ഓപ്പറേഷൻ മലബാറിൽ നേടുമോ ബി.ജെ.പി?

JULY 16, 2025, 10:49 AM

പിണറായി വിജയന് ഇനിയും തുടർഭരണം കിട്ടിയാൽ അതിന് ഉത്തരവാദി യു.ഡി.എഫ് മാത്രമല്ല ബി.ജെ.പി കൂടിയാണെന്ന് കരുതുന്ന വോട്ടർമാരുള്ള നാടാണ് കേരളം. ബി.ജെ.പിക്ക് വേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന തീർത്തും ബി.ജെ.പിക്കാർ അല്ലാത്ത നിഷ്പക്ഷമതികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ വളർന്നു വന്നിട്ടുണ്ട്. കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം വികസന മുരടിപ്പാണ് ഉണ്ടായതെന്ന ആക്ഷേപമാണ് ബി.ജെ.പിയുടെ പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആദ്യമേ പ്രകടിപ്പിച്ചത്.

കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ സ്പന്ദനങ്ങൾ വേണ്ട മനസ്സിലാക്കാത്ത ഒരു ബിസിനസ് സിംഹം മാത്രമാണ് പുതിയ പ്രസിഡന്റെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ, ബിസിനസിൽ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൊയ്ത ചരിത്രമുള്ള വ്യക്തിത്വമാണ് ചന്ദ്രശേഖർ. ആദ്യമേ എഴുതിത്തള്ളാൻ ശ്രമിക്കരുതെന്ന് അർത്ഥം. വാസ്തവത്തിൽ രാജീവ് ചന്ദ്രശേഖരനെ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പിണറായി വിജയൻ അല്ല വി.ഡി. സതീശനും കൂട്ടരും ആണ്. കാരണം,പഴയ ചരിത്രങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ വോട്ടർമാർ മാറിമാറി കളംമാറ്റി ചവിട്ടുന്ന ഇടത് വലത് പൊയ്ക്കാൽകളി സ്വാഭാവികമായി ആവർത്തിച്ചേക്കുമെന്ന് പ്രതീക്ഷ ഇനി വെച്ചുപുലർത്തേണ്ടതില്ലെന്നാണ് സൂചനകൾ.

ഭരണം ഇപ്പേഴേ കിട്ടിക്കഴിഞ്ഞു എന്ന മട്ടിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന മൂപ്പളമ തർക്കങ്ങളും വിഴുപ്പലക്കലും ജനങ്ങൾ കാണുന്നുണ്ട്. കോൺഗ്രസിലെ യുവാക്കളെ ലക്ഷ്യമിട്ട് പി.ജെ കുര്യൻ നടത്തിയ പരാമർശങ്ങളും ഉപദേശങ്ങളും സൃഷ്ടിച്ച പ്രതികരണങ്ങൾ കോൺഗ്രസ് സംഘടനാതലത്തിൽ എത്ര ചിതറിയ സംവിധാനമാണെന്ന് നമ്മളെ കാട്ടിത്തന്നു. ഉപദേശം സ്വീകരിക്കാമെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ. അത്രയ്ക്ക് തുറന്നുപറയേണ്ടിയിരുന്നില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മുൻ അധ്യക്ഷന്മാർ. ഉപദേശം വേണ്ട സറേ എന്ന മട്ടിൽ രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി.

vachakam
vachakam
vachakam

പാർട്ടി യോഗത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്, പുറത്തല്ല. ആ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ സ്വീകരിക്കുക എന്ന നിലപാടെടുത്തവരും കുറവല്ല. സമരമുഖങ്ങളിൽ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തണമെന്നാണ് കുര്യൻസാർ ഉദ്ദേശിച്ചത്. പറയുന്നത് ബി.ജെ.പിക്കാര്യം ആണെങ്കിലും സി.പി.എമ്മിനെ തൽക്കാലം വിടാം. ഇനി കഥ നടക്കാനുള്ളത് കോൺഗ്രസിലും യു.ഡി.എഫിലും ആണ്. ആ കഥയിൽ ബി.ജെ.പിയുടെ റോൾ എന്ത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കേന്ദ്രത്തിൽ ഭരണമുള്ള ബി.ജെ.പി നിരന്തരം ഇവിടെ വോട്ടർമാരോട് പറഞ്ഞുകൊണ്ടിരിക്കുന്ന വികസന മന്ത്രം പുതു വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാനത്തെ സാമ്പത്തിക മുന്നേറ്റത്തിൽ നാഴികക്കല്ലായി മാറിയ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ജനങ്ങളുടെ മനസ്സിൽ ആർക്കാണെന്ന് സസൂഷ്മം ചിന്തിച്ചാൽ ഗ്രാഫ് ഉയരുന്നത് കേന്ദ്രത്തിലേക്കല്ലേ? എല്ലാം അദാനിക്കുവേണ്ടി എന്ന് വിമർശിച്ചവരും വിലപിച്ചവരും പോലും വിഴിഞ്ഞത്തിന്റെ പെരുമയിൽ കക്ഷി രാഷ്ട്രീയം മറക്കുന്നു എന്നത് വികസന കേരളത്തിന് നല്ല സൂചികയല്ലേ നൽകുന്നത്.

സ്വപ്‌നം കാണുന്ന അമിത് ഷാ

vachakam
vachakam
vachakam

സംഗതി ശരിയാണ്. വർഗീയം വിട്ടൊരു കളിയില്ല. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചിട്ടും കേരളം തലോലിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് സംസ്ഥാന സന്ദർശന വേളയിൽ തന്റെ കേരള സ്വപ്‌നങ്ങൾ പങ്കുവെച്ച് അമിത് ഷാ ആദ്യം പറഞ്ഞത്. കേരളം എൽ.ഡി.എഫിനും യു.ഡി.എഫിനും നിരവധി അവസരം നൽകി. എന്നാൽ അക്രമവും അഴിമതിയും പ്രീണനവുമാണ് അവർ തിരികെ നൽകിയത്. കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണ്.

പി.എഫ്.ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത്. മാറ്റം വേണമെങ്കിൽ ബി.ജെ.പിയെ വിജയിപ്പിക്കണം. 2026ൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തും. സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബി.ജെ.പിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.

പ്രവർത്തകരോട് മുദ്രാവാക്യം ഉറക്കെ വിളിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്താണ്, അദ്ദേഹം അവിടെയിരുന്ന് മുദ്രാവാക്യം കേൾക്കണം. സഹകരണ ബാങ്ക് അഴിമതി, എക്‌സാലോജിക് അഴിമതി, ലൈഫ് മിഷൻ അഴിമതി, കെ ഫോൺ അഴിമതി, പിപിഇ കിറ്റ് അഴിമതി തുടങ്ങി നൂറുകണക്കിന് അഴിമതികളാണ് ഇടതുപക്ഷ സർക്കാർ നടത്തിയിട്ടുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ സ്‌പോൺസേഡ് അഴിമതിയാണ് സ്വർണ്ണകടത്തെന്നും അമിത് ഷാ വിമർശിച്ചു.

vachakam
vachakam
vachakam

കൊച്ചു കൊച്ചു വെല്ലുവിളികൾ

സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ ഭരണത്തിലും ബി.ജെ.പി കണ്ണുവെച്ച് കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ അവരുടെ ഒരോ നിലപാടും നിർണായകമാണ്. ക്രൈസ്തവരെ കൂടെ കൂട്ടാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ സമീപനത്തിൽ വ്യക്തത വരുത്തണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ആവശ്യപ്പെട്ടു. ക്രൈസ്തവ പീഡനങ്ങൾ തടയുന്നില്ല എന്നതാണ് പ്രധാന തടസ്സം. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ സഹായിക്കാൻ തയ്യാറാവുന്ന നിലപാട് ബി.ജെ.പി സ്വീകരിച്ചിരുന്നു. എന്നാൽ, ക്രൈസ്തവരോടുള്ള സമീപനത്തിൽ കാര്യത്തോട് അടുക്കുമ്പോൾ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് കൂട്ടുകൂടുന്നത് വേട്ടക്കാരന് കൈയ്യടിച്ച് ഇരയെ തലോടുന്നതിന് തുല്യമാണെന്ന് സഭയുടെ മുഖപത്രമായ ദീപിക തുറന്നടിച്ചു.

ഒരു ഘട്ടത്തിൽ ബിഷപ്പുമാർ ഉൾപ്പെടെ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തിരുന്നു. അതൊരു നല്ല സൂചനയാണെന്നാണ് ബി.ജെ.പിയുടെ ഭാഷ്യം. ഉത്തരേന്ത്യയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവും സഭയെ വളരെയേറെ വിഷമിപ്പിച്ചിരുന്നു. അമിത് ഷായുടെ തിരുവനന്തപുരം സന്ദർശനത്തിന് തൊട്ടുപിന്നാലെ സഭാ മുഖപത്രം നിലപാട് വ്യക്തമാക്കിയത് സഭയുടെ ഔദ്യോഗിക ഭാഷ്യമാണോ എന്നതാണ് ചോദ്യം. പൂർണമായും അത് അങ്ങനെ ആണെങ്കിൽ പാർട്ടി ഇപ്പോൾ പ്രതീക്ഷിക്കുന്ന അനുകൂല കാലാവസ്ഥ ബി.ജെ.പിക്ക് നഷ്ടമായേക്കാം. അത്തരമൊരു നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അൽഫോൻസ് കണ്ണന്താനം മുതൽ സഭയുമായി പാലമിടാൻ ബി.ജെ.പി നിയോഗിച്ചവരുടെ എല്ലാം ദൗത്യം പാഴായിപ്പോയി എന്ന് ചരിത്രം വിലയിരുത്തും.

അതിനിടെ രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്ക് ആണെന്ന് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ വിമർശിച്ചത് ഒരു തുറുപ്പുചീട്ടാക്കി വി.ഡി. സതീശൻ രംഗത്ത് വന്നിരുന്നു. ഇതിനുള്ള മറുപടി ബി.ജെ.പി നേതൃത്വം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആ വിവാദം എല്ലാം തെരഞ്ഞെടുപ്പ് വേളയിൽ എത്രകണ്ട് ലക്ഷ്യം കാണുമെന്ന് ഇപ്പോൾ പറയാനാവില്ല. സീറോ മലബാർ സഭയിലെ ബിഷപ്പുമാർ ഒരു ഘട്ടത്തിൽ പുലർത്തിയിടുന്ന ബി.ജെ.പി ആഭിമുഖ്യം ഇപ്പോഴില്ല എന്നത് വാസ്തവമാണ്. മലബാർ മേഖലയിൽ നിന്നുള്ള ബിഷപ്പുമാർ കൂടുതൽ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ നിലപാടുകളിൽ വ്യക്തതയില്ലാത്തത് അവരെയും വെട്ടിലാക്കുന്നു. ഏതായാലും ക്രൈസ്തവ സഭകളുമായുള്ള ബി.ജെ.പിയുടെ അടുപ്പം വരും തെരഞ്ഞെടുപ്പുകളിൽ നിർണായകമാണ്.

ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ബി.ജെ.പി എം.എൽ.എ ക്രൈസ്തവ മിഷനറിമാർക്ക് എതിരെ കൊലവിളി നടത്തിയ സംഭവം കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ഞെട്ടിച്ചു. 2014 ബി.ജെ.പി രാജ്യത്ത് അധികാരത്തിൽ വന്നശേഷം നാലായിരത്തിൽപ്പരം അക്രമങ്ങൾ ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്നു. ഇതൊന്നും കാണാതെയും അറിയാതെയും ആണോ കേരളത്തിൽ ബി.ജെ.പി നേതാക്കൾ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി സൗഹൃദം പങ്കുവയ്ക്കാൻ എത്തുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു സഭാ മുഖപത്രത്തിലെ ചോദ്യങ്ങൾ. വേട്ടക്കാരന് കയ്യടിച്ച് ഇരയെ തലോടുന്ന നയമണോ ബി.ജെ.പിയുടേതെന്ന് സഭ ചോദിക്കുന്നു.

ഒന്നോർക്കാം: ഒരുകാലത്ത് കോൺഗ്രസിന്റെ വക്താവും സോണിയഗാന്ധിയുടെ അതീവ വിശ്വസ്തനുമായിരുന്ന ടോം വടക്കനെ ബി.ജെ.പിയിലേക്ക് ആകർഷിച്ച് സംസ്ഥാനത്ത് വലിയൊരു അട്ടിമറി നടത്തിയെന്ന ഭാവം ബി.ജെ.പി നേതൃത്വത്തിന് ഉണ്ടായിരുന്നു. വടക്കനും അത്തരത്തിൽ ഭാവിച്ചിരുന്നു. ചെന്നിടത്തും വക്താവ് ജോലി കിട്ടി എന്നല്ലാതെ കേരളത്തിന് സവിശേഷമായ ഒരു നേട്ടവും അതുകൊണ്ടുണ്ടായില്ല. പിന്നീട്, സാക്ഷാൽ ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വശത്താക്കിയപ്പോൾ അത് രാഷ്ട്രീയ കേരളത്തിൽ, സ്ത്രീകൾക്കിടയിൽ, പ്രത്യേകിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയും എന്ന് കരുതി. അതും അസ്ഥാനത്തായി. പത്മജ പോയാൽ തൃശ്ശൂരിൽ ബി.ജെ.പിക്ക് ഒരു വോട്ട് മാത്രമേ കൂടൂ എന്ന പരിഹാസവും അക്കാലത്ത് ഉയർന്നു.

ഇത്തരം കൊച്ചുകൊച്ച് കളികൾ കൊണ്ട് നേടാവുന്നതല്ല കേരളം എന്ന രാഷ്ട്രീയ പരമാർത്ഥം എന്ന് നിലവിലെ ബി.ജെ.പി നേതൃത്വമെങ്കിലും തിരിച്ചറിഞ്ഞാൽ 2026 ഏറെ മധുരിച്ചില്ലെങ്കിലും കയ്പ് കുറയ്ക്കാനെങ്കിലും അത് പ്രയോജനം ചെയ്യും.

പ്രജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam