ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

SEPTEMBER 10, 2024, 10:27 AM

ഫിലാഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ 2012 മുതൽ ആണ്ടുതോറും നടത്തിവരുന്ന പ്രാർത്ഥനാപൂർണമായ മരിയൻതീർത്ഥാടനവുംവേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വർഷവും പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. കിഴക്കിന്റെ ലൂർദ്ദായവേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജർമ്മൻടൗൺ മിറാക്കുലസ്‌മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ എട്ടുനോമ്പിനോടനുബന്ധിച്ച് 2024 സെപ്റ്റംബർ 7 ശനിയാഴ്ച്ചയായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും,  തിരുസ്വരൂപപ്രതിഷ്ഠയുടെ 13-ാം വാർഷികവും ഭക്തിനിർഭരമായി ആഘോഷിച്ചത്.

മിറാക്കുലസ് മെഡൽ നൊവേന, സീറോമലബാർ റീത്തിലുള്ള ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാല പ്രാർത്ഥന, രോഗസൗഖ്യ പ്രാർത്ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയായിരുന്നു തിരുക്കർമ്മങ്ങൾ.


vachakam
vachakam
vachakam

സീറോമലബാർ പള്ളി വികാരി റവ.ഡോ.ജോർജ് ദാനവേലിൽ, റവ. ഫാ. സിമ്മിതോമസ് (സെ.ജോർജ് സീറോമലബാർ, പാറ്റേഴ്‌സൺ, ന്യൂജേഴ്‌സി), റവ. ഫാ. വർഗീസ് സ്രാംബിക്കൽ വി.സി. (ചാപ്ലൈൻ, കൂപ്പർഹോസ്പിറ്റൽ, കാംഡൻ, ന്യൂജേഴ്‌സി), റവ.ജോൺ കെറ്റിൽബർഗർ സി.എം. (സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ) എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

'ആവേമരിയ' സ്‌തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്റെയും, രോഗശാന്തിപ്രാർത്ഥനകളുടെയും, 'ഹെയ്ൽമേരി' മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വർഗീയസമാനമായ അന്തരീക്ഷത്തിൽ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രം സെപ്റ്റംബർ 7 ശനിയാഴ്ച്ച വൈകുന്നേരം അക്ഷരാർത്ഥത്തിൽ അമേരിക്കയിലെ ഒരു 'ചിന്നവേളാങ്കണ്ണി''യായി മാറി. കിഴക്കിന്റെ ലൂർദ്ദായവേളാങ്കണ്ണിയിലെ പുണ്യഭൂമിയിൽനിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്‌നേഹത്തിൻ നഗരമായ ഫിലാഡൽഫിയാക്ക്  തിലകമായി വിരാജിക്കുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകൾ ആത്മനിർവൃതിയടഞ്ഞു.


vachakam
vachakam
vachakam

ലത്തീൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാല പ്രാർത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും, രോഗികൾക്കും സൗഖ്യദായകമായിരുന്നു. സീറോമലബാർ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു. വിവിധ ഇൻഡ്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണ് തിരുനാളിനുനേതൃത്വം നൽകിയത്.

സീറോമലബാർ ഇടവകവികാരി റവ.ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജോസ് തോമസ് (തിരുനാൾ കോർഡിനേറ്റർ), പോളച്ചൻ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധന സ്‌കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തു.

ജോസ് മാളേയ്ക്കൽ

vachakam
vachakam
vachakam

ഫോട്ടോ: ജോസ് തോമസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam