വെനസ്വേലയില്‍ നിന്ന് എണ്ണയോ വാതകമോ ഇറക്കുമതി ചെയ്യുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേല അമേരിക്കയോടും തങ്ങള്‍ പിന്തുണയ്ക്കുന്ന സ്വാതന്ത്ര്യത്തോടും വളരെ ശത്രുതാപരമായാണ് പെരുമാറുന്നത്. അതിനാല്‍, വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏതൊരു രാജ്യവും തങ്ങളുടെ രാജ്യവുമായി അവര്‍ നടത്തുന്ന വ്യാപാരത്തിന് അമേരിക്കയ്ക്ക് 25 ശതമാനം തീരുവ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി.
2023 ഡിസംബറിലും 2024 ജനുവരിയിലും ഇന്ത്യയാണ് വെനിസ്വേലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വെനിസ്വേലയില്‍ നിന്ന് 22 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. വെനിസ്വേല മനപൂര്‍വ്വം പതിനായിരക്കണക്കിന് കുറ്റവാളികളെ രഹസ്യമായി അമേരിക്കയിലേക്ക് അയച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. 'ട്രെന്‍ ഡി അരഗ്വ' പോലുള്ള ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെയാണ് വെനസ്വേല അമേരിക്കയിലേക്ക് അയച്ചത്. അവരില്‍ പലരും കൊലപാതകികളും അക്രമാസക്തരുമാണ്. അവരെ വെനിസ്വേലയിലേക്കു നാടുകടത്താനുള്ള ശ്രമത്തിലാണ് തങ്ങള്‍. വെനിസ്വേല അമേരിക്കയോടും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തോടും ശത്രുത പുലര്‍ത്തുന്നുവെന്ന് ട്രംപ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ട്രെന്‍ ഡി അരാഗ്വയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപ് ഭരണകൂടം. ഈ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ഏപ്രില്‍ രണ്ടിന് ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്കുള്ള ഏറ്റവും വലിയ വിദേശ എണ്ണ വിതരണക്കാരില്‍ ഒന്നായിരുന്നു വെനസ്വേലയെന്നാണ് വാണിജ്യ വകുപ്പിന്റെ വ്യാപാര ഡാറ്റ സൂചിപ്പിക്കുന്നത്. 2024 ല്‍ ആകെ 5.6 ബില്യണ്‍ ഡോളറിന്റെ എണ്ണയും വാതകവുമാണ് അമേരിക്ക വെനസ്വേലയില്‍ നിന്ന് വാങ്ങിയത്.
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില താഴുമോ?
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായാണ് റിപ്പോര്‍ട്ട്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണ. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളര്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. അതേസമയം, ഡബ്ല്യുടിഐ ക്രൂഡ് വില 67 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ സെപ്റ്റംബറിലാണ് വില ഇത്രയും താഴ്ന്നിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇവിടെ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതാണ് വില ഇടിയാനുള്ള ഒരു കാരണം. ചൈനയുടെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ്. 13 മാസത്തിനിടെ ആദ്യമായി പൂജ്യത്തിലും താഴേക്ക് ഈ നിരക്ക് എത്തി.
അതേസമയം, എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ 1.80 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത്രയും എണ്ണ കൂടി വിപണിയില്‍ എത്തിയാല്‍ വില വീണ്ടും കുറയാനാണ് സാധ്യത. മാത്രമല്ല, ഇറാഖില്‍ നിന്നു കൂടുതലായി എണ്ണ വിപണിയില്‍ എത്തുമെന്നാണ് മറ്റൊരു വിവരം.
വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും പറയുന്നത്. എന്നാല്‍ പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ല എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് സൗദി അറേബ്യ വില കുറയ്ക്കുന്നത്.
ക്രൂഡ് വില കുറയുന്നത് ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നഷ്ടമാണെങ്കിലും ഇന്ത്യയ്ക്ക് നേട്ടമാണ്. കാരണം ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാന്‍ തുടങ്ങിയാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ വഴിയൊരുങ്ങും. ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ബ്രെന്റ് ക്രൂഡ് എത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയേണ്ടതാണ്.
ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ കുറയുമെന്നാണ് അനൗദ്യോഗിക വിവരം. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വില കുറയാന്‍ വഴിയൊരുങ്ങും. എന്നാല്‍ ജിഎസ്ടിയുടെ പരിധിയില്‍ വരില്ലെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ആഴ്ചകള്‍ക്ക് മുമ്പ് പ്രതികരിച്ചത്. ജിഎസ്ടി പരിധിയില്‍ പെട്രോളും ഡീസലും വന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വില കുറയുമോ എന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചിരുന്നു. 72-73 ഡോളര്‍ നിരക്കിലാണ് ആഗോള വിപണിയില്‍ വില. ഈ വിലയില്‍ നില്‍ക്കുകയോ അതിനേക്കാള്‍ താഴേക്ക് പോകുകയോ ചെയ്താല്‍ ഇന്ത്യയില്‍ ഇന്ധന വില കുറയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവില്‍ മന്ത്രി പ്രതികരിക്കുന്ന സമയത്തേക്കാള്‍ വില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്