കൊപ്പേൽ (ടെക്സാസ്): ഡാലസിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ തിരുനാളിനു ടെക്സാസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ കൊടിയേറി.
കൊടിയേറ്റിനും തുടർന്ന് നടന്ന ദിവ്യബലിക്കും ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ കാർമ്മികത്വം വഹിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃയാക്കുവാനും തിരുനാളുകളിൽ പങ്കെടുത്തു ആത്മീയ കൃപാവരങ്ങൾ നേടുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിമാർ അറിയിച്ചു.
പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ജൂലൈ 28നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം തേടിയുള്ള നിയോഗത്തിനും നന്ദിസമർപ്പണത്തിനുമായി ദാസൻ ദാസി സമർപ്പണത്തിനുള്ള അവസരവും വിശ്വാസികൾക്കുണ്ടായിരിക്കുന്നതാണ്.
ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 5:00ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്നേഹവിരുന്നും നടക്കും.
പ്രത്യേക കലാപരിപാടികളുടെ ഭാഗമായി ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം ഇടവക ഫാമിലിഡേയും, 26 ശനിയാഴ്ച വൈകുന്നേരം മെലഡീസ് ക്ലബ് യുഎസ്എ ഒരുക്കുന്ന ഗാനമേളയും സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും. ഇതോടൊപ്പം വാർഡ് യുണിറ്റുകൾ സംഘടിപ്പിക്കുന്ന തട്ടുകട ഭക്ഷ്യ മേളയും ആകർഷകമാകും.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്