'കിടപ്പാടം' ഉന്നതങ്ങളിൽ 'ലൈഫ് ' പാതാളത്തിൽ

SEPTEMBER 30, 2026, 9:57 AM

ഭരണകൂടങ്ങളും ഫ്രോഡുകളും നിർബാധം തട്ടിപ്പ് നടത്തുന്ന തട്ടകമായി മാറിയിരിക്കുകയാണ് കേരളം. മുൻ സർക്കാർ നടത്തിയ അഴിമതിയുടെ പിന്നിലുള്ള തട്ടിപ്പുകൾ അന്വേഷിക്കാൻ നിലവിലുള്ള വിജിലൻസ്, പൊലീസ് സംവിധാനങ്ങൾ അപര്യാപ്തമാണ്. അഴിമതി തടയുന്നതിൽ ഭരണകൂടങ്ങൾ പലപ്പോഴും വലിയ താത്പര്യം കാണിക്കാത്ത സംഭവങ്ങൾക്കും ജനം നിരന്തരം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.

ചില വാർത്തലേഖകരുടെ രാഷ്ട്രീയ പിത്തലാട്ടങ്ങൾ കണ്ട് മനം മടുത്ത് മുഖ്യമന്ത്രി ബുധനാഴ്ചത്തെ വാർത്താ സമ്മേളനം ഉപേക്ഷിച്ച മട്ടാണ്. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള ബുധനാഴ്ചത്തെ വാർത്താ സമ്മേളനം എന്തായാലും രാവിലെ നടന്നില്ല. പകരം വന്ന പത്രക്കുറിപ്പിൽ മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന തദ്ദേശവകുപ്പിന്റെ അറിയിപ്പാണുള്ളത്. എവിടെ പോയാലും അവിടെയെല്ലാം മുഖ്യമന്ത്രിയുടെ 'ബൈറ്റി' നുവേണ്ടി ഇനി ചാനലുകൾ പരക്കം പാഞ്ഞിട്ട് കാര്യമില്ല.

മാധ്യമ പ്രവർത്തകരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, പ്രത്യേക ക്ഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അങ്ങനെ, വാർത്താ ലേഖകരുടെ പ്രിയങ്കരനായ വി.ഡി.സതീശൻ തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. ചാർട്ടേഡ് വിമാന യാത്ര വിവാദം, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ സഞ്ചാരം തുടങ്ങിയ വിവാദങ്ങൾക്ക് വിശദമായ ഉത്തരം നൽകിയിട്ടും പിന്നെയും മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം മൈക്കുമായി ഓടിയെത്തുന്ന ചാനലുകൾക്ക് ഏതായാലും 'രാഷ്ട്രീയ സൂക്കേട്' മാറിക്കിട്ടിയെന്നു പറയാം.

vachakam
vachakam
vachakam

കോൺഗ്രസ് അല്ല സതീശൻ മുഖ്യ ശത്രു 

മുഖ്യമന്ത്രി വി.ഡി.സതീശന് കഴിഞ്ഞ വെള്ളിയാഴ്ച ഇടുക്കിയിലെ ജനങ്ങൾ നൽകിയ വരവേൽപ്പ് കണ്ട് 'വൺ ടൂ ത്രീ' ഫെയിം മണി സഖാവടക്കം വിരണ്ടു പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യോഗത്തിന് ആളെത്തിക്കാൻ പ്രദേശിക നേതാക്കൾ ചെറുവിരലനക്കിയില്ലെങ്കിലും, പാർട്ടി ഭേദമില്ലാതെ ജനം സതീശന്റെ യോഗത്തിനെത്തി. പണ്ട്, വി.എസിന്റെ യോഗത്തിന് കൂടുന്നവരെക്കാൾ കൂടുതൽ ജനം സതീശനെ കേൾക്കാനെത്തിയെന്നാണ് ഒരു പ്രദേശിക വാർത്താ ലേഖകന്റെ സാക്ഷ്യം. ഈ സാക്ഷ്യം ഒരു യൂട്യൂബ് ചാനലിലൂടെ ജനം കേൾക്കുകയും ചെയ്തു. 

