അത്യാവശ്യമായി ഒരു ദൈവത്തെ വേണം!

JULY 28, 2026, 11:04 PM

രാവിലെ ചൂടുചായയും കയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്‌പ്ലേ തകർന്നുതരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞുമുറുകുന്നുമുണ്ട്.

ഇത്രയും വിനകൾ ഒരേ സമയം എന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്നപ്പോൾ എനിക്കൊന്നു മാത്രം വ്യക്തമായി മനസ്സിലായി: ഇനി ഈ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ഒരു സാധാരണ മനുഷ്യന്റെ പരിശ്രമവും കഷ്ടപ്പാടും മാത്രം പോരാ. തക്കതായ സമയത്ത് ഇടപെടലുകൾ നടത്താൻ സാമർത്ഥ്യവും നല്ല പ്രവൃത്തിപരിചയവുമുള്ള ശക്തനായ ഒരു ദൈവത്തെത്തന്നെ കൂട്ടുപിടിച്ചാലേ ഇനി കാര്യങ്ങൾക്ക് ഒരു നിവൃത്തിയുള്ളൂ!

അങ്ങനെ, ഒട്ടും സമയം കളയാതെ പത്രത്തിലെ 'വാണ്ടഡ്' (ആവശ്യമുണ്ട്) കോളത്തിൽ കൊടുക്കാനായി ഞാൻ ആ പരസ്യം കടലാസിലേക്ക് പകർത്തി എഴുതി:

vachakam
vachakam
vachakam

വാണ്ടഡ്: ദൈവത്തെ ആവശ്യമുണ്ട്!

അത്യാവശ്യമായി എനിക്ക് ഒരു ദൈവത്തെ ആവശ്യമുണ്ട്!(ശ്രദ്ധിക്കുക: സ്വയം പ്രഖ്യാപിത ദൈവങ്ങൾ ദയവായി ബന്ധപ്പെടാൻ ശ്രമിക്കരുത്!)

ലോകയുദ്ധം, താരിഫ്, വിലക്കയറ്റം തുടങ്ങിയ ആഗോള പ്രശ്‌നങ്ങളെക്കുറിച്ചൊന്നും തൽക്കാലം ഞാൻ സംസാരിക്കുന്നില്ല. എന്തെങ്കിലും ഒരു കുറുക്കുവഴിയിലൂടെ എന്നെ പെട്ടെന്ന് ഒരു കോടീശ്വരനാക്കണം. ഹോസ്പിറ്റലിൽ പോകാതെയും ഒരു ലോഡ് ഗുളികകൾ വിഴുങ്ങാതെയും ഒറ്റ മിനിറ്റുകൊണ്ട് എന്റെ ഈ കഠിനമായ നടുവേദനയും പ്രഷറും ഷുഗറുമൊക്കെ മാറ്റിത്തരണം.

vachakam
vachakam
vachakam

നിബന്ധന: മുൻപ് അനുഗ്രഹം നൽകി കാശുകാരും ആരോഗ്യവാന്മാരുമാക്കിയ ഭക്തരുടെ ലിസ്റ്റും അവരുടെ ഫോൺ നമ്പറും (റെഫറൻസിനായി മാത്രം) അപേക്ഷയോടൊപ്പം വയ്ക്കണം.

സാമ്പത്തികമായി വലിയൊരു പാക്കേജ് തരാൻ പറ്റിയ അവസ്ഥയിലല്ല ഞാൻ ഇപ്പോൾ. എങ്കിലും, കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നു എന്ന് കണ്ടാൽ അനുസരണയോടുകൂടി അടങ്ങി ഒതുങ്ങി ജീവിച്ചോളാം എന്ന് ഉറപ്പുതരുന്നു. പോരാത്തതിന് ദിവസേനയുള്ള നോയമ്പ്, നൊവേന, വിശുദ്ധ നഗരങ്ങൾ സന്ദർശിക്കുക എന്നിവ ബോണസായി നൽകുന്നതുമായിരിക്കും!

പരസ്യം കൃത്യമായി തയ്യാറാക്കി മേശപ്പുറത്തുവെച്ച് ഞാൻ വീണ്ടും തണുത്തുതുടങ്ങിയ ചായ കുടിക്കാൻ തുടങ്ങി. എന്നാൽ ആ നിമിഷം, പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് ആഴത്തിലുള്ള ഒരു ചിന്ത കടന്നുവന്നത്.

vachakam
vachakam
vachakam

നമ്മളൊക്കെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നത് എന്തിനുവേണ്ടിയാണ്? ജീവിതത്തിൽ പ്രശ്‌നങ്ങൾ വരുമ്പോൾ ഓടിയെത്താനും, നമ്മൾ വിരൽ ചൂണ്ടുന്ന കാര്യങ്ങൾ നോക്കിനിന്നു പെട്ടെന്ന് സാധിച്ചു തരാനും, ഒരു 'പെർസണൽ അസിസ്റ്റന്റിനെപ്പോലെ' പണി ചെയ്യാനും അല്ലേ നമ്മൾ പലപ്പോഴും ദൈവത്തോട് ആവശ്യപ്പെടുന്നത്?

ആ ചിന്ത മനസ്സിന്റെ അഗാധതയിൽ തട്ടിയതോടെ, അത്രയും നേരം ഉള്ളിൽ പുകഞ്ഞിരുന്ന സങ്കടവും നടുവേദനയുടെ അസ്വസ്ഥതയുമെല്ലാം എങ്ങോ മാഞ്ഞുപോയതുപോലെ എനിക്ക് അനുഭവപ്പെട്ടു.

അപ്പോഴാണ് ടേബിളിൽ ഇരുന്ന ഫോൺ പെട്ടെന്ന് ശബ്ദിച്ചത്. സ്‌ക്രീൻ പൊട്ടിയ ഫോൺ പ്രയാസപ്പെട്ട് എടുത്തു നോക്കിയപ്പോൾ പ്രിയ സുഹൃത്ത് മേനോൻ മാഷ് ആണ്.

'എടാ സണ്ണി,' മറുതലയ്ക്കൽ നിന്ന് മേനോൻ മാഷിന്റെ സ്‌നേഹം നിറഞ്ഞ ശബ്ദം കേട്ടു. 'നിന്റെ നടുവേദന സർജറി ഒന്നുമില്ലാതെ മാറ്റിത്തരാൻ കഴിവുള്ള ഒരു നല്ല ഡോക്ടറുടെ നമ്പർ എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ, കുരുവിള കാനഡയിൽ നിന്ന് എത്തുമ്പോഴേക്കും നമുക്ക് വീണ്ടും വൈകുന്നേരങ്ങളിൽ നടക്കാൻ പോയിത്തുടങ്ങാം...'

ഫോൺ വെച്ചപ്പോൾ എനിക്ക് വലിയൊരു തിരിച്ചറിവുണ്ടായി. ആകാശത്തുനിന്ന് പെട്ടെന്ന് നോട്ടുമഴ പെയ്യിക്കുന്ന അതീന്ദ്രിയനായ ഒരു ദൈവത്തേക്കാൾ, നമുക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യരിലൂടെ ചെറിയ കരുതലും ആശ്വാസവും സ്‌നേഹവുമായി കടന്നുവരുന്ന ദൈവീകതയ്ക്കല്ലേ ഏറേ ഭംഗിയുള്ളത്! മനസ്സിൽ പെട്ടെന്ന് കലാഭവൻ ആബേലച്ചന്റെ ആ വരികൾ ഓർമ്മവന്നു:

'അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞു...

ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു...

അവിടെയാണീശ്വരന്റെ വാസം,

സ്‌നേഹമാണീശ്വരന്റെ രൂപം!'

എന്തായാലും, മേശപ്പുറത്തിരുന്ന ആ പരസ്യക്കടലാസ് ഞാൻ പത്ര ഓഫീസിലേക്ക് അയച്ചുകൊടുത്തില്ല. പകരം, സ്വന്തം ഹൃദയത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഓർമ്മിപ്പിക്കുന്ന ചെറിയൊരു കുറിപ്പായി എന്റെ ഡയറിയുടെ താളുകൾക്കിടയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചു!

സണ്ണി മാളിയേക്കൽ, ഡാളസ്, ടെക്‌സസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam