നിലം തൊടാത്ത സ്‌പോൺസേർഡ് ആഡംബരങ്ങൾ

SEPTEMBER 30, 2026, 10:10 AM

'പണം കൊണ്ട് നിങ്ങൾക്ക് ആർഭാടങ്ങൾ വാങ്ങാം, എന്നാൽ സന്തോഷവും സമാധാനവും വാങ്ങാൻ കഴിയില്ല..' ഇത് ഒരു പഴഞ്ചൊല്ല് മാത്രമണോ?

ആർഭാടത്തെ പടിക്ക് പുറത്ത് നിർത്തി ഒരു നല്ല ഭരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിന് അല്പം വില കൊടുക്കുന്നുണ്ടെങ്കിൽ, ഭരണത്തിന്റെ ഹണിമൂൺ തീരും മുമ്പ് ഉയർന്ന വിവാദങ്ങൾക്ക് മറുപടി പറയേണ്ടത് ബാധ്യതയാണെന്ന് ആദ്യം തോന്നേണ്ടത് ആർക്കാണ് ?

വടശ്ശേരി ദമോദരമേനോൻ സതീശൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തന്നെയല്ലേ?

vachakam
vachakam
vachakam

ഭരണത്തിന്റെ സുതാര്യതയെപ്പറ്റിയും ഭരണാധികാരികളുടെ ധാർഷ്ട്യത്തെപ്പറ്റിയും നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന നേതാവ്, ജീവിതത്തിൽ ആദ്യമായി അധികാരക്കസേരയിൽ വരുമ്പോൾ ആരെങ്കിലും എന്തെങ്കിലും നന്മ പ്രതീക്ഷിച്ചെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല. ചില ശത്രുക്കൾ പറയും പോലെ ഒരു പഞ്ചായത്ത് പ്രസിഡന്റുപോലും ആയിട്ടില്ലാത്ത ഒരാൾ പെട്ടെന്ന് മുഖ്യമന്ത്രിയാകുമ്പോൾ ഉണ്ടാവുന്ന അമ്പരപ്പും പരിചയക്കുറവും വി.ഡി. സതീശനെ ബാധിച്ചിട്ടുണ്ട് എന്ന് കരുതാൻ കഴിയും വിധം നിഷ്‌കളങ്കരാണോ മലയാളികൾ?

ഭരണത്തിൽ കേറും മുമ്പ് ചിലർ പറഞ്ഞിരുന്നു, ദാർഷ്ട്യത്തിന്റെ കാര്യത്തിൽ സതീശൻ പിണറായിക്കൊപ്പം അല്ലെങ്കിലും അര പിണറായി എന്ന പേരിന് അർഹനാണെന്ന്. അങ്ങനെ വിളിക്കാമെന്ന് !

ശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടിയാണ് ആദ്യദിനങ്ങളിൽ സതീശൻ, ശരീരഭാഷയിലും സംസാര ശൈലിയിലും ബോധപൂർവ്വം ചില വ്യതിയാനങ്ങൾ വരുത്തിയത് എന്ന് വിശ്വസിക്കാനാണ് ഇത് എഴുതുന്ന നേരത്തും താല്പര്യം.

vachakam
vachakam
vachakam

എന്നാൽ, 100 ഭരണ ദിനങ്ങൾ പിന്നിടുമ്പോൾ സതീശന് തിരുത്താൻ ഇനിയും സമയമുണ്ടെന്ന് കരുതാനാണ് ഇഷ്ടം. അതിനുള്ള അവസരം അദ്ദേഹത്തിന് മുന്നിൽ നീണ്ടു നിവർന്നു കിടക്കുകയാണ്.

ക്ഷിപ്രകോപവും അതി വൈകാരികതയും ഭരണാധികാരിയെ നയിക്കുന്ന ഘടകങ്ങളായി മാറിയാൽ ജനങ്ങൾ എന്തു ചെയ്യും. കുറ്റം പറഞ്ഞ് പ്രതിപക്ഷം മടുക്കും എന്നല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് കിട്ടാനില്ല. നാലേമുക്കാൽ കൊല്ലം കുറ്റം പറഞ്ഞാൽ മാത്രമേ അടുത്ത ജനവിധിക്ക് കളം ഒരുങ്ങുകയുള്ളൂ.

ഒരു തിരിഞ്ഞുനോട്ടം

vachakam
vachakam
vachakam

'ഞങ്ങളാണ് ഭരിക്കുന്നതെന്ന ഭാവത്തിൽ ചിലരെല്ലാം പെരുമാറിയിട്ടുണ്ട്. അത്യാവശ്യം അഹങ്കാരവും തലക്കനവും താൻ പ്രമാണിത്തവും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്.' സി.പി.എം അഖിലേന്ത്യ സെക്രട്ടറി എം.എ. ബേബിയുടെ വാക്കുകളാണ് ഇത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വമ്പൻ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച കൂട്ടത്തിൽ ആർഭാടത്തിന്റെ, ധാർഷ്ട്യത്തിന്റെ കഥ അദ്ദേഹം വിശദീകരിച്ചത്.

തങ്ങളുടെ ഗർവു കൂടിയാണ് തോൽപിച്ചതെന്നാണ് തോറ്റവരുടെ തിരിച്ചറിവ്. ഗർവിനു കൂടി ജനം കൊടുത്ത ശിക്ഷയുടെ ഉത്പന്നമാണ് മാറിയ ഭരണം. അതിന്റെ തലപ്പത്തിരിക്കുന്നവർ ഭരണപ്രായം നാലു മാസമാകുമ്പോഴേ ജനത്തോട് പറയുന്നത് ഇതേ ഗർവാണ് എന്ന് വന്നാൽ, ജനാധിപത്യം പെരുവഴിയിലാകും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജനപ്രതിനിധികൾ നടത്തുന്ന വിദേശ യാത്രകൾ ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ഇവയൊന്നും സർക്കാർ ചെലവിലല്ലെന്ന ഔദ്യോഗിക വിശദീകരണം മേൽപ്പറഞ്ഞ ഗർവിന്റെ ബാക്കി പത്രമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലുള്ള ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചത് വിവാദത്തിലായപ്പോൾ ന്യായവാദങ്ങൾ നിരത്താൻ വാക്ചാതുര്യം മാത്രം മതി.

എന്നാൽ,ഇരുട്ടത്ത് നിൽക്കുന്ന സ്‌പോൺസർമാർ ഉയർത്തുന്ന ധാർമിക പ്രശ്‌നങ്ങൾ ജനമനസ്സിൽ വന്നടിയുന്നത് ഇഷ്ടപ്പെടാത്ത കറുത്ത ഏടുകളായാണ്. അത് പെട്ടെന്ന് മാഞ്ഞുപോകുന്നതല്ല.
പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം പറഞ്ഞു:

'തീവ്ര വലതുപക്ഷമായ ബി.ജെ.പിയുടെ അതേ നയം പലപ്പോഴും കേരളത്തിലെ ഇടതുപക്ഷ മുന്നണി കൈക്കൊള്ളുകയാണ്. പഴയ കാലത്തെ കമ്യൂണിസ്റ്റ് സർക്കാരുകൾക്കൊന്നും പറ്റാത്ത ഈ രീതിക്ക് നവ കേരളം എന്ന് പേരിട്ടിരിക്കുകയാണ്.'

എന്നാൽ, താൻ നേതൃത്വം കൊടുക്കുന്ന 'നവകേരള' ത്തിന് എന്താണ് പുതുമ എന്നുകൂടി അദ്ദേഹം പറഞ്ഞു കൊടുക്കേണ്ടിവരും.

അതിനിടെവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ ഒരു ടെസ്റ്റ് ഡോസായി നമുക്ക് കണേണ്ടതില്ല. എന്നാലും അത് ഒരു സൂചികയായി കാണുന്നവരെ തള്ളിപ്പറയാനുമാവില്ല. 38 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ 7 സീറ്റുകൾ ഇടതുമുന്നണി പിടിച്ചെടുത്തതിനെ രാഷ്ട്രീയമായി തന്നെ കാണണം. അപ്പുറത്തുനിന്ന് നാല് സീറ്റുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചെങ്കിലും.

38 ൽ 22 സീറ്റുകൾ കൈവശം ഉണ്ടായിരുന്നത് ഇപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ 19 സീറ്റായി കുറഞ്ഞു.
ഇതൊരു പടിയിറക്കമായി വി.ഡി.സതീശന് തോന്നുന്നില്ലെങ്കിൽ, അതിന്റെ തിക്തഫലം അനുഭവിക്കുക തന്നെ!

ഒരു പതിറ്റാണ്ട് പ്രതിപക്ഷ ബെഞ്ചിൽ ഇരുന്നവർ എന്ന നിലയിൽ ആത്മ പരിശോധനക്കുള്ള അവസരമായി ഇതിനെ പാർട്ടി നേതൃത്വം കാണണം. ഇനിയും കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാൻ സമയം കിട്ടാത്ത കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നവർ ഒന്നോർക്കുക. പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന പലരും മന്ത്രിമാരായപ്പോൾ നടത്തുന്ന വിദേശ ആഡംബര യാത്രകൾ സർക്കാർ ചെലവില്ല എന്നാണ് ന്യായം ! സുതാര്യതയ്ക്ക് മേൽ കരിമ്പടം എടുത്തിട്ട ശേഷം മുഖ്യമന്ത്രി പറയുകയാണ്;

'മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്‌ളൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്. പിണറായിയും ഉമ്മൻ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ലല്ലോ'.

മന്ത്രിമാരായ രമേശ് ചെന്നിത്തല, ഒ.ജെ. ജനീഷ്, വി.ഇ. അബ്ദുൽ ഗഫൂർ തുടങ്ങിയവർ നടത്തിയ ഗൾഫ് യാത്രകളും പുതിയതായി റോജി എം. ജോൺ, മോൻസ് ജോസഫ്, സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ തുടങ്ങിയവർ നിശ്ചയിച്ചിരിക്കുന്ന വിദേശ യാത്രകളും വിവാദത്തിന്റെ ആകാശം തുറന്നിട്ടിരിക്കുകയാണ് കേരള രാഷ്ട്രീയത്തിൽ.

ഇതിനെല്ലാം വരും നാളുകളിൽ നല്ല ക്യാപ്‌സ്യൂൾ മറുപടികൾ നമുക്ക് കേൾക്കാം.

ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ബഹിഷ്‌കരിക്കാൻ ഇന്ത്യക്കാർ കൈകൊണ്ട് നൂൽക്കുന്ന ഖാദി മാത്രം ധരിക്കണമെന്ന് മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരകാലത്ത് ആഹ്വാനം ചെയ്തതോടെയാണ് രാഷ്ട്രീയ നേതാക്കൾ പൊതുവേ ഖാദി വസ്ത്രധാരണം ആരംഭിച്ചതെന്ന് എമ്മ ടാർലോ തന്റെ 'ക്ലോത്തിംഗ് മറ്റേഴ്‌സ്: ഡ്രസ് ആൻഡ് ഐഡന്റിറ്റി ഇൻ ഇന്ത്യ' എന്ന പുസ്തകത്തിൽ കുറിക്കുന്നുണ്ട്.

അങ്ങനെ, വെളുത്ത നിറത്തിലുള്ള ഖാദി വസ്ത്രങ്ങൾ സ്വയംഭരണത്തിന്റെയോ സ്വരാജിന്റെയോ പ്രതീകമായി മാറി. ആഡംബരത്തിൽ നിന്ന് പരമാവധി അകന്നു നിൽക്കുന്നു എന്നതിന്റെ പ്രതീകം കൂടിയാണ് ഖദർ. സ്വാതന്ത്ര്യത്തിനു മുമ്പുമുതൽ, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വെള്ള വസ്ത്രം ധരിക്കുന്നത് ആഡംബരത്തെ ത്യജിക്കുന്നതിന്റെ അടയാളമായി കണ്ടിരുന്നു. അതേ ഖദറിന്റെ ബലത്തിൽ ചുവടുകൾ വെച്ച് അധികാരത്തിന്റ കനക സിംഹാസനത്തിലേക്ക് കയറുന്നവർ ഓർക്കണം, മുൻമുറക്കാർ പാടിപ്പതിഞ്ഞ ആ പാട്ട്..

കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ... എന്ന് തുടങ്ങുന്ന ആ  ആക്ഷേപഹാസ്യ ഈരടികൾ.

പ്രജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam