മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു പ്രതിഭയുടെ തുടക്കം എവിടെനിന്നായിരുന്നു? 'തിരനോട്ടം' എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ഡബ്ബിംഗിനായി ചെന്നൈയിലെ കോടമ്പാക്കത്തുള്ള സ്വാമീസ് ലോഡ്ജിൽ മോഹൻലാലും കൂട്ടുകാരും എത്തുന്നതും, അവിടെ അവർ നേരിട്ട പ്രതിസന്ധികളുമാണ് ഈ അധ്യായത്തിൽ.
മഹാനായ നടൻ സത്യൻ മാസ്റ്ററുടെ കസേരയിൽ തൊട്ടുതൊഴുതിരുന്ന ആ ഇരുപതുകാരന്റെ മനസ്സിലെ സിനിമാമോഹങ്ങളും, മകനെ ഒരു വലിയ ഉദ്യോഗസ്ഥനാക്കാൻ ആഗ്രഹിച്ച പിതാവിന്റെ ശാസനകളും ഒത്തുചേരുന്ന 'വിസ്മയനടന്റെ' ജീവിതകഥ തുടരുന്നു.
മോഹൻലാൽ ഇതെങ്ങനെ സുരേഷിനോട് പറയും? സുരേഷാണെങ്കിൽ ലാലിന്റെ നിഴൽപോലെ എപ്പോഴും കൂടെയുണ്ട്. ഒടുവിൽ സുരേഷിന്റെ യാത്രാച്ചെലവിനുള്ള പണം മോഹൻലാൽ തന്നെ കണ്ടെത്തി. താമസിയാതെ ഇരുവരും മദ്രാസിലേക്ക് യാത്രതിരിച്ചു. സുരേഷിനെയും കൂട്ടി മോഹൻലാൽ കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജിൽ എത്തിയതിൽ ഏറ്റവും അമർഷം അശോകനാണ്. സുരേഷ് കുളിക്കാൻ പോയ തക്കത്തിന് അയാൾ ലാലിനെ വിചാരണ ചെയ്യുകയാണ്:
'നിനക്ക് വേറെ പണിയൊന്നുമില്ലേടാ ലാലേ... ആ എരപ്പൻ കെട്ടവനെ വിളിച്ചുകൊണ്ടുവരാൻ ആരാ നിന്നോട് പറഞ്ഞത്?'
കുളിക്കുന്നതിനിടയിലും സുരേഷ് അതു കേട്ടു. എങ്ങനെ കേൾക്കാതിരിക്കും! ആ ലോഡ്ജ് മുഴുവൻ കേൾക്കാൻ പാകത്തിലല്ലേ അശോകന്റെ ആക്രോശം! ഏറെ ദേഷ്യത്തോടെ ചാടിത്തുള്ളി അശോകനും പ്രിയദർശനും പുറത്തേക്ക് പോയി.
മോഹൻലാൽ ഇതെല്ലാം കണ്ട് 'ഇനിയെന്ത്' എന്ന ചിന്തയിൽ തലയ്ക്ക്
കൈകൊടുത്തിരിക്കുകയാണ്. അല്പം കഴിഞ്ഞ് സുരേഷ് ബാത്ത്‌റൂമിന് വെളിയിൽ വന്നു. ലാൽ ഇതൊന്നും അറിഞ്ഞതേയില്ലെന്ന ഭാവത്തിൽ ഇരുന്നു. സുരേഷ് ലാലിന്റെ തോളിൽ തട്ടി. അയാളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. സത്യത്തിൽ കുളിമുറിയിൽ പൊട്ടിക്കരയുകയായിരുന്നു സുരേഷ്.
ഇങ്ങനെയൊരു സാഹചര്യത്തിൽ ഇനി എങ്ങനെ സുരേഷിനെ ആശ്വസിപ്പിക്കുമെന്നറിയാതെ ലാൽ കുഴങ്ങി. രണ്ടുപേരും ഒന്നും സംസാരിക്കാതെ ആ ഇരുപ്പ് എത്രനേരം ഇരുന്നുവെന്നറിയില്ല. സ്വാമീസ് ലോഡ്ജിന്റെ ഉടമസ്ഥൻ പരിചയപ്പെടാൻ ഇരുവർക്കും അടുത്തുകൂടിയപ്പോഴാണ് രണ്ടാൾക്കും പരിസരബോധം ഉണ്ടായത്.
അവർ ഒട്ടേറെ സംസാരിച്ചു. അതിൽ സിനിമയും നാട്ടുവിശേഷങ്ങളും ഒക്കെയുണ്ടായിരുന്നു. സഹൃദയനായ ഒരു മനുഷ്യനാണ് ലോഡ്ജ് ഉടമ എന്ന് ലാലിനും സുരേഷിനും തോന്നി. അപ്പോൾ മോഹൻലാലിന് ഒരാഗ്രഹം; മഹാനായ നടൻ സത്യൻ താമസിച്ചിരുന്ന മുറി എവിടെയായിരിക്കും?
