അട്ടിമറി വഴുതിമാറിയിട്ടും ആടിയുലഞ്ഞ് 'കീം'

JULY 16, 2025, 1:57 PM

ഇത്തിരി പഴയൊരു കാർട്ടൂണിലെ കുറിവാചകമിങ്ങനെ: യക്ഷികൾക്കും ഫുൾ എ പ്‌ളസ് കാർക്കും ഒരേ ശിക്ഷയാണിവിടെ, കൊണ്ടുപോയി 'പാല'യിൽ തറയ്ക്കും. അത്യാകർഷക ബിസിനസ് കെട്ടിപ്പടുക്കാൻ തന്ത്രങ്ങളിറക്കിയ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളെയും ആ തന്ത്രങ്ങളുടെ ഇരകളായവരെയുമാണ് കാർട്ടൂണിസ്റ്റ് അന്നു 'ചൊറിഞ്ഞത്'. എൻജിനീയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കുന്നതിലേക്കു വഴി തെളിച്ച സാഹചര്യങ്ങൾക്കു പിന്നിലും, ബിസിനസ് ബന്ധമുള്ള ആരോപണങ്ങൾ കടന്നു വരുന്നു.

ആയിരക്കണക്കിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്നതാണ് എൻട്രൻസ് ഫലവും അതിൻ പ്രകാരമുള്ള പ്രവേശന നടപടികളും. അതും നേരെ ചൊവ്വേ നടത്തുന്നില്ല. പ്രവേശനം വൈകിയാൽ വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകും. ഇതരസംസ്ഥാനങ്ങളിലെ വൻകിട സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് വിദ്യാർഥികളെ യഥേഷ്ടം സംഭാവന ചെയ്യാനുളള ആസൂത്രിതമായ നീക്കമാണോ ഇതിന്റെ പിന്നിൽ എന്നതു പരിശോധിക്കണമെന്ന ആവശ്യം കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) ഉയർത്തിക്കഴിഞ്ഞു.

കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സി.ബി.എസ്.ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് പ്രവേശന നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. കീം ഫലം പ്രഖ്യാപിച്ചത് പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല. സംസ്ഥാന സിലബസുകാരെ സഹായിക്കാൻ വെയിറ്റേജ് സ്‌കോർ നിർണയത്തിനുള്ള പുതിയ ഫോർമുല, ഫലപ്രഖ്യാപനത്തിന് ഒരുമണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്.

vachakam
vachakam
vachakam

പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി തീരുമാനങ്ങളെടുക്കുകയും പ്രവേശന നടപടി നടത്തുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമായി വിധിച്ചിട്ടുള്ളതാണ്. പ്രോസ്‌പെക്ടസിൽ തന്നെ ഇത്തരമൊരു ഫോർമുലയുടെ അടിസ്ഥാനത്തിലാവും പ്രവേശനമെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കോടതി ഇത് റദ്ദാക്കുമായിരുന്നില്ല.

എന്തായാലും കീം പ്രവേശന പരീക്ഷാഫലത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതു മൂലം പ്രശ്‌നം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയകന്നു. ഈ വർഷത്തെ പ്രവേശന നടപടികൾ തുടരാമെന്നും നിലവിൽ കോടതി ഇടപെട്ടാൽ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലാകുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. വിഷയത്തിൽ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അപ്പീൽ പോയാൽ പ്രവേശന നടപടികളെ ബാധിക്കുന്നതിനാലാണ് തീരുമാനമെന്നും കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്നാണ് കേരള സിലബസ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയില്ലെങ്കിലും ഫലത്തിൽ ഇത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ്. ഇപ്പോൾ തന്നെ ഓരോ പരീക്ഷയും, പ്രവേശനനടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യം ഇത്തരത്തിലുള്ള അനിശ്ചിതത്വത്താൽ വലയുന്ന സാഹചര്യമുണ്ടെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിൽ എൻജിനീയറിങ് പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾക്ക് തടസമില്ല.

പുനഃക്രമീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താം. മാർക്കിലെയും റാങ്കിലെയും മാറ്റം തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കില്ല. പരീക്ഷ നടത്തിയ ശേഷം സ്‌റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിന് പുതിയ ഫോർമുല ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രോസ്‌പെക്ടസിൽ ഭേദഗതി കൊണ്ടുവരാൻ കഴിയുമോയെന്ന നിയമപ്രശ്‌നം പിന്നീട് പരിഗണിക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഭേദഗതി കൊണ്ടു വന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ആരെ സഹായിക്കാനായാലും നല്ല ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്നതായാലും അതിന് നിയമത്തിന്റെ അടിസ്ഥാനമില്ലെങ്കിൽ കോടതിയിൽ തിരിച്ചടി നേരിടും. ഇതറിയാത്ത ആളുകളൊന്നുമല്ല സർക്കാരിന്റെ ഉന്നത തസ്തികകളിലുള്ളത്. എന്നാൽ അധികാര രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്താൽ നിയമവിരുദ്ധമെന്ന് ബോദ്ധ്യമുണ്ടെങ്കിൽക്കൂടിയും അക്കാര്യം രേഖപ്പെടുത്താതെ ചില നടപടികൾ അവർ കൈക്കൊള്ളും. അത്തരം നടപടികളാണ് കോടതികളുടെ മുന്നിലെത്തുമ്പോൾ ശിഥിലമാവുകയും തിരിച്ചടിയായി മാറുകയും ചെയ്യുന്നത്.

vachakam
vachakam
vachakam

എഴുതപ്പെട്ട നിയമത്തിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് കോടതികൾ മുന്നിൽ വരുന്ന വിഷയങ്ങൾ പരിഗണിക്കുന്നത്. 2011 മുതൽ തുടരുന്ന പ്രോസ്‌പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് വിധി. പുതിയ മാർക്ക് നിർണയ രീതിക്കെതിരെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാങ്ക് നിലനിറുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ ഹർജികളും എത്തിയിരുന്നു. വൈകിയ വേളയിലെ ഫോർമുല കാരണം റാങ്ക് ലിസ്റ്റിൽ പിന്നിലായെന്നാണ് സി.ബി.എസ്.ഇക്കാർ ഉദാഹരണ സഹിതം വാദിച്ചത്. ജൂൺ ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 

പതിന്നാലു കൊല്ലമായി തുടരുന്ന രീതി അതേപടി ഇക്കൊല്ലവും തുടർന്നിരുന്നെങ്കിൽ കുട്ടികൾക്ക് കോടതി കയറിയിറങ്ങേണ്ടിവരില്ലായിരുന്നു. അഥവാ, രീതി മാറ്റണമെന്നുണ്ടെങ്കിൽ അത് ചാടിപ്പിടിച്ച് അവസാന നിമിഷമല്ല ചെയ്യേണ്ടിയിരുന്നത്. നേരത്തേകൂട്ടി പുതിയ ഫോർമുല തയ്യാറാക്കി, ചർച്ചകൾ നടത്തി, പരാതികൾ ദുരീകരിച്ച് കൃത്യമായി പ്രോസ്‌പെക്ടസിൽ അത് വിശദീകരിച്ച് വ്യക്തമാക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നു.

കീം ഫലം റദ്ദാക്കിയതിൽ വലയുന്നത് പുതിയ ഫോർമുലയ്ക്ക് രൂപം നൽകിയവരല്ല; എൻട്രൻസിന്റെ ഭാഗമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. സർക്കാരിന്റെ കീം ഫലം അനുസരിച്ച് പ്രവേശനം കിട്ടുമെന്ന് ഉറപ്പാക്കിയിരുന്നവർക്കു പോലും പുതിയ ഫലം പ്രഖ്യാപിച്ചാൽ എന്താവും ഫലമെന്നതിനെപ്പറ്റി ഒരു പിടിയുമില്ലാതായിരിക്കുകയാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുന്നതാണ് പുതിയ ഫോർമുല എന്നും ഭേദഗതിക്ക് പ്രോസ്‌പെക്ടസിൽ വ്യവസ്ഥയുണ്ടെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറയുന്നത്. എന്നാൽ ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാർ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതു മന്ത്രി വിശദീകരിച്ചില്ല.

വേണം അന്വേഷണം

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷാഫലത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.പി.മുഹമ്മദ് സലീം, ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടിരുന്നു. എൻജിനീയറിങ് കോളജുകളിലെ പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്ന സ്ഥിതിവിശേഷം വന്നുപെടാൻ സംസ്ഥാന സർക്കാർ കരുതിക്കൂട്ടി ചെയ്തതാണോ ഇതെല്ലാം എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്.

കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം കാത്തുനിന്ന  ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിലെ വൻകിട  സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് വിദ്യാർഥികളെ യഥേഷ്ടം സംഭാവന ചെയ്യാനുളള ആസൂത്രിതമായ നീക്കമാണോ ഇതിന്റെ പിന്നിൽ? പ്രവേശന പരീക്ഷാ മാനദണ്ഡങ്ങളിൽ വിദ്യാർഥികളെ രണ്ടു തട്ടിൽ നിർത്തിയുളള വിവേചനവും അനീതിയും നീക്കം ചെയ്യാനുളള നിർദേശം വിദഗ്ധ സമിതി നൽകിയിട്ടുണ്ടോ എന്നതും, അതല്ല ഇക്കാര്യത്തിൽ തിരുത്തലുകൾ വരുത്താൻ ശാഠ്യം പിടിച്ചത് ആരായിരുന്നുവെന്നതിനും സർക്കാർ വ്യക്തമായ ഉത്തരം നൽകണം. ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ മറുപടികൾക്ക് പകരം കീം  അട്ടിമറിയിലെ യഥാർഥ വസ്തുത ജനങ്ങൾക്കു മുൻപാകെ തുറന്നു പറയുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ബാധ്യതയുണ്ടെന്നുമാണ് സി.കെ.സി.ടി ഭാരവാഹികൾ  പറഞ്ഞത്.

എൻജിനീയറിങ് പ്രവേശന പരീക്ഷ കേരള സിലബസുകാരും സി.ബി.എസ്.ഇ സിലബസുകാരും തമ്മിലുള്ള ഒരു മത്സരമായിരുന്നുവോ എന്ന ചോദ്യവും ഇതിനിടെ വ്യാപകമായി ഉയരുന്നുണ്ട്. ഈ മത്സരത്തിൽ സി.ബി.എസ്. ഇക്കാരെ നിലംപരിശാക്കി കേരള സിലബസുകാർ വിജയം വരിക്കുകയായിരുന്നു എന്ന പ്രചാരമാണുയർന്നത്. വിദ്യാഭ്യാസവും പരീക്ഷയും മാർക്കിടലും മാർക്കു നേടലുമൊക്കെ കഴുത്തറപ്പൻ മത്സരമായി മാറുന്നു. എൻട്രൻസ് പരീക്ഷാഫലം പുറത്തവന്നു കഴിഞ്ഞ ഉടനെ പത്രങ്ങളിലെല്ലാം മുഴുപ്പേജ് പരസ്യങ്ങൾ വന്നു. മികച്ച റാങ്ക് നേടിയ കുട്ടികൾ തങ്ങളുടെ ട്യൂഷൻ സെന്ററിലാണ് പഠിച്ചതെന്ന് വിളംബരപ്പെടുത്തി ഓരോ സ്ഥാപനവും.

ഏറ്റവും മികച്ചതായി കരുതപ്പെടുന്ന സ്ഥാപനങ്ങൾ തമ്മിൽ നടക്കുന്ന മത്സരങ്ങളുടെ അന്തർധാര ഈ പരസ്യങ്ങൾ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ കണ്ടെടുക്കാനാവും. ഇന്നയിടത്ത് പോയി റിപ്പീറ്റ് ചെയ്യുകയാണോ വേണ്ടത്, അതല്ല മറ്റേടത്ത് ഹോസ്റ്റലിൽ ചേർന്നു പഠിക്കണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിങ്ങനെ. ഇതെല്ലാം തീരുമാനിക്കുന്നത് പാഠപുസ്തകം, കരിക്കുലം കമ്മിറ്റി, ബോർഡ് പരീക്ഷകൾ എന്നിവയ്ക്കപ്പുറത്തെവിേെയാ ഒക്കെയായി നിലകൊള്ളുന്ന മറ്റേതോ കേന്ദ്രങ്ങളാണ്. 

അവധിപ്രഖ്യാപിക്കൽ, തലയെണ്ണൽ, സുംബാ ഡാൻസ്, യുവജനോത്സവം തുടങ്ങിയ പഠനബാഹ്യ കാര്യങ്ങളിലൊതുങ്ങി മന്ത്രിയുടെയും വകുപ്പിന്റെയും അധ്യാപകരുടെയുമൊക്കെ പ്രവർത്തനങ്ങൾ. ഈ പ്രശ്‌നമണ്ഡലത്തിലേക്കാണ് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ, ബി.ആർ.സി, നിരന്തര മൂല്യനിർണയം തുടങ്ങിയ പരീക്ഷണങ്ങളുമായി ഉത്തരവാദിത്വ ബോധത്തോടെയാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സർക്കാരിന്റെ നടപടികൾ. ഈ നടപടികൾ കൈക്കൊള്ളാൻ തുടങ്ങിയിട്ടു കാലമേറെയായി.

അതിന്റെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണവും പരിശീലന പദ്ധതികളുമെല്ലാം നടക്കുന്നു. അവയ്ക്ക് ഫലം കാണുന്നുമുണ്ടാവണം. അതിനിടയിലേക്കാണ് പത്താംതരം പരീക്ഷയിൽ എ പ്ലസ് കിട്ടിയ കുട്ടിക്ക് സ്വന്തം പേരെഴുതാൻ പോലുമറിയില്ല എന്ന ആരോപണം ഇടിവാൾപോലെ വന്നുവീഴുന്നത്. അതൊരു മാറ്റിച്ചിന്തിക്കലിന് നിമിത്തമായിരിക്കുന്നു എന്നും തോന്നുന്നു. പൊതുവിദ്യാഭ്യാസ ധാരയിൽ പഠിക്കുന്ന വിദ്യാർഥികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരിക്കുകയാണ് ഇപ്പോൾ. അതിന്റെ ഫലമായാണ് കീം പരീക്ഷയിൽ പുതുതായി ഏർപ്പെടുത്തിയതും കോടതി തള്ളിക്കളഞ്ഞതുമായ മാർക്ക് സമീകരണ ഫോർമുല.

വിദ്യാഭ്യാസ സംരക്ഷണം?

പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന അജൻഡയുമായി മുന്നോട്ടുപോകുമ്പോൾ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമിനോട് സർക്കാരും പൊതുസമൂഹവും ശത്രുതാമനോഭാവം പുലർത്തേണ്ടതുണ്ടോ? അങ്ങനെയൊരു ശത്രുതയുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളിൽനിന്നു വരുന്ന പ്രസ്താവനകൾ. ഈയിടെ ശ്രീകൃഷ്ണപുരത്തെ ഒരു സ്‌കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ സ്‌കൂളുകളെ 'സർക്കസ് കൂടാരങ്ങൾ' എന്നാണ് ബാലാവകാശ കമ്മിഷൻ വിശേഷിപ്പിച്ചത്.

കേന്ദ്രസർക്കാർ നിയമങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ വ്യവസ്ഥകളോടെ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാണ് സി.ബി.എസ്.ഇ സ്‌കൂളൂകളും. അവയുടെ നടത്തിപ്പിലെ അപാകതകൾക്കെതിരിൽ നടപടിയെടുക്കാതെ അത്തരം സ്‌കൂളുകളെ ഒന്നടങ്കം പ്രാകൃതമെന്ന് ഔദ്യോഗിക തലത്തിൽ മുദ്രകുത്തുമ്പോൾ അത് പ്രസരിപ്പിക്കുന്ന സന്ദേശം രണ്ടു സ്ട്രീമുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നുതന്നെയാണ്. രണ്ടു താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനാൽ ഇരുകൂട്ടർക്കുമിടയിൽ പോര് നിലനിൽക്കുന്നു എന്ന സാമാന്യവൽക്കരണത്തിലാണ് ഈ സന്ദേശം ചെന്നെത്തുക. 

സ്‌കൂൾ വിദ്യാഭ്യാസരംഗത്തിന്റെ കുത്തഴിഞ്ഞുപോകാൻ കാരണമായിത്തീർന്നത് അതിനെ ഒട്ടും ഗൗരവത്തോടെയല്ലാതെ മാറിവന്ന സർക്കാരുകൾ സമീപിച്ചതാണ്. തങ്ങളുടെ കക്ഷിരാഷ്ട്രീയ, സമുദായ താൽപര്യങ്ങൾക്കാണ് വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയതിനേക്കാർ മുന്നണികൾ മുൻതൂക്കം നൽകിയത്. ഇത് കേരള സംസ്ഥാന രൂപീകരണം മുതൽക്കുതന്നെ കാണാവുന്നതാണ്.

മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ നിന്നാണല്ലോ കമ്യൂണിസ്റ്റ് സർക്കാരിനെതിരായുള്ള സമരത്തിന്റെ മുള പൊട്ടിയത്. പിന്നീട് ഓരോ ഭരണകാലത്തും ഓരോ രീതിയിൽ വിദ്യാഭ്യാസ മാറ്റങ്ങൾ സംഭവിക്കുകയും അവയെല്ലാം വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഇവയ്‌ക്കെല്ലാം മത  സാമുദായികരാഷ്ട്രീയ മാനങ്ങളുമുണ്ടായിരുന്നു. സർക്കാർ തീരുമാനങ്ങൾ അതത് കാലത്ത് ഭരിക്കുന്ന കക്ഷികളുടെ ഇഷ്ടൾക്കനുസരിച്ചു തീരുമാനങ്ങൾ മാറിമറിഞ്ഞു.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam