ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു നാഗവര സ്വദേശിയായ എസ്.ജി ഇമ്രാന്‍ (40) ആണ് പത്തും അഞ്ചും വയസ്സുള്ള തന്റെ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് മക്കള്‍ക്കൊപ്പം ഇമ്രാന്‍ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ മുറി വൃത്തിയാക്കാനെത്തിയ ശുചീകരണ ജീവനക്കാര്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. മുറിക്കുള്ളില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ചോരയില്‍ കുളിച്ച ഇമ്രാനെ കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഹോട്ടല്‍ അധികൃതര്‍ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ ഇമ്രാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇത്തരം ഒരു അമ്മയ്‌ക്കൊപ്പം മക്കള്‍ വളരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും, അതിനാലാണ് കുട്ടികളെ വധിച്ച ശേഷം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇമ്രാന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