ഉടനെ ലോഡ്ജ് ഉടമ സ്വാമിനാഥൻ, സത്യൻ സാർ താമസിച്ച മുറിയും മുത്തയ്യ, പ്രേംനസീർ എന്നിങ്ങനെ പ്രശസ്തരായ ഒട്ടേറെപ്പേർ താമസിച്ചിരുന്ന മുറികൾ കൂടി കാണിച്ചുകൊടുത്തു. അങ്ങനെ അവർ മൂന്നുപേരും കറങ്ങിനടക്കുന്നതിനിടയിൽ സ്റ്റോർ റൂമിന്റെ സമീപത്തെത്തി. അപ്പോൾ സ്വാമിനാഥൻ പറഞ്ഞു:
''സത്യൻ സാർ ഇരുന്നിരുന്ന കസേര ദാ, ആ കിടക്കുന്നതാണ്.''
ആ അറിവ് ലാലിനെ ഏറെ ആവേശഭരിതനാക്കി. ലാലും സുരേഷും കൂടി സ്വാമിനാഥനോട് അനുവാദം വാങ്ങി ആ കസേര അവിടെനിന്ന് പൊടിതട്ടിയെടുത്തു. പിന്നെ ലൂസായി കിടന്നിരുന്ന ഭാഗം ആണിയടിച്ച് നേരെയാക്കി. അങ്ങനെ അല്ലറചില്ലറ പൊടിക്കൈകളൊക്കെ നടത്തി കസേര അവരുടെ മുറിയിലേക്ക് മാറ്റി.
ലാൽ ഗണപതിയെ നന്നായി മനസ്സിൽ ധ്യാനിച്ച് കസേരയിൽ തൊട്ടുതൊഴുത് അതിലിരുന്നു. ലാലിന്റെ ഈ വക അഭ്യാസപ്രകടനങ്ങൾ കണ്ട് സുരേഷ് അന്തംവിട്ടു നിൽക്കുകയാണ്. ഇതുകണ്ടുകൊണ്ടാണ് അശോകനും പ്രിയനും മടങ്ങിവരുന്നത്. അവർക്ക് കാര്യം എന്തെന്ന് പിടി കിട്ടിയില്ല.
അപ്പോൾ ലാൽ പറഞ്ഞു:
'മഹാനായ സത്യൻ സാർ ഇരുന്ന കസേരയാ... ഇതിലിങ്ങനെ ഇരുന്നാലെങ്കിലും രക്ഷപ്പെടുമോ എന്ന് നോക്കുകയാണ് ഞാൻ...!''
അതു കേട്ടപ്പോൾ വഴക്കൊക്കെ മറന്ന് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി!
മോഹൻലാലിന്റെ പ്രഥമ സിനിമയായ ''തിരനോട്ട''ത്തിന്റെ ഡബ്ബിംഗിനാണ് കക്ഷിയും കൂട്ടരും മദ്രാസിലെത്തിയതെങ്കിലും കാര്യമായ ജോലികളൊന്നും നടന്നില്ല. പക്ഷേ, ഒരു പ്രയോജനം ലഭിച്ചു; ക്രമേണ സുരേഷിനോടുള്ള പ്രിയന്റെയും അശോകന്റെയും ദേഷ്യം മാറിത്തുടങ്ങി. അന്ന് സ്വാമീസ് ലോഡ്ജിലെ 27-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നത് നടൻ ജോസ് പ്രകാശായിരുന്നു. ആ മുറിയിൽ വെച്ചാണ് മോഹൻലാലും പ്രിയദർശനും ഒട്ടേറെ സിനിമാതാരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും പരിചയപ്പെട്ടത്. ആലംമൂടൻ, നെല്ലിക്കോട് ഭാസ്‌കരൻ, മാള അരവിന്ദൻ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ദിവസങ്ങൾ പിന്നിട്ടപ്പോൾ മോഹൻലാലിന്റെയും സംഘത്തിന്റെയും കയ്യിലെ പണം തീർന്നു. അതോടെ ലാലും കൂട്ടരും ഒരു കണക്കിന് നാട്ടിലേക്ക് വണ്ടികയറി.
സിനിമയെക്കുറിച്ച് ചോദിക്കുന്നവരോട് പല നുണകളും തട്ടിവിടും. ''കടലാസ് പണികൾ പുരോഗമിക്കുന്നു, ലാബ് വർക്ക് നടക്കുന്നു, ഡബ്ബിംഗിന് സ്റ്റുഡിയോ കിട്ടിയില്ല...'' ഇമ്മാതിരി ഡയലോഗുകൾ പറഞ്ഞ് ചമ്മലകറ്റി നടന്നു.
ഒടുവിൽ മോഹൻലാൽ ഒരു തീരുമാനമെടുത്തു; ഇനി എങ്ങനെയെങ്കിലും ഒരു സിനിമ നടനാവുക, അല്ലെങ്കിൽ നാട്ടുകാരുടെയും കൂട്ടുകാരുടെയും മുഖത്ത് നോക്കാനാകില്ല. അതിനുള്ള വഴികൾ തലപുകഞ്ഞ് ആലോചിച്ചു.
അപ്പോഴാണ് പണ്ട് അമ്മാവൻ ചില സിനിമക്കാരെ പരിചയപ്പെടുത്തിത്തന്ന കാര്യം ലാൽ ഓർത്തത്. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ''മലയാളനാട്'' വാരികയുടെ ഉടമയും ചെമ്പരത്തി, ചായം, നഖങ്ങൾ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവുമായ എസ്.കെ. നായർ. സാക്ഷാൽ വയലാർ രാമവർമ്മ, സംവിധായകൻ പി.എൻ. മേനോൻ ഇവരൊക്കെ അമ്മാവന്റെ വീട്ടിൽ വന്നവരായിരുന്നു.
''എന്റെ പ്രിയപ്പെട്ട അനന്തിരവൻ'' എന്ന് പറഞ്ഞാണ് മോഹൻലാലിനെ അവർക്ക് പരിചയപ്പെടുത്തിയത്. അഭിനയം അറിയാമോ എന്ന് എസ്.കെ. നായർ ചോദിക്കേണ്ട താമസം, ലാൽ തനിക്കറിയാവുന്ന ചില നമ്പറുകളൊക്കെ ഭംഗിയായി അവതരിപ്പിച്ചു കാണിച്ചു.
''ഈ അഭിനയപ്രതിഭയെ സിനിമയിലെടുത്തില്ലെങ്കിൽ അത് മികച്ച അപരാധമായിരിക്കും'' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വയലാറും എസ്.കെ. നായരും അമ്മാവന്റെ വീട്ടിൽ നിന്ന് പോയത്.
ഇതൊരു ധൈര്യമാക്കി ഉടൻതന്നെ അമ്മാവനൊരു കത്തെഴുതി അയച്ചു. പിറ്റേന്ന് രാവിലെ തന്നെ ലാൽ രണ്ടും കൽപ്പിച്ച് അമ്മയോട് പറഞ്ഞു:
''അമ്മേ എനിക്കിനി പഠിക്കാൻ വയ്യ... എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം.''
അമ്മയ്ക്ക് മകന്റെ സ്വഭാവം നല്ലതുപോലെ അറിയാമല്ലോ, പറഞ്ഞാൽ പറഞ്ഞതിൽ നിന്ന് പിന്മാറില്ല.
രാത്രി വീട്ടിലെത്തിയപ്പോൾ പേടിച്ചുപേടിച്ച് അമ്മ വിഷയം അവതരിപ്പിച്ചു:
''ദേ നോക്കൂ, ലാൽമോന് ഇനി പഠിക്കേണ്ടെന്ന്.''
വിശ്വനാഥൻ നായർ ക്ഷോഭത്തോടെ പറഞ്ഞു:
''പിന്നെ അവൻ ചുമടെടുക്കാൻ പോകുന്നുണ്ടോ?''
മകനെ പഠിപ്പിച്ച് സിവിൽ ഉദ്യോഗസ്ഥനോ ഡോക്ടറോ ആക്കാൻ ശ്രമിക്കുന്ന ആ പിതാവിന് എങ്ങനെ ദേഷ്യം വരാതിരിക്കും. പിന്നെ അദ്ദേഹം ഒന്നും ഉരിയാടിയില്ല. തിരിഞ്ഞുകിടന്ന ആ മനുഷ്യന്റെ ഹൃദയവേദന ആ അമ്മ അറിഞ്ഞു.
പിറ്റേന്ന് രാവിലെ ഉണർന്ന വിശ്വനാഥൻ നായർ മകനെ വിളിച്ച് ശാന്തനായി ചോദിച്ചു:
''എന്താണ് നീ ഇനി പഠിക്കുന്നില്ലെന്ന് പറയാൻ കാരണം? ഡിഗ്രി തീരും മുൻപേ തുടങ്ങിയോ നിന്റെ അഭിനയമോഹം!'' വിശ്വനാഥൻ നായരുടെ ശബ്ദം തികച്ചും ശാന്തമായിരുന്നു. ഇത്രയും മയപ്പെടൽ ലാലിന്റെ അമ്മ പ്രതീക്ഷിച്ചില്ല.
''എനിക്ക് സിനിമയിൽ പോകണം'' മോഹൻലാലിന്റെ മറുപടിയും ശാന്തമായിരുന്നു. എങ്കിലും ആ ശബ്ദത്തിൽ നിശ്ചയദാർഢ്യത്തിന്റെ മുഴക്കമുണ്ടായിരുന്നു.
''എന്തായാലും ഡിഗ്രി കഴിഞ്ഞിട്ടുമതി സിനിമാഭിനയം'' എന്ന് പറഞ്ഞ് അച്ഛൻ മോഹൻലാലിനെ മടക്കി. അച്ഛന്റെ അഭിപ്രായം അതാണെങ്കിൽ തനിക്കും അത് സമ്മതമാണെന്ന മട്ടിൽ തലകുലുക്കി ലാൽ അച്ഛന്റെ മുന്നിൽ നിന്നും അപ്രത്യക്ഷനായി.
(തുടരും...)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop
വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema
വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
