ദീര്‍ഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ ഉക്രെയ്ന് നല്‍കാനുള്ള കരാര്‍ പരിഗണനയില്‍ ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യന്‍ മണ്ണിലേക്ക് ആഴത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിവുള്ള ക്രൂയിസ് മിസൈലുകളാണിവ. യൂറോപ്പിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനെതിരെ അമേരിക്കയിലെ ചില വിഭാഗങ്ങള്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നു എന്നാണ് ഇതില്‍ നി്ന്നും വ്യക്തമാകുന്നത്.
റഷ്യയുമായുള്ള യുദ്ധം രൂക്ഷമാക്കുന്ന നടപടികളോട് ട്രംപ് പ്രകടിപ്പിച്ച ഈ വിമുഖത, നിലവിലെ പാശ്ചാത്യ സഖ്യത്തില്‍ ഉടലെടുക്കുന്ന അഭിപ്രായ ഭിന്നതകളിലേക്കും റഷ്യയുടെ ശക്തമായ പ്രതിരോധ നിലപാടിലേക്കും വിരല്‍ ചൂണ്ടുന്നു.
ട്രംപിന്റെ വിമുഖത
നാറ്റോ രാജ്യങ്ങള്‍ മുഖേന ടോമാഹോക്ക് മിസൈലുകള്‍ ഉക്രെയ്നിലേക്ക് എത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് താന്‍ തണുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുദ്ധം രൂക്ഷമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നിലവിലെ സംഘര്‍ഷം വിപുലപ്പെടുത്തുന്നതിലുള്ള അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കാവുന്ന ഈ നീക്കത്തോടുള്ള അദ്ദേഹത്തിന്റെ വിമുഖതയും ആ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായാണ് വ്യക്തമാക്കുന്നത്.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, മിസൈലുകള്‍ വില്‍ക്കാനുള്ള കരാര്‍ പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നിരുന്നാലും, ഭാവിയില്‍ തനിക്ക് തീരുമാനം മാറ്റാന്‍ കഴിയുമെന്ന സാധ്യത അദ്ദേഹം തുറന്നിട്ടിട്ടുണ്ട്. ഒക്ടോബര്‍ 22 ന് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ടോമാഹോക്ക് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിഷയം 'അവലോകനത്തിലാണ്' എന്നും അന്തിമ തീരുമാനം അമേരിക്കയുടേതാണെന്നും റുട്ടെ പിന്നീട് പറഞ്ഞിരുന്നു.
ടോമാഹോക്കുകളും റഷ്യയുടെ മുന്നറിയിപ്പും
ടോമാഹോക്ക് മിസൈലുകള്‍ക്ക് 2,500 കിലോമീറ്റര്‍ (1,550 മൈല്‍) വരെ ദൂരപരിധിയുണ്ട്. അതുകൊണ്ട് തന്നെ, ഇവ ഉക്രെയ്ന് ലഭിച്ചാല്‍ റഷ്യയുടെ ഉള്ളില്‍, മോസ്‌കോ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ലക്ഷ്യങ്ങളില്‍ ആഴത്തില്‍ ആക്രമിക്കാന്‍ പര്യാപ്തമാകും. ഈ നീക്കത്തിന്റെ ഗൗരവം റഷ്യ പൂര്‍ണമായി തിരിച്ചറിയുന്നു.
ഉക്രെയ്ന് ടോമാഹോക്കുകള്‍ നല്‍കുന്നതിനെതിരെ റഷ്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരം പിന്തുണ റഷ്യ-അമേരിക്ക ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുകയും സാധ്യമായ സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തി. റഷ്യയുടെ പരമാധികാരത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ റഷ്യയുടെ നിലപാട് എത്രത്തോളം ദൃഢമാണ് എന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു ഈ സംഭാഷണം.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിട്ടും, റഷ്യന്‍ മണ്ണിലേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ സാധ്യതയുള്ള ടോമാഹോക്ക് മിസൈലുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നത്, സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിലെ അന്താരാഷ്ട്രപരമായ അപകടങ്ങളെ പാശ്ചാത്യ നേതൃത്വം ഭയക്കുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ ശക്തമായ എതിര്‍പ്പും ആണവ ശേഷിയുള്ള ആയുധങ്ങളുടെ വിതരണത്തിലെ അപകടസാധ്യതയും കണക്കിലെടുക്കുമ്പോള്‍, ഈ വിഷയം സമാധാന ചര്‍ച്ചകള്‍ക്ക് പകരം പ്രതികാരത്തിന്റെ പാതയിലേക്ക് നീങ്ങാനുള്ള പാശ്ചാത്യശ്രമങ്ങള്‍ക്ക് താല്‍ക്കാലിക പൂട്ടിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
