കീവ്: റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടയിലും, സ്വന്തമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും സൈനിക സേവനങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉക്രൈൻ.
ഈ വർഷം ശതകോടിക്കണക്കിന് ഡോളറിന്റെ ആയുധ വ്യാപാരം ലക്ഷ്യമിടുന്നതായി ഉക്രേനിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഉക്രൈൻ തങ്ങളുടെ ആയുധ കയറ്റുമതിക്ക് അനുമതി നൽകുന്നത്.
പ്രതിരോധ മേഖലയിലെ ഉൽപ്പാദകർ സമർപ്പിച്ച 40 അപേക്ഷകളിൽ ഭൂരിഭാഗത്തിനും കയറ്റുമതി ലൈസൻസ് നൽകാൻ ഉക്രൈൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ തീരുമാനിച്ചു. ഡ്രോണുകൾ, മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക യുദ്ധ സാങ്കേതികവിദ്യകളിൽ ഉക്രൈൻ കൈവരിച്ച മുന്നേറ്റം ആഗോള വിപണിയിൽ വലിയ താല്പര്യം സൃഷ്ടിച്ചിട്ടുണ്ട്. കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
2022-ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ ഉക്രൈൻ തങ്ങളുടെ ആയുധ കയറ്റുമതി പൂർണ്ണമായും നിർത്തിവെച്ചിരുന്നു. പിന്നീട് പ്രതിരോധത്തിനായി പാശ്ചാത്യ രാജ്യങ്ങളെയാണ് ഉക്രൈൻ ആശ്രയിച്ചിരുന്നത്. എന്നാൽ, യുദ്ധക്കളത്തിലെ അനുഭവങ്ങൾ പാഠമാക്കി ഡ്രോണുകളുടെയും മിസൈലുകളുടെയും നിർമ്മാണത്തിൽ വലിയ വിപ്ലവമാണ് ഉക്രൈൻ നടത്തിയത്. ഈ സാങ്കേതികവിദ്യ കൈക്കലാക്കാൻ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കയറ്റുമതി ആരംഭിക്കുമ്പോഴും രാജ്യത്തിന്റെ ആഭ്യന്തര സൈനിക ആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് ഉക്രൈൻ വ്യക്തമാക്കിയിട്ടുണ്ട്. ഉക്രൈനെ പിന്തുണയ്ക്കുന്ന സൗഹൃദ രാജ്യങ്ങൾക്കായിരിക്കും ആയുധ കൈമാറ്റത്തിൽ മുൻഗണന നൽകുക. ആയുധങ്ങൾ നേരിട്ട് വിൽക്കുന്നതിലുപരി, വിദേശ രാജ്യങ്ങളുമായി ചേർന്ന് സംയുക്ത നിർമ്മാണ പദ്ധതികൾക്കും സാങ്കേതിക വിദ്യ കൈമാറ്റത്തിനുമാണ് ഉക്രൈൻ കൂടുതൽ ഊന്നൽ നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