ഇടുക്കിയിലെ ജനങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത് എന്തായാലും മുഖ്യധാരാ മാധ്യമങ്ങളോ ചാനലുകളോ വിശദമായി റിപ്പോർട്ട് ചെയ്തതേയില്ല. നമ്പർവൺ പത്രം കോട്ടയം/ഇടുക്കി പ്രദേശങ്ങളിലെ എഡിഷനുകളിൽ വിശദമായ വാർത്തകൾ നൽകുകയും ചെയ്തു. ചിലപ്പോൾ നിരവധി എഡിഷനുകളുള്ള ഈ പത്രത്തിന് സ്ഥല പരിമിതിയുടെ പ്രശ്‌നമുണ്ടാകാം. മുഖ്യമന്ത്രി ഒരു ജില്ലയിൽ പ്രസംഗിക്കുമ്പോൾ, അവിടെയുള്ള ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്കായി സർക്കാർ എന്തെല്ലാം ചെയ്തുവരുന്നുവെന്നതിന്റെ ഏകദേശ ചിത്രം വരച്ചു കാണിക്കുകയായിരുന്നു ചെയ്തത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ നേർക്കാഴ്ചയായി മാറി സതീശന്റെ പ്രസംഗം. 

vachakam
vachakam
vachakam

ഇടുക്കിയെ കിടുക്കിയ പ്രസംഗം

ഏഴ് വന്യജീവി സങ്കേതങ്ങളുള്ള ഇടുക്കി ജില്ലയിലെ മനുഷ്യരുടെ ഇപ്പോഴത്തെ ശത്രുക്കൾ വന്യജീവികൾ മാത്രമല്ല. ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥരെങ്കിലും കർഷകരുടെ ചോരയ്ക്കായി ദാഹിക്കുന്നുണ്ട്. മുഖ്യമന്ത്രി വരുന്നതിന് മൂന്ന് ദിവസം മുമ്പു തന്നെ ആനത്താരകൾക്ക്  തടസ്സമാകുന്നുവെന്ന ന്യായം പറഞ്ഞ് ഫോറസ്റ്റുകാർ സ്വകാര്യ ഭൂമിയിലെ സൗരോർജ്ജ വേലികളും മതിലുകളും മറ്റും പൊളിച്ചുമാറ്റിക്കൊണ്ട് ഒരു 'ചവിട്ട് നാടകം' അരങ്ങേറിയിരുന്നു.

ഒരർത്ഥത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുമുമ്പ് ജനരോഷം ആളിക്കത്തിക്കാൻ നടത്തിയ ഉഡായിപ്പ് പരിപാടിയായിരുന്നു അത്.  പേരിൽ ഡോക്ടറേറ്റൊക്കെയുള്ള ദിനേശൻ എന്നൊരാളാണ് ഇപ്പോൾ ഇടുക്കി കളക്ടർ. കളക്ടർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാക്ക് വിലയ്‌ക്കെടുത്ത് ചെയ്ത അതിക്രമം ഏതായാലും കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്തി വിളിച്ചുകൂട്ടിയ  മൂന്ന് മണിക്കൂർ നീണ്ട അവലോകനയോഗം പുനർവിചിന്തനം ചെയ്യുകയുണ്ടായി. ഇതിനിടെ വനാതിർത്തിയിൽ താമസിക്കുന്ന കർഷകരുടെ പറമ്പുകളിലെ മൂത്ത ചക്കകളെല്ലാം പറിച്ചെടുക്കാനും വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. പഴുത്ത ചക്കയുടെ മണം ആനകളെ ആകർഷിക്കുമെന്ന ചില ഉദ്യോഗസ്ഥരുടെ കണ്ടുപിടിത്തമാണിതിനു പിന്നിൽ.

vachakam
vachakam
vachakam

ആവാസവ്യവസ്ഥ അട്ടിമറിച്ചതാര്?

വനങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ അട്ടിമറിച്ചത്. കർഷകരല്ലെന്ന യാഥാർത്ഥ്യം എന്തേ പുതിയ സർക്കാരും മറക്കുകയണോ? പാറമടകൾക്ക് ലൈസൻസ് നൽകിയും, ആനക്കൊമ്പ് വേട്ടക്കാർക്ക് ഒത്താശ ചെയ്ത്, കഞ്ചാവ്, തേക്ക്, മാഞ്ചിയം, യൂക്കാലിപ്റ്റസ് പോലുള്ളവ വച്ചുപിടിപ്പിച്ച് കാട് കുട്ടിച്ചോറാക്കിയതാരാണ്? വനത്തിൽ പാറമടയും റിസോർട്ടുമാവാം, കർഷകൻ ഒരു വീട് വയ്ക്കനോ കൃഷി ചെയ്യനോ ശ്രമിച്ചാൽ പരിസ്ഥിതി തകരുമെന്ന അവകാശവാദങ്ങൾ എന്തിനാണ്?

സുഗന്ധവ്യഞ്ജനങ്ങളുടെ പേരിലാണ് വിദേശ രാജ്യങ്ങൾ പോലും നമ്മുടെ നാട് തേടിയെത്തിയെന്നത് മറന്നുപോയോ? വന്യമൃഗങ്ങളുടെ ശല്യം തമിഴ്‌നാട്ടിലും കർണാടകയിലും എന്തുകൊണ്ടാണ് പ്രശ്‌നമുണ്ടാക്കത്തത്? സാമൂഹ്യവനവത്ക്കരണമെന്ന പേരിൽ കോടികൾ വലിച്ചെറിയുന്ന ഭരണകൂടങ്ങൾ 'കാട്' എക്കാലത്തും വന്യജീവികൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് മറന്നുപോകുന്നതെന്തുകൊണ്ട്? മണ്ണിലെ ജലാംശം പൂർണ്ണമായി ഊറ്റിയെടുക്കുന്ന മരങ്ങൾ വളർത്താൻ ഭരണകൂടങ്ങൾക്ക് താൽപ്പര്യപ്പെടുന്നു. എന്നാൽ വനത്തിൽ മൃഗങ്ങൾക്കുവേണ്ട ഫലമൂലാദികളോ പുൽമേടുകളോ കുടിവെള്ളം കിട്ടാവുന്ന കുളങ്ങളോ അരുവികളോ ഇല്ലായ്മ ചെയ്യാൻ ഭരിക്കുന്നവർ ചെയ്ത 'കന്നം തിരിവുകളാ' ണ് ഇപ്പോൾ പ്രശ്‌നമായിരിക്കുന്നത്.

ആസ്സാം എന്ന സംസ്ഥാനം വന്യജീവികൾ കാടിറങ്ങിയപ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ പറയുന്നതു കേട്ടു. വൻതോതിൽ മാവും പ്ലാവും വാഴകളുമെല്ലാം കാട്ടിൽ സർക്കാർ നട്ടുവളർത്തി. മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി കാട് നിറയെ കുളങ്ങൾ കുത്തി. അതോടെ കാട്ടുമൃഗങ്ങൾ കാട്ടിൽ തന്നെ തങ്ങിത്തുടങ്ങി. ഇവിടെ ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിച്ചാൽ തന്നെ ആ ഫണ്ട് ഏത് കീശയിലേക്കാണ് പോകുകയെന്ന് ജനത്തിന് നല്ലപോലെ അറിയാം.

പരിശോധിക്കാം, പരിഗണിക്കാം എന്ന് പറയില്ല

ഒരു ഭരണകൂടത്തിന്റെ മുമ്പിൽ ജനങ്ങൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, പതിവ് പോലെ 'വരട്ടെ, നോക്കട്ടെ, പരിശോധിക്കട്ടെ, പരിഗണിക്കാം' തുടങ്ങിയ വാക്കുകൾ ഇപ്പോഴത്തെ സർക്കാരിൽ നിന്ന് അപൂർവമയേ കേൾക്കുന്നുള്ളൂ. മുഖ്യമന്ത്രിയോടൊപ്പം സെപ്തംബർ 25ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണും, ഇടുക്കി ജില്ലയുടെ ചുമതലയുള്ള അനൂപ് ജേക്കബ്ബും, റവന്യൂ  വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. 

നിലവിലുള്ള നിർമാണ നിരോധനം നീക്കാനും. 23 വില്ലേജുകളെ ഇ.എസ്.എ. പരിധിയിൽ നിന്ന് ഒഴിവാക്കാനും. കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. കൂടാതെ വനമേത്, ജനവാസ സ്ഥലമേത് എന്നു വ്യക്തമായി കാണിക്കാവുന്ന ഭൂപടവും സർക്കാരിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഒരോ വാക്കും സദസ്സ് നിറഞ്ഞ കൈയ്യടികളോടെയും ഹർഷാരവത്തോടെയും കൂടെയാണ് ശ്രവിച്ചത്. 

കർഷകരെ സഹായിക്കാൻ കഴിയുന്ന വിധം സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 5000 പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തൂത്തുവാരിയ ജില്ലയാണ് ഇടുക്കി. ഇടുക്കി ഒരർത്ഥത്തിൽ സീറോ മലബാർ റീത്തിൽപെട്ട കർഷകരുടെ ആസ്ഥാനം കൂടിയാണ്. സതീശൻ കർഷകർക്കായി നടത്തിയ പ്രഖ്യാപനങ്ങളും നൽകിയ വാഗ്ദാനങ്ങളും സഭാ മേഖലദ്ധ്യക്ഷന്മാരും വിശ്വാസികളും സന്തോഷത്തോടെയാണ് ശ്രവിച്ചത്. 

7 സീറ്റിന് ചെങ്കൊടിക്കുതിപ്പോ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഏഴ് സീറ്റ് എൽ.ഡി.എഫ്. കൂടുതൽ നേടിയതിന് പിണറായിയുടെ ഭാഷ്യം അതൊരു ചെങ്കോടിക്കുതിപ്പെന്നായിരുന്നു! കഴിഞ്ഞ പഞ്ചായത്ത്, ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ ഇടതിന്റെ തോൽവിയെ എങ്ങനെയാണ് നാം വിശേഷിപ്പിക്കുക? വേണമെങ്കിൽ 'ചെങ്കോടിയ്‌ക്കെതിരെയുള്ള കലിപ്പാ' യി ആ തെരഞ്ഞെടുപ്പ് തോൽവികളെ നമുക്ക് വ്യാഖ്യാനിക്കാം.

ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ വന്ന ചിറയിൻ കീഴിലെ പെണ്ണായി സ്വയം വിശേഷിപ്പിച്ച് പാട്ടുപാടി ഒരു നിയമസഭാ സീറ്റിൽ പുഷ്പം പോലെ ജയിച്ച രമ്യ ഹരിദാസിന്റെ മണ്ഡലത്തിലെ അഞ്ചുതെങ്ങിലും മംഗലംപുരത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് 'കൈയ്യാങ്കളി വിവാദം' മൂലമാണ്. രമ്യയോടുള്ള ജനത്തിന്റെ കലിപ്പ് തീർക്കലായി മാറി അവിടെ നടന്ന ഉപതെരഞ്ഞെടുപ്പുകൾ. സി.പി.എം. ന്റെ ഏറ്റവും തിളക്കമുള്ള ജയം പിണറായിയുടെ മണ്ഡലമായ ധർമ്മടത്തിന്റെ പരിധിയിൽ വരുന്ന പെരളശ്ശേരിയിലായിരുന്നു. പക്ഷെ വിപ്ലവ പാർട്ടിയുടെ ഭൂരിപക്ഷം എത്രയാണെന്നോ? വെറും പതിമൂന്ന് വോട്ട്!

'ലൈഫ്' തകർത്തെറിഞ്ഞ പദ്ധതി

ഭവനരഹിതരെ ഇത്രത്തോളം കബളിപ്പിക്കാൻ ഒരു തൊഴിലാളി പക്ഷ സർക്കാരിന് എങ്ങനെ കഴിഞ്ഞു? 'ലൈഫ് മിഷൻ' എന്ന് പേരിട്ട ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ പദ്ധതിയിൽ പെട്ട് ജീവിതം 'കോഞ്ഞാട്ടയായി' മാറിയ എത്രയോ മനുഷ്യരുടെ കഥകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്? 

വർഷങ്ങളായി വെള്ളക്കെട്ടിൽ വലഞ്ഞ പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങൾക്കുവേണ്ടിയാണ് മുണ്ടംവേലിയിൽ 2 ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചത്. മുണ്ടംവേലിയിൽ ജി.സി.ഡി.എ.വക ഭൂമിയിലാണ് ഫ്‌ളാറ്റ് നിർമ്മിക്കാൻ വേണ്ടി നബാർഡും സ്മാർട്ട് സിറ്റിയും പണം നൽകിയത്. പക്ഷെ, കേരളത്തിലാദ്യമായി പ്രീ ഫാബ് എഞ്ചിനിയറിംഗ് സങ്കേതിക വിദ്യ നടപ്പാക്കിയെന്ന് അവാകശപ്പെടുന്ന മുണ്ടംവേലിയിലെ 2 ഫ്‌ളാറ്റുകളിലും മനുഷ്യജീവിതം സാധ്യമല്ലാത്ത അവസ്ഥയാണ്.

2020നു ശേഷം സർക്കാർ പാവപ്പെട്ടവർക്കായി നിർമ്മിച്ച 84 ഭവനസമുച്ചയങ്ങളിൽ 11 എണ്ണത്തിൽ മാത്രമേ താമസക്കാരുള്ളൂ. ബാക്കിയുള്ളവ പൂർത്തിയാകാത്ത അവസ്ഥയിലാണ്. നിലമ്പൂർ വാണിയം കുളത്തെ ആദിവാസി കുടുംബങ്ങൾ, ഒരോ വർഷവും സർക്കാർ സൗജന്യമായി നൽകുന്ന ടർപ്പോളിൻ ഷീറ്റിനടിയിലാണ് ഇപ്പോഴും താമസം. പന്തളം, ഏഴംകുളം, ചാത്തമംഗലം തുടങ്ങി എത്രയോ പ്രദേശങ്ങളിലാണ് അതിജീവനത്തിനായി പൊരുതുന്ന ലൈഫ് മിഷൻ ഉപഭോക്താക്കളുള്ളതെന്ന കണക്ക് താമസിയാതെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കേണ്ടിവരാം.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam