ഡൽഹി : “ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരളം പോലീസ് എഫ്ഐആർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇത് കേരളമാണ്; ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ . നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്.
തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നോർക്കണം. തീവ്രവാദത്തിൻ്റെ ഇരകളായ ആ 26 ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ ഈ എഫ്ഐആർ.
സൈനിക വേഷത്തിൽ അതിർത്തി കാക്കുകയും മൂവർണ്ണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ടെന്നത് അധികാരികൾ ഓർമ്മിക്കണം. അതിനാൽത്തന്നെ മാതൃരാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ്ഐആറിനെയും നാണംകെട്ട പ്രീണന രാഷ്ട്രീയത്തെയും എതിർക്കുമെന്നതിൽ സംശയം വേണ്ട.
"ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനോടും എനിക്ക് പറയാനുള്ളത് രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആർ ഉടൻ തന്നെ പിൻവലിക്കണമെന്ന് തന്നെയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്