പത്തനംതിട്ട: ശബരിമല യുവതീപ്രവേശന പ്രക്ഷോഭ കാലത്ത്, യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠരര് രാജീവര്ക്ക് നിയമോപദേശം നൽകിയത് താനാണെന്ന വെളിപ്പെടുത്തലുമായി മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ ശബരിമല സമരവും സുവർണ്ണ അവസരവിധിയും എന്ന കൃതിയിലാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.
ശബരിമലയിൽ ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും തന്ത്രിയോട് താൻ നിർദ്ദേശിച്ചതായി ശ്രീധരൻ പിള്ള പറഞ്ഞു. സ്ത്രീകൾ പ്രവേശിക്കുന്ന ഘട്ടത്തിൽ നട അടയ്ക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻപിള്ള നേരിട്ട് ഉപദേശം നൽകുകയായിരുന്നു. ഫോണിലൂടെയാണ് തന്ത്രിയുമായി ആശയവിനിമയം നടത്തിയത്. ഇതിനു പിന്നാലെയാണ് യുവതികൾ കടന്നാൽ നട അടയ്ക്കുമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും പരസ്യമായി പ്രഖ്യാപിച്ചത്.
തന്റെ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിന് മുന്നോടിയായി പത്തനംതിട്ട താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവര്ക്ക് പുസ്തകങ്ങൾ കൈമാറി. ശബരിമല യുവതീപ്രവേശന വിഷയം ബിജെപിക്ക് കേരളത്തിൽ ഒരു സുവർണ്ണ അവസരമായിരുന്നു എന്ന തന്റെ പഴയ പരാമർശത്തെക്കുറിച്ചുള്ള വിശദീകരണവും ഈ പുസ്തകത്തിലുണ്ട്.
തന്ത്രിയെ ജയിലിലടയ്ക്കാൻ അന്നത്തെ സർക്കാർ ഗൂഢാലോചന നടത്തിയതായും ശ്രീധരൻ പിള്ള ആരോപിച്ചു. 41 ദിവസം തന്ത്രിയെ തടവിലിടാൻ തീരുമാനിച്ചത് പൊടുന്നനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് തന്ത്രിയുടെ അറസ്റ്റ് സാധ്യത ഉണ്ടായപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് താനും ബിജെപിയും സ്വീകരിച്ചതെന്നും, തെളിവില്ലെന്ന് കണ്ട് കോടതി പിന്നീട് ഈ കേസുകൾ റദ്ദാക്കിയത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
