കേരളത്തിലെ 100 അംഗൻവാടികൾക്കും പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സഹായവുമായി ഷിക്കാഗോയിലെ ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങര

NOVEMBER 22, 2026, 11:33 PM

ഷിക്കാഗോ: കേരളത്തിലെ ഭിന്നശേഷിക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെയും ക്ഷേമത്തിനായി ഷിക്കാഗോയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ പുതിയ സഹായപദ്ധതി ഒരുങ്ങുന്നു. അദ്ദേഹം നേതൃത്വം നൽകുന്ന Handicap Educational Assistance Program മുഖേന കേരളത്തിലെ 100 അംഗൻവാടികൾക്കും ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 10,000 രൂപ വീതം വിലമതിക്കുന്ന ഇൻക്ലൂസീവ് ലേണിങ് കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.

പീറ്റർ കുളങ്ങര വ്യക്തിപരമായി മുൻകൈയെടുത്ത് സമാഹരിക്കുന്ന സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ
പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി ഷിക്കാഗോ സോഷ്യൽ ക്ലബ്, മെഡിവെസ്റ്റ് മലയാളി അസോസിയേഷൻ, ഫോമ ഷിക്കാഗോ റീജിയൻ എന്നീ സംഘടനകളും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ നാലുവർഷമായി പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ കേരളത്തിലെ നിർധനരും
ഭിന്നശേഷിക്കാരുമായ വ്യക്തികൾക്കായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏകദേശം ഒരു കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അറുപതോളം ഇലക്ട്രിക് വീൽചെയറുകൾ, നൂറോളം സാധാരണ വീൽചെയറുകൾ,
കേൾവിപരിമിതിയുള്ളവർക്ക് ശ്രവണസഹായികൾ, കാഴ്ചപരിമിതിയുള്ളവർക്ക് പ്രത്യേക ലാപ്‌ടോപ്പുകൾ, ഏഴോളം ഭിന്നശേഷി സൗഹൃദ ഇലക്ട്രിക് സ്‌കൂട്ടറുകൾ, തയ്യൽ മെഷീനുകൾ തുടങ്ങി നിരവധി സഹായോപകരണങ്ങളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്.
ഇത്തവണത്തെ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ഭിന്നശേഷിക്കാരായ യുവാക്കൾ തന്നെ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭ്യമാക്കുന്നു എന്നതാണ്. കേരളത്തിലെ സാമൂഹിക സംരംഭമായ പുനർജീവ ടെക്‌നോളജി സൊല്യൂഷൻസ് LLP-യുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സംനിത നിർമിതി ഇൻക്യൂഷൻ ലാബിലാണ് കിറ്റുകൾ നിർമ്മിക്കുന്നത്.

ബൗദ്ധികവും മറ്റ് തരത്തിലുള്ളതുമായ ഭിന്നശേഷികളുള്ള യുവാക്കൾ പരിശീലനം ലഭിച്ച മേൽനോട്ടത്തിൽ കിറ്റുകളുടെ നിർമ്മാണം, ഗുണനിലവാര പരിശോധന, പാക്കിങ് എന്നിവ നിർവഹിക്കുന്നു. ഈ ജോലികൾക്ക് അവർക്ക് പ്രതിഫലവും ലഭിക്കുന്നു.

കുട്ടികളുടെ കൈവിരലുകളുടെ ചലനശേഷി, രൂപങ്ങളും നിറങ്ങളും തിരിച്ചറിയാനുള്ള കഴിവ്, ഓർമശക്തി, ശ്രദ്ധ, സ്പർശനത്തിലൂടെയുള്ള പഠനം തുടങ്ങിയവ വികസിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റ് കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളായിരിക്കുന്ന സംഘടനകൾക്കോ മറ്റ് സ്‌പോൺസർമാർക്കോ മാത്രമല്ല, വ്യക്തികൾക്കും നേരിട്ട് പങ്കാളികളാകാൻ അവസരമുണ്ട്.

vachakam
vachakam
vachakam

നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് 100 അമേരിക്കൻ ഡോളർ സംഭാവന നൽകി പദ്ധതിയുടെ ഭാഗമാകാം. സംഭാവന നൽകുന്നവർക്ക് കേരളത്തിലെ സ്വന്തം നാട്ടിലോ വാർഡിലോ ഉള്ള അർഹമായ അംഗൻവാടിയിലേക്കോ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ സഹായം എത്തിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

2027 ജനുവരിയിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥാപനങ്ങളിൽ പഠനകിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുടെ സാമ്പത്തിക പിന്തുണയും സംഘടനകളുടെ കൂട്ടായ സഹകരണവും സമന്വയിപ്പിച്ചുകൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭിന്നശേഷിക്കാരായ യുവാക്കളുടെ തൊഴിൽശേഷി വികസനത്തിനും ഒരേസമയം പിന്തുണ നൽകുന്ന ജീവകാരുണ്യ സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam