സബ്കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യ മുയർത്തുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക വീക്ഷണം നിലംപരിശാകുന്ന കാഴ്ചയാണിത്
പലർക്കുമറിയാവുന്നതാണെങ്കിലും അത് പരസ്യമായി പറയാൻ രാഷ്ട്രീയക്കാരിൽ ആരും ധൈര്യപ്പെടാറില്ലെന്നുമാത്രം. സംഗതി എന്താണെന്നല്ലേ..? പറയാം. 'ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢിയാക്കാൻ കഴിയുന്നവർ മികച്ച നേതാക്കൻമാരാകുന്നു' ഇത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയാണ്. ഈയിടെ നാഗ്പുരിൽ അഖില ഭാരതീയ മഹാനുഭവ പരിഷത്ത് ചടങ്ങിലാണ് ഗഡ്കരി മനസ്സു തുറന്നത്.
രാഷ്ട്രീയത്തിൽ സത്യം വിളിച്ചുപറയുന്നതിന് തടസ്സമുണ്ടെന്നു പറഞ്ഞ ഗഡ്കരി കുറുക്കുവഴികളിലൂടെയാണ് ഇപ്പോൾ എല്ലാവരുടെയും യാത്രയെന്നുകൂടി പറയാൻ മടിച്ചില്ല. മാത്രമല്ല, അത് ദീർഘകാല വിജയം സമ്മാനിക്കില്ലെന്നും സത്യസന്ധതയോടെയും സമർപ്പണത്തോടേയും ജീവിച്ചാൽ അത് നാടിനും നാട്ടാർക്കും ഗുണകരമാകുമെന്നും തുറന്നടിച്ചു.
പണ്ടൊരിക്കൽ പറഞ്ഞത് ഇവിടെ രണ്ട് ഇന്ത്യ ഉണ്ടെന്നാണ്. അതായത് പണമെറിഞ്ഞ് പണമിരട്ടിപ്പിക്കുന്ന പണക്കാരുടെ ഇന്ത്യയാണ് ഒന്ന്. കൃഷിക്കായി വായ്പയെടുത്ത് വാങ്ങുന്ന കീടനാശിനി കുടിച്ച് ആത്മഹത്യചെയ്യുന്ന കർഷകരുടെയും ദരിദ്രരുടെയും ഇന്ത്യയാണ് മറ്റൊന്ന്. ഈ രണ്ട് ഇന്ത്യക്കിടയിലുള്ള വിടവ് വല്ലാതെ വർധിക്കുകയാണെന്നും കണ്ടുപിടിച്ച് അത് മടികൂടാതെ വിളിച്ചുപറയുകയും ചെയ്തതാണ്.
അതും നാഗ്പുരിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു തട്ടിയത്. ഇതിനുള്ള മറുമരുന്നും മൂപ്പർക്കറിയാം. ധനത്തിന്റെ വികേന്ദ്രീകരണണം. അതുമാത്രമാണ് രക്ഷമാർഗം..!
അതിന്, ഗഡ്കരിക്കുള്ള മറുപടിയായാണോ എന്നറിയില്ല, അടുത്ത ദിവസം കേന്ദ്രസർക്കാരിനുകീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കുറിപ്പ് വന്നു: 'വരുമാനസമത്വത്തിൽ ലോകത്ത് നാലാംസ്ഥാനമെന്ന നേട്ടത്തിന് ഉടമയായിരിക്കുന്നു ഇന്ത്യ' എന്നാണ് പി.ഐ.ബി വിളംബരം ചെയ്തത്. ലോക ബാങ്ക് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലുള്ള അറിയിപ്പാണതെന്നും പി.ഐ.ബി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പി.ഐ.ബിയുടെ കണക്കു കൂട്ടലിൽ പിശകുണ്ടെന്നും ഉപഭോഗം ആധാരമാക്കിയുള്ള ജിനി സൂചികയെ ഇതരരാജ്യങ്ങളുടെ വരുമാന അസമത്വവുമായി താരതമ്യം ചെയ്യുകയാണ് പി.ഐ.ബി ചെയ്തതെന്നുമുള്ള വാദവുമായി പ്രതിപക്ഷം രംഗത്തെത്തിയതും ഓർക്കുന്നു.
വരുമാനത്തിലുള്ള അസമത്വം അളക്കുന്നതിന് ഇറ്റാലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ കൊറഡൊ ജിനി വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് ജിനി സൂചിക. ലോകബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സൂചിക 61 ആണ്. ഇതനുസരിച്ച് 216 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176 ആണ്. 2009ൽ ഇത് 115 ആയിരുന്നു. അരിയും പലവ്യഞ്ജനവുമൊക്കെ വാങ്ങുന്നതിൽ സാധാരണക്കാർക്കും പണക്കാർക്കുമിടയിലുള്ള ഏറ്റക്കുറച്ചിൽ വലുതായിരിക്കില്ല. പക്ഷേ, ഉപഭോഗം കഴിഞ്ഞ് മിച്ചം വെയ്ക്കാൻ സാധാരണക്കാർക്ക് കാര്യമായൊന്നുപോലും ഉണ്ടകില്ല.
പെരുകുന്ന ശതകോടീശ്വരന്മാർ
ഇതേ സംഗതിയാണ് ഒരു ലേഖനത്തിൽ ബിസിനസ് ജേണലിസ്റ്റ് ദേബാശിഷ് ബസുവും മുന്നോട്ടുവെച്ചത്. അടുക്കളസാധനങ്ങൾ നിർമിക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ബസുവിനോടു പറഞ്ഞത് കലങ്ങളും പാനുകളുമൊന്നും ഇപ്പോൾ കാര്യമായി വിറ്റുപോകുന്നില്ലെന്നാണ്. അടിവസ്ത്രങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപ്പന ഇടിഞ്ഞപ്പോൾ ആഡംബരക്കാറുകളുടെയും വാച്ചുകളുടെയും വിൽപ്പനയിൽ വർധനയുണ്ടായി. സമൂഹത്തിൽ ചില വിഭാഗങ്ങൾമാത്രം മുന്നേറുന്ന ഈ പ്രക്രിയയെ 'K shaped growth' എന്നാണ് ബസു വിളിക്കുന്നത്. കെ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രണ്ട് കൈകളിൽ ഒന്നിലേക്കും മറ്റൊന്ന് താഴേക്കുമാണ്. ഒരു വിഭാഗം മുകളിലേക്ക് വളരുമ്പോൾ മറ്റൊരു വിഭാഗം താഴേക്ക് വീഴുന്നു.
ഒക്‌സ്ഫാം ഇന്ത്യയുടെ റിപ്പോർട്ടുപ്രകാരം അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യക്കാരുടെ കൈകളിൽ രാജ്യത്തെ സമ്പത്തിന്റെ മൂന്നുശതമാനം മാത്രമേയുള്ളൂ. അതേസമയം, വരുമാനത്തിൽ മുന്നിൽനിൽക്കുന്ന പത്തുശതമാനത്തിന്റെ കൈയിൽ 72 ശതമാനം സ്വത്തുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 2014ൽ 70 ആയിരുന്നെങ്കിൽ 2025ൽ 284 ആയി. പത്തു കൊല്ലത്തിനുള്ളിൽ മൂന്നിരട്ടി വർധന! സാധാരണക്കാർക്കും പാവപ്പെട്ടവരുടേയും മുതുകിൽ അടിച്ചേൽപ്പിക്കുന്ന നികുതിഭാരം എത്രമടങ്ങ് വർധിച്ചുവെന്ന് നോക്കിയാൽ മാത്രം മതി.
മോദിയുടെ കുസൃതികൾ
പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കപ്പെടുന്നതും വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവത്കരണവും പ്രതിസന്ധിയുടെ ആഴം കുത്തനെ കൂട്ടി. സാമൂഹികനീതി ഉറപ്പാക്കുന്ന സംവരണം പോലുള്ള സംവിധാനങ്ങൾ ഇതിലൂടെ അട്ടിമറിക്കപ്പെട്ടു. സ്വകാര്യ സർവകലാശാലകൾക്കായി പുതിയ നയരൂപവത്കരണത്തിനൊരുങ്ങുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരും ഇതേ വഴിയിലൂടെയാണ് നീങ്ങുന്നത്. ഗവർണറും ഗവൺമെന്റും തമ്മിൽ ചക്കളത്തിപ്പോരാട്ടം തുടങ്ങിയിട്ടിപ്പോൾ എത്രനാളുകൾ പിന്നിട്ടു.
ഉന്നത വിദ്യാഭ്യാസമേഖല പണമുള്ളവർക്കുമാത്രമായി ചുരുക്കപ്പെടുമ്പോൾ അത് ആത്യന്തികമായി അസമത്വം വർധിക്കുന്നതിനുള്ള അടിത്തറയാണ് സൃഷ്ടിക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ ഉണ്ടാകുന്നതെന്ന വസ്തുത ഈ അസമത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
സബ്കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യ മുയർത്തുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക വീക്ഷണം നിലംപരിശാകുന്ന കാഴ്ചയാണിത്.
ഇന്ത്യയിലെ ഏറ്റവും ധനികരായ പത്ത് ശതകോടീശ്വരന്മാരുടെ സ്വത്തിനുമേൽ ഒറ്റത്തവണ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തിയാൽ 1.37 ലക്ഷം കോടി രൂപ കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഒരു കൊല്ലത്തേക്കാവശ്യമായ തുകയുടെ ഒന്നരയിരട്ടി വരുമിത്.
ഇന്ത്യയിലെ 284 ശതകോടീശ്വരർക്ക് രണ്ടുശതമാനം നികുതി ഏർപ്പെടുത്തിയാൽ പോഷകാഹാരക്കുറവ് നേരിടുന്നവർക്ക് മൂന്നുകൊല്ലത്തേക്ക് മികച്ച ഭക്ഷണം നൽകാനാവും. വയറുകാലിയായവരെ തത്ത്വ ശാസ്ത്രം പഠിപ്പിക്കാനാവില്ലെന്നാണ് വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞത്. ഗഡ്കരിയെപ്പോലെ പരിണതപ്രജ്ഞനായ വ്യക്തിയുടെ ഈ സത്യപ്രസ്താവന കത്തിപ്പടരുന്ന കാലം വിദുരമല്ല.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്