അഴിമതിക്ക് കുടപിടിക്കൽ ഒക്കെ പണ്ട്, ഇപ്പോൾ കൂടാരം പണിയുകയല്ലേ ചിലർ?

JULY 16, 2025, 9:14 AM

അഴിമതിക്കെതിരെയുള്ള കർശന നിലപാടിന്റെ ഉരുക്കുമുഷ്ടി കേരളത്തിന്റെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിൽ നമുക്ക് കാണാം. വിക്കിപീഡിയയുടെ ഈ വിവര വിതരണ പ്രക്രിയയിൽ, ബ്യൂറോയുടെ മുദ്രാവാക്യവുമുണ്ട്: അഴിമതി എന്നാൽ രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമെന്നാണ് ഈ മുദ്രാവാക്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇംഗ്ലീഷിൽ മാത്രമല്ല ഹിന്ദിയിലും ഇതേ മുദ്രാവാക്യം സൈറ്റിൽ കാണാം. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥർ മാറി മാറി വന്ന ഭരണകൂടങ്ങൾക്ക് വഴങ്ങാതെ നിരവധി അഴിമതിക്കേസുകൾ വെളിച്ചത്തുകൊണ്ടുവരാൻ പരിശ്രമിച്ചിട്ടുണ്ട്. ചില ശ്രമങ്ങളിൽ അവർ ജയിച്ചു. ചില കേസുകളിൽ അവർക്ക് വിജയിക്കാനും കഴിഞ്ഞില്ല. അഴിമതിക്കഥകൾ പുറത്തുവരുന്നതിന്റെ ഒരു കാരണം മൻമോഹൻസിംഗ് സർക്കാർ പാർലിമെന്റിൽ അവതരിപ്പിച്ച വിവരാവകാശ നിയമം പ്രാബല്യത്തിലായതാണ്. ഏതൊരു ഭാരതീയ പൗരനും സർക്കാരിൽ അയാൾ സമർപ്പിച്ച ഒരു പരാതി സംബന്ധിച്ച് 5 പ്രവൃത്തി ദിനത്തിനുള്ളിൽ മറുപടിയോ നടപടിയോ ഉണ്ടാകണമെന്ന് സ്വാതന്ത്ര്യനാന്തര കാലഘട്ടത്തിൽ  നിയമം പാസാക്കിയ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ചുവപ്പുനാടയുടെ ഞെരുക്കം നാം ഇപ്പോഴും വല്ലാതെ അനുഭവിക്കുന്നുണ്ട്.

എന്നാൽ വിവരാവകാശ നിയമം ഒരളവ് വരെ ഭരണകൂടത്തിന്റെ മന്ദഭാവം മാറ്റാൻ കാരണമാകുകയായിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ സുരക്ഷയോട് ബന്ധപ്പെട്ട കാര്യങ്ങളില്ലാതെ ജനങ്ങളുടെ വിവരാവകാശം ലംഘിക്കരുതെന്നും ലംഘിച്ചാൽ ബന്ധപ്പെട്ട സർക്കാർ ജീവനക്കാരൻ പിഴയടയ്ക്കാൻ ബാധ്യസ്ഥനാണെന്നും എഴുതിവച്ചിട്ടുണ്ട്. ഇപ്പോൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കാൻ സർക്കാർ കൽപ്പന പുറപ്പെടുവിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

കൂട്ടിലടച്ച തത്തയുടെ ചിറകരിയുമ്പോൾ...

വിജിലൻസ് കൂട്ടിലടച്ച തത്തയാണെന്ന് സി.പി.എം.ന്റെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ പോലെയുള്ളവർ പണ്ട് പറഞ്ഞിട്ടുണ്ട്. സി.ബി.ഐ, ഇ.ഡി. തുടങ്ങിയ കേന്ദ്രസർക്കാർ ഏജൻസികളെക്കുറിച്ച് സി.പി.എം.നു മാത്രമല്ല കോൺഗ്രസിനും പരാതികളുള്ളതാണ്. എന്നാൽ വിവരാവകാശത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കണമെന്ന ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി 2025 ജനുവരി 11ലെ രേഖാമൂലമുള്ള നിർദ്ദേശത്തെ അന്നേ എതിർക്കേണ്ടിയിരുന്ന വിജിലൻസ് ഡയറക്ടർ അന്നും ഇന്നും മൗനം പാലിക്കുന്നതിലെ ദുരൂഹതയെക്കുറിച്ച് ഇപ്പോൾ മാധ്യമ വാർത്തകളുണ്ട്.

ഇപ്പോൾ തന്നെ പന്ത്രണ്ടോളം വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് സർക്കാർ മാറ്റി നിർത്തിയിട്ടുണ്ട്. വിജിലൻസ് ഡിപ്പാർട്ടുമെന്റിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ ചില മന്ത്രിമാർ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നുവത്രെ. 

vachakam
vachakam
vachakam

ഒരർത്ഥത്തിൽ അഴിമതി ചെറുക്കേണ്ട ഭരണകൂടങ്ങൾ, അഴിമതിക്ക് കുടയല്ല, കൂടാരം തീർക്കുന്നതുവരെയെത്തി നിൽക്കുമ്പോൾ, വിജിലൻസ് ശേഖരിക്കുന്ന വിവരങ്ങൾ ഭരണകർത്താക്കളുടെ ഉറക്കം കെടുത്തുക സ്വാഭാവികമാണ്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ വിജിലൻസ് ശേഖരിച്ച വിവരങ്ങൾ പ്രതിപക്ഷവും ആയുധമാക്കുമെന്ന് ഭരണപക്ഷം ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് പൊതുജനവും മാധ്യമങ്ങളും വിമർശിച്ചാലും വിജിലൻസിനെ ചങ്ങലയ്ക്കിടണമെന്ന് 'ചിലർ' തീരുമാനമെടുത്തു കഴിഞ്ഞു.

നമ്മുടെ വിജിലൻസ് സംവിധാനം എങ്ങനെ? 

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരത്താണ്. 14 ജില്ലകളിലും ബ്യൂറോയുടെ യൂണിറ്റുകളുണ്ട്. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ജില്ലകളിൽ ബ്യൂറോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 4 റേഞ്ചുകളുണ്ട്, അതായത് സതേൺ, ഈസ്റ്റേൺ, സെൻട്രൽ, നോർത്തേൺ എന്നിങ്ങനെ. സതേൺ റേഞ്ചിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, സെൻട്രൽ റേഞ്ചിൽ എറണാകുളം, തൃശൂർ, പാലക്കാട്. നോർത്തേൺ റേഞ്ചിൽ കോഴിക്കോട് മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്.

vachakam
vachakam
vachakam

ഈ റേഞ്ചുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 6 കോടതികളുണ്ട്. കോഴിക്കോട്, തലശ്ശേരി, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണിവ പ്രവർത്തിക്കുന്നത്. ഈ കോടതികളുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നില്ലെങ്കിൽ അഴിമതിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളുമെന്ന് സർക്കാരിനറിയാം. ഉദാഹരണം പറയാം: മൂവാറ്റുപുഴയിലെ വിജിലൻസ് കോടതിയാണ് എറണാകുളം റേഞ്ചിലെ കേസുകൾ വിചാരണ ചെയ്യേണ്ടത്.

ഈ കോടതിയിലെ ജഡ്ജി രണ്ടാഴ്ച മുമ്പ് സ്ഥലം മാറി. ഇതോടെ സർക്കാർ ചെയ്തതെന്താണെന്നോ? മൂവാറ്റുപുഴ വിജിലൻസ് കോടതിയെ ഇടുക്കിയിലുള്ള വിജിലൻസ് കോടതിയെ ഏൽപ്പിച്ചു. ഇതോടെ നിരവധി വിവാദ കേസുകൾ കൈകാര്യം ചെയ്യുന്ന മൂവാറ്റുപുഴ കോടതി ഇടുക്കി വിജിലൻസ് കോടതിയുടെ സമയവും സൗകര്യവും നോക്കിയേ പ്രവർത്തിക്കൂ എന്നായിട്ടുണ്ട്. ഇതും ഒരർത്ഥത്തിൽ വിജിലൻസ് സംവിധാനത്തെ പിന്നോട്ട് വലിക്കല്ലേ?

അഴിമതിക്കഥകൾ പുകപോലെ മായുന്നൂ...

അഭിമന്യൂവിനുവേണ്ടി സി.പി.എം. ഒഴുക്കിയ കണ്ണീരിന് അതിരില്ല. ഇക്കഴിഞ്ഞ ദിവസം അഭിമന്യൂവിന്റെ വധക്കേസ് സംബന്ധിച്ച നിർണ്ണായക രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടതായി വാർത്ത വന്നിരുന്നു. മാത്രമല്ല, കേസിൽ വിചാരണ നേരിടുന്ന മുപ്പതുപേർ ഇപ്പോൾ വിദേശത്താണത്രെ. ചുരുക്കത്തിൽ നിയമപരമായ മേഖലകളിൽ തടസ്സമുണ്ടാക്കുന്നതും അഴിമതിയുടെ ഗണത്തിൽ പെടുത്തേണ്ടിവരുമെന്നല്ലേ പറയാൻ കഴിയൂ. 

പോക്‌സോ കേസുകളുടെ കാര്യമെടുക്കാം: 2024ൽ ചാർജ് ചെയ്തത് 4594 പോക്‌സോ കേസുകളാണ്. ഓരോ മിനിട്ടിലും ഒരു കുട്ടി ലൈംഗികാതിക്രമം നേരിടുന്ന കേരളത്തിൽ പോക്‌സോ കേസുകളിൽ സർക്കാരിനുവേണ്ടി വാദിക്കാനുള്ള സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലും മെല്ലെപ്പോക്കുണ്ട്. ഫോറൻസിക് റിപ്പോർട്ടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും വൈകുന്നതും നീതി നിഷേധമാണെന്നു കൂടി പറയേണ്ടിവരുന്നു.

പല അഴിമതികളും ഔദ്യോഗികമായി അടയാളപ്പെടുത്താതെ പോകുന്നതായും പരാതികളുണ്ട്. കെ.എസ്.എഫ്.ഇ. സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഏഴുകോടി രൂപ തട്ടിയെടുത്ത കേസ് ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. ലോട്ടറി ക്ഷേമനിധി ഓഫീസിലും അഴിമതി നടത്തിയ ഉദ്യോഗസ്ഥനോട് മേലാളന്മാർ മൃദു സമീപനം സ്വീകരിക്കുന്നതായി ലോട്ടറി ഏജന്റുമാരുടെ സംഘടന തന്നെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.

വനംവകുപ്പെന്നത് അഴിമതിയുടെ 'കാടോ?'

വനംവകുപ്പിലെ നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന പരാതിക്ക് പിന്നാലെ അർഹതപ്പെട്ടവർക്ക് പ്രൊമോഷൻ തടയുന്നുവെന്ന് വിലപിക്കുന്നത് അതേ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വനംവകുപ്പിന്റെ തലസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് വിങ്ങിലുള്ളവർ ഭൂരിഭാഗവും ആശ്രിത നിയമനം വഴിയെത്തിയവരാണെന്നും, ആ ലോബിയാണ് വനംവകുപ്പ് ഭരിക്കുന്നതെന്നും ഇതേ ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നു. 

പത്തനംതിട്ട ജില്ലയിലെ പയ്യനാമൺ അടുകാട് ചെങ്കുളത്തെ 125 ഏക്കർ വരുന്ന സ്ഥലത്തെ പാറമടയുടെ ലൈസൻസ് 2024ൽ അവസാനിച്ചതാണെന്നും, ആ ഉത്തരവ് 2026 എന്നു തിരുത്തിയെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. 2 അതിഥിത്തൊഴിലാളികൾ മരണമടഞ്ഞിട്ടും ഈ പാറമട സംബന്ധിച്ച തുടർ വാർത്തകൾ മാധ്യമങ്ങളിൽ പിന്നീട് കണ്ടതേയില്ല.

പി.വി.അൻവർ ആരോപിച്ച എം സാൻഡ് ലോബിയുടെ കറുത്ത കരങ്ങൾ തിരുവനന്തപുരം വരെയെത്തിയിട്ടുണ്ടാകാം. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതിയറിയാൻ വിവരാവകാശ രേഖകളുടെ പിൻബലം വേണ്ടിവരാം. അതുകൊണ്ട് സമീപ ഭാവിയിൽ വനംവകുപ്പിൽ നിന്നുള്ള രേഖകളും തമസ്‌ക്കരിക്കാനുള്ള ഉത്തരവ് പിന്നാലെ ഉണ്ടാകാം.

'ദിവ്യ'മായ അഴിമതികൾക്കും തടയിടാൻ ശ്രമമോ?

കണ്ണൂർ ആർ.ഡി.ഒ.യായി തിരുവനന്തപുരം സ്വദേശി കലാഭാസ്‌ക്കർ ചുമതയേറ്റു കഴിഞ്ഞു. തളിപ്പറമ്പിലും മറ്റും തഹസീൽദാരായും മറ്റും സേവനമനുഷ്ഠിച്ച കലാഭാസ്‌ക്കർ മാർച്ച് 31ന് വിരമിച്ച പ്രേമചന്ദ്രക്കുറുപ്പിനു പകരമാണ് ഈ തസ്തികയിലെത്തിയത്. മരണപ്പെട്ടതെന്നോ കൊല്ലപ്പെട്ടതെന്നോ സംശയമുള്ള നവീൻ ബാബുവിനു പകരം ആർ.ഡി.ഒ. തസ്തികയേൽക്കാൻ മിക്ക ഉദ്യോഗസ്ഥരും മടി കാണിച്ചിരുന്നു.

മാർച്ച് 31 വരെ സർവീസുള്ള പ്രേമചന്ദ്രക്കുറുപ്പ് കഴിയുന്നത്ര ഫലയുകളിൽ നിന്ന് ഒഴിഞ്ഞു മാറിയിരിക്കാം. ഇപ്പോൾ കലാഭാസ്‌ക്കർ ചുമതയേറ്റതോടെ. പി.പി ദിവ്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്കും ഉത്തരം നൽകാൻ സർക്കാർ രേഖകൾ തന്നെ വേണ്ടിവരും. ഈ കേസിലും തടസ്സങ്ങൾ തീർക്കാൻ കഴിയുന്നത്ര ഉഡായിപ്പ് നടപടികൾക്ക് ബന്ധപ്പെട്ടവർ മുതിർന്നേക്കാം.

കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ലാത്ത നിരവധി കേസുകൾ വിചാരണയിലുണ്ട്. കഴിഞ്ഞ 4 വർഷം കഴിഞ്ഞിട്ടും മുട്ടിൽ മരം മുറി കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമമിച്ചിട്ടില്ല. പ്രതിപ്പട്ടികയിലുള്ളത് 20 പേരാണ്. ഒരാൾ പോലും ഈ കേസിൽ ഹാജരായിട്ടില്ല. 2025 ഏപ്രിൽ 10 ലേക്ക് നീട്ടിവച്ച കേസിന്റെ ഗതിയെന്തായെന്ന്, ആ തീയതിയെല്ലാം കഴിഞ്ഞ് രണ്ടരമാസമായിട്ടും ഇപ്പോൾ മാധ്യമങ്ങളും പറയുന്നില്ല. ഇതിനിടെ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ സർവീസിൽ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവിലത്തെ ആണിയിലും 'തുരുമ്പ്'?

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇ.ഡി. രാഷ്ട്രീയക്കാർക്ക് എതിരെ 193 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന ഒരു പഴയ കണക്കുണ്ട്. ഇതിൽ ശിക്ഷിക്കപ്പെട്ടത് 2 കേസുകളിൽ മാത്രമാണ്. പക്ഷെ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർക്കാതിരുന്ന സംസ്ഥാനത്തെ വിജിലൻസ് വക്കീലിന്റെ നിലപാട് എങ്ങനെ ന്യായീകരിക്കാനാകും?

അഴിമതി നടത്തുന്നവരുടെ ഡിജെ പാർട്ടിയിൽ എല്ലാ രാഷ്ട്രീയക്കാരും വിരുന്നുണ്ണും, ആടും പാടും. പാവം ജനം ഇതെല്ലാം കണ്ട് കണ്ണു തള്ളും. രാഷ്ട്രീയക്കാരുടെ അഴിമതി കൂടാരങ്ങളിലെ 'ഒത്തുവാസ' ത്തിന് ആരാണ് തടയിടുക?

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam