ബീഹാറിലേ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ എസ്.ഐ.ആർ നടപ്പാക്കരുതെന്നും തയാറെടുപ്പിന് സമയം ആവശ്യമാണെന്നും ലോക്‌സഭയിലെ ടി.ഡി.പി കക്ഷിനേതാവ് ലാവു ശ്രീകൃഷ്ണ ദേവരായുലുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കണ്ട് ആവശ്യപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ എൻ.ഡി.എയിലെ തെലുങ്കു ദേശം പാർട്ടിയും ബീഹാറിലെ ബി.ജെ.പിയും എതിർപ്പുയർത്തിയിരിക്കുന്നു.
വടക്കേഇന്ത്യൻ സംസ്ഥാനമായ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങിയിരിക്കുന്നു. ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടായിരിക്കും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്‌കണം തകൃതിയായി നടത്തുകയാണ്. അതിനിടെയാണ് ബീഹാറിൽ ജനാധിപത്യവിരുദ്ധമായ രീതിയിലുള്ള വോട്ടർപ്പട്ടിക പുതുക്കലാണ് നടത്തിവരുന്നതെന്ന വാർത്ത പുറത്തുകൊണ്ടുവന്ന ഫ്രീലാസ് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്.
ബെഗുസരായ്യിലെ ആ മാധ്യമപ്രവർത്തകനെതിരെ ബ്ലോക്ക്. ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. അദ്ദേഹം ഒരു വീഡിയോ ഇക്കഴിഞ്ഞ ജൂലൈ 12ന് തന്റെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. സഹേബ്പൂർ കമൽ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതാണ് ആണ് വീഡിയോയിൽ കാണിച്ചത്.
എഫ്.ഐ.ആർ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള വർദ്ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ജോലിയുടെ പേരിൽ പീഡനമോ ഭീഷണിയോ നേരിടുന്ന എല്ലാ മാധ്യമപ്രവർത്തകരോടും ക്ലബ് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബി.എൽ.ഒ ആപ്പ് ഉപയോഗിച്ച് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിനിടെ അജിത് അഞ്ജും സഹപ്രവർത്തകരും പ്രദേശത്തെ മുസ്ലീം വോട്ടർമാരെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർത്തിയത്. 'മുസ്ലീം വോട്ടർ പീഡിപ്പിക്കപ്പെടുന്നു എന്ന അവകാശവാദത്തിലായിരുന്നു അഞ്ജുമിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്, അത് തികച്ചും തെറ്റാണെന്നാണ് ബൂത്ത് ലെവൽ ഓഫീസറുടെ പരാതി. ഏകദേശം 7.9 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് സമഗ്രമായ പരിഷ്‌കരണം വലിയ വിവാദമായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയിലെ വോട്ടർപട്ടിക പരിഷ്‌കരണവും സമാനമായ രീതിയിൽ വിവാദമായിരുന്നു.
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ (SIR) എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്‌കരണം നടത്തിവരുന്നത്. കഴിഞ്ഞ ജൂൺ 24നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നേരിട്ട് വീടുകളിലെത്തി ബീഹാറിലെ വോട്ടർപട്ടിക വെരിഫിക്കേഷൻ നടത്തുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഓരോ വോട്ടറും തങ്ങളുടെ പേര്, അഡ്രസ്, ഫോട്ടോ എന്നിവയടങ്ങിയ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കണം. വോട്ടർമാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോഗ്രാഫും റെസിഡെൻഷ്യൽ പ്രൂഫും നൽകണമെന്നും പ്രത്യേകമായി പറയുന്നു.
1987ന് മുമ്പ് ജനിച്ചവർ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് ശേഷം ജനിച്ചവർ സ്വന്തം ജനനസർട്ടിഫിക്കറ്റും അവരുടെ രക്ഷിതാക്കളുടെ ജനനസർട്ടിഫിക്കറ്റും നൽകണം. രക്ഷിതാക്കൾ ഇന്ത്യക്ക് പുറത്തുള്ളവരാണെങ്കിൽ അവരുടെ പാസ്‌പോർട്ടും വിസയും സമർപ്പിക്കണം. 2003ലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമാവാത്ത ഏകദേശം മൂന്നു കോടി പേരെങ്കിലും ബിഹാറിൽ ഉണ്ടാവുമെന്നാണ് കണക്ക്. ഇവരുടെ രേഖകളിലാണ് കാര്യമായ പരിശോധനകൾ ഉണ്ടാവുക. യുവാക്കളയും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ, 2003ന് ശേഷം ഇതാദ്യമായാണ് ബീഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടക്കുന്നതെന്നും അതിന്റെ ഭാഗമായി അർഹിക്കുന്നവരെ മാത്രം വോട്ടേഴ്‌സ് ലിസ്റ്റിന്റെ ഭാഗമായി നിലനിർത്താനാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അനർഹരെ വോട്ടർപട്ടികയിൽ തിരുകിക്കയറ്റിയെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. നിലവിൽ ബീഹാറിലും വോട്ടർപട്ടികയാകെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെയും ബീഹാറിലെ സംസ്ഥാന സർക്കാരിന്റെയും ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
കടുത്ത പ്രതിഷേധങ്ങളും പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എയെ പിന്തുണയ്ക്കാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ട് കോടിയോളം വോട്ടർമാരെ ഇത്തരത്തിൽ ലിസ്റ്റിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് അവർ പറയുന്നത്. '2003ൽ വോട്ടർപട്ടിക പരിഷ്‌കരണം നടന്നത് രാജ്യവ്യാപകമായാണ്. എന്നാൽ ഇപ്പോൾ എന്തിനാണ് ബീഹാറിൽ മാത്രമായി ഈ പ്രക്രിയ നടത്തുന്നത്?'' തേജസ്വി യാദവ് എന്ന നേതാവ് ചോദിക്കുന്നു.
വെറും രണ്ട് മാസത്തിനുള്ളിൽ കോടിക്കണക്കിന് വോട്ടർമാർക്ക് എങ്ങനെയാണ് ഈ പ്രക്രിയയുടെ ഭാഗമാവാൻ സാധിക്കുകയെന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ട്. രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ട കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലുള്ള വോട്ടർ പട്ടിക പരിഷ്‌കരണം ഉണ്ടാവുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു.
വോട്ടർപട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളടക്കം നൽകിയ ഹർജികൾ പരിഗണിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ഈ ചോദ്യം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് വോട്ടർപട്ടിക പുതുക്കലെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് സുധാൻഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിലവിലുള്ള പ്രവർത്തനം തുടരുന്നതിൽ കോടതി വിയോജിച്ചിട്ടില്ല. എന്നാൽ, കോടതിയെ അറിയിച്ച് മാത്രമേ തുടർ നടപടികൾ ആരംഭിക്കാൻ പാടുള്ളൂ. വോട്ടർ പട്ടികയിൽ അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കുകയും വേണം.
ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, റേഷൻ കാർഡ് എന്നിവ വോട്ടർമാരുടെ ആധികാരിക രേഖകളായി പരിഗണിക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ''വോട്ടർ പട്ടികയിൽ പരിഷ്‌കരണം നടത്തുന്നതിനോട് വിയോജിപ്പില്ല. എന്നാൽ അതിന്റെ സമയത്തിന്റെ കാര്യത്തിൽ സംശയങ്ങളുണ്ട്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. എങ്ങനെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട വോട്ടർമാരെ ഒഴിവാക്കാതെ, വോട്ടർമാർക്കുള്ള പരാതികൾ പൂർണമായും പരിഗണിച്ച് ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുക?'' ഇതൊക്കെയാണ് കോടതിയുടെ ചോദ്യങ്ങൾ.
തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്ര, രാഷ്ട്രീയ ജനതാദൾ നേതാവ് മനോജ് കുമാർ ഝാ, പ്രധാന പ്രതിപക്ഷ കക്ഷികളുടെ നേതാക്കളായ കെ.സി. വേണുഗോപാൽ, സുപ്രിയ സുലെ, സി.പി.ഐ നേതാവ് ഡി. രാജ, സമാജ്വാദി പാർട്ടി നേതാവ് ഹരീന്ദർ മാലിക്, മജ്വാദി പാർട്ടിയിലെ എസ്.ബി സർവിന്ദ് മാലിക് എന്നിവരാണ് ഹർജി നൽകിയത്. അഹമ്മദ്, ദിപങ്കർ ഭട്ടാചാര്യ തുടങ്ങിയവരും കക്ഷി ചേർന്നിരുന്നു. ഒടുവിലിതാ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ എൻ.ഡി.എയിലെ തെലുങ്കു ദേശം പാർട്ടിയും ബിഹാർ ബി.ജെ.പിയിലും എതിർപ്പുയർന്നിവന്നിരിക്കുന്നു.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്