരിക്കും. റഷ്യയെ അതു സാമ്പത്തികമായി കൂടുതല്‍ തകര്‍ക്കുകയും ചെയ്യും.
ഇറാനും വെനസ്വേലയ്ക്കും പിന്നാലെ റഷ്യ
വെനസ്വേലയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ മാര്‍ച്ചില്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ ഇറാനുമായി ഭിന്നത രൂക്ഷമായപ്പോള്‍, ഇറാനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേലും ട്രംപ് സമാന ഭീഷണി തൊടുത്തു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ (പ്രത്യേകിച്ച് ക്രൂഡ് ഓയിലും ഗ്യാസും) വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ സെപ്റ്റംബര്‍ മുതല്‍ 100% തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവില്‍ ചൈനയും ഇന്ത്യയുമാണ് റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങള്‍. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 38-40 ശതമാനവും റഷ്യയില്‍ നിന്നാണ്. ഉക്രെയ്‌നുമായി 50 ദിവസത്തിനകം ധാരണയിലെത്താന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ 100% ചുങ്കം ട്രംപ് നടപ്പാക്കും. തുടര്‍ന്നും ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയും മറ്റും വാങ്ങിയാല്‍ ട്രംപിന്റെ 100% ചുങ്കം ബാധകമാകുന്നത് ഈ രാജ്യങ്ങള്‍ക്കായിരിക്കും. അതായത്, ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഉല്‍പന്ന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 100% ചുങ്കം ഈടാക്കും.
റഷ്യയെ കാത്ത് കൂടുതല്‍ തിരിച്ചടി
നിലവില്‍തന്നെ കടുത്ത ഉപരോധങ്ങള്‍ മൂലം സാമ്പത്തികഞെരുക്കത്തിലാണ് റഷ്യ. ഉപരോധവും ഡിസ്‌കൗണ്ട് വിലയ്ക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റും എണ്ണ വില്‍ക്കേണ്ടിവരുന്നതിനാലും ഇക്കഴിഞ്ഞമാസം മാത്രം റഷ്യയുടെ എണ്ണ, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വരുമാനം 14% ഇടിഞ്ഞു. വരുമാനനേട്ടമില്ലാത്തതിനാല്‍ റഷ്യ ക്രൂഡ് ഓയില്‍ ഉല്‍പാദനവും കാര്യമായി ഉയര്‍ത്തിയിട്ടില്ല. റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് രാജ്യാന്തര ക്രൂഡ് വില അല്‍പം കുറഞ്ഞിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.48% താഴ്ന്ന് 66.66 ഡോളറിലും ബ്രെന്റ് വില 0.29% കുറഞ്ഞ് 69.01 ഡോളറിലുമെത്തി. ആനുപാതികമായി റഷ്യന്‍ എണ്ണയുടെ വില കുറയുമെന്നതും റഷ്യയ്ക്ക് തിരിച്ചടിയാണ്.
ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ പരമാവധി വില ബാരലിന് 60 ഡോളറായി യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിരുന്നു. രാജ്യാന്തര വില കുറയുന്നതിന് ആനുപാതികമായി ഈ പരിധിയും കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. അങ്ങനെയെങ്കില്‍ റഷ്യയുടെ വരുമാനം കൂടുതല്‍ ഇടിയും. പരിധി ലംഘിച്ച് ഉയര്‍ന്ന വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഏതെങ്കിലും രാജ്യം ശ്രമിച്ചാല്‍ അവയ്ക്കുമേലും യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തും.
ആശങ്ക ഇല്ലെന്ന് ഇന്ത്യ
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നു. റഷ്യയി നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഈടാക്കുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിനെതിരെയാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതികരിച്ചത്. ഇന്ത്യയിലെ എണ്ണ സ്രോതസുകളെ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. തനിക്ക് ഇതില്‍ ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാല്‍ അത് തങ്ങള്‍ കൈകാര്യം ചെയ്യും. ജനങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ വരുന്ന കാര്യമാണ്. ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ 88 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 40 ശതമാനം വരെ റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുന്‍പ് ഇന്ത്യ 27 രാജ്യങ്ങളില്‍ നിന്നാണ് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എവിടെ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാലും അത് വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബ്രസീല്‍, ഗയാന, കാനഡ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആഗോള എണ്ണ വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്